Press "Enter" to skip to content

ലോകമാധ്യമങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തിളങ്ങുന്നു

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച താരവും ബള്‍ഗേറിയന്‍ നായകനുമായിരുന്നു ഡിമിച്ചാര്‍ ബെര്‍ബച്ചോവിന്റെ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കുളള വരവ് ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്ത. ഇന്ത്യയില്‍ വന്‍ പ്രചാരം നേടുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിനേയും മലയാളികളും പ്രിയപ്പെട്ട ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനേയും എല്ലാം വിശദമായി പരിചയപ്പെടുത്തിയാണ് ബെര്‍ബച്ചോവിന്റെ കൂറുമാറ്റ വാര്‍ത്ത ലോക മാധ്യമങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിബിസി, സ്‌കൈ സ്‌പോട്‌സ്, ഇഎസ്പിന്‍, ഡൈലി മെയ്ല്‍, ദി സണ്‍, സിഎന്‍എന്‍ തുടങ്ങി ലോകത്തിലെ സുപ്രധാന മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തട്ടുണ്ട്. ഐറിഷ് താരം റോബി കീനും മുന്‍ മാഞ്ചസ്റ്റര്‍ താരം വെസ് ബ്രൗണും എല്ലാം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തിയ വിവരം ഈ വാര്‍ത്തയോടൊപ്പം മാധ്യമങ്ങള്‍ പങ്കുവെക്കുന്നു.

ഡിമിച്ചാര്‍ ബെര്‍ബച്ചോവിനായി ബ്ലാസ്റ്റേഴ്‌സ് മുടക്കുന്നത് 7.5 കോടി ഇന്ത്യന്‍ രൂപയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മുടക്കിയ തുക ബ്ലാസ്‌റ്റേഴ്‌സിന് ഒട്ടും നഷ്ടമാകില്ലെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ഈ നീക്കത്തിന് ലഭിച്ച വാര്‍ത്ത പ്രാധാന്യം. കൂടാതെ യൂറോപ്പിലും ലാറ്റിമേരിക്കയിലും എല്ലാം ഫുട്‌ബോളിനെ ശ്രദ്ധിക്കുന്നവര്‍ക്കിടയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരിചയപ്പെടുത്താനും ഈ നീക്കം കൊണ്ട് ആയിട്ടുണ്ട്.

അടുത്ത സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന് ഇതുകൊണ്ട് കൂടുതല്‍ മെച്ചങ്ങള്‍ കൊയ്‌തെടുക്കാനും സാധിച്ചേക്കും. ബ്ലാസ്റ്റേഴ്‌സ് കോച്ചായി ചുമതലയേറ്റ മുന്‍ മാഞ്ചസ്റ്റര്‍ അസിസ്റ്റന്‍ഡ് കോച്ച് റെനി മ്യൂളസ്റ്റീന്റെ ചരടുവലികളാണ് മാഞ്ചസ്റ്റര്‍ താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് അടുപ്പിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരവും ബള്‍ഗേറിയയുടെ എക്കാലത്തേയും മികച്ച ടോപ് സ്‌കോററുമായിരുന്നു ഡിമിച്ചാര്‍. ബയെര്‍ ലെവര്‍ക്യൂസന്‍, ടോട്ടനം ഹോട്സ്പര്‍, മൊണാക്കോ തുടങ്ങിയ ക്ലബുകള്‍ക്കായും ഡിമിച്ചാര്‍ കളച്ചിട്ടുണ്ട്. മറ്റൊരു മാഞ്ചസ്റ്റര്‍ താരം വെസ് ബ്രൗണിന് പിന്നാലെയാണ് ഡിമിച്ചാര്‍ ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്നത്.

Copyright © Apps4net - All Rights Reserved
error: Content is protected !!