fbpx Press "Enter" to skip to content

എച്ച്‌ഐവിയെ തോല്‍പിച്ച് ചാമ്പ്യനായ ബോഡി ബില്‍ഡര്‍

മരണവിളിയില്‍ നിന്നും ജീവിതം തിരിച്ചുപിടിച്ച കഥയാണ് ബോഡി ബില്‍ഡറായ കെ പ്രദിപ്കുമാര്‍ സിങിന്റേത്. എച്ച്‌ഐവി ബാധിതനാണെന്ന് തിരിച്ചറിഞ്ഞ ശേഷം അന്താരാഷ്ട്ര ബോഡി ബില്‍ഡിംങ് ചാമ്പ്യനായയാളാണ് മണിപ്പൂരില്‍ നിന്നുള്ള കെ പി സിങ്. മണിപ്പൂരില്‍ നിന്നുള്ള 45കാരനായ സിങിന്റെ ജീവിതം വിവരിക്കുന്ന പുസ്തകം ‘ഞാന്‍ എച്ച്‌ഐവി ബാധിതനാണ്, അതിനെന്താണ്?’ ഇപ്പോള്‍ വിപണിയിലേക്കെത്തുകയാണ്.

2007 ഡിസംബര്‍ 15 വരെ കെപി സിങ് ആരുമല്ലായിരുന്നു. തൊട്ടടുത്ത ദിവസം മിസ്റ്റര്‍ മണിപ്പൂരായി മാറിയതോടെ അദ്ദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നു. വൈകാതെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയാണ് കെപി സിങ് ശ്രദ്ധേയനായത്. താന്‍ എച്ച്‌ഐവി ബാധിതനാണെന്ന് തുറന്നുപറയുകയാണ് സിങ് ചെയ്തത്. അത് ഒരു രോഗത്തോടുള്ള സമൂഹത്തിന്റെ മുന്‍ധാരണകളോടുള്ള യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു.

‘വിശ്വസ്ഥനായിരിക്കുക, യാഥാര്‍ഥ്യങ്ങളെ നേരിടുക. ഇതാണ് എന്റെ ജീവിതവീക്ഷണം. ഇതില്‍ പകുതി യുദ്ധം ജയിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് എച്ചഐഎവി ബാധിതനാണെന്ന സത്യം ഞാന്‍ തന്നെ ലോകത്തോട് വിളിച്ചുപറഞ്ഞത്’ സിങ് പറയുന്നു. വിദ്യാര്‍ഥിയായിരിക്കെ 1990കളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലം സിങിനുണ്ടായിരുന്നു. ഇതിനിടെ എപ്പോഴോ ആണ് എച്ച്‌ഐവി പിടിപെട്ടതെന്നാണ് കരുതപ്പെടുന്നത്.

എച്ച്‌ഐവി ബാധിതനാണെന്ന് തിരിച്ചറിഞ്ഞ മാര്‍ച്ച് 2000 മുതല്‍ 2002 വരെയുള്ളതാണ് തന്റെ ജീവിതത്തിലെ ഇരുണ്ടകാലമെന്ന് സിങ് തുറന്നുസമ്മതിക്കുന്നു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയില്‍ നിന്നും പോരാടിക്കൊണ്ട് ജീവിതം തിരിച്ചുപിടിക്കാന്‍ ഒടുവില്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 2003 അവസാനമാകുമ്പോഴേക്കും വ്യായാമം തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. കഠിനമായ വ്യായാമം പാടില്ലെന്ന ഡോക്ടറുടെ നിര്‍ദ്ദേശം സിങ് ചെവികൊണ്ടില്ല. തന്റെ ലക്ഷ്യത്തിലേക്കുള്ള കഠിന പരിശ്രമം അദ്ദേഹം തുടങ്ങി.

2006 നവംബര്‍ 26നാണ് ആദ്യമായി മിസ്റ്റര്‍ മണിപ്പൂര്‍ മത്സരത്തില്‍ സിങ് പങ്കെടുക്കുന്നത്. കന്നി മത്സരത്തില്‍ വെള്ളിയുമായി മടങ്ങിയ സിങ് തൊട്ടടുത്ത വര്‍ഷം മിസ്റ്റര്‍ മണിപ്പൂരായി. 60 കിലോഗ്രാം വിഭാഗത്തിലായിരുന്നു സിങിന്റെ നേട്ടം. ഇതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2010ല്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ വെള്ളി, രണ്ട് വര്‍ഷത്തിന് ശേഷം മിസ്റ്റര്‍ സൗത്ത് ഏഷ്യ, 2012ലെ മിസ്റ്റര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം എന്നിങ്ങനെ പോകുന്നു കെപി സിങിന്റെ നേട്ടങ്ങള്‍.

45കാരനായ സിങ് ഇപ്പോള്‍ മണിപ്പൂര്‍ സര്‍ക്കാരിന് കീഴിലെ കായിക മന്ത്രാലയത്തിന് കീഴിലെ ഫിസിക്കല്‍ ഇന്‍സ്ട്രക്ടറാണ്. മണിപ്പൂര്‍ സര്‍ക്കാരിന്റെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ എച്ചഐവി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അംബാസിഡറായും അദ്ദേഹം സേവനം അനുഷ്ടിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം മണിപ്പൂരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മയക്കുമരുന്നിനെതിരായ പോരാട്ടത്തിലും സിങ് മുന്നിലുണ്ട്. ജയന്ത കളിത എഴുതിയ പ്രദിപ്കുമാര്‍ സിങിന്റെ ജീവചരിത്രം ബ്ലൂംസ്‌ബെറി ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!