കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്കും തിരിച്ചുമുള്ള മലയാളികളുടെ വാഹനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ബംഗളുരു-കോഴിക്കോട് പാതകളിലെ വനമേഖലകളും വിജനമായ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് കവര്‍ച്ചാസംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നത്.

ചെറുകാറുകള്‍ക്കുപുറമേ ലോറികളും ബസുമൊക്കെ കവര്‍ച്ചക്കാരുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്ന് കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ ബംഗലുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മെത്തയുമായി പുറപ്പെട്ട ലോറി തട്ടിയെടുക്കാനാണ് കവര്‍ച്ചാസംഘം അവസാനമായി ശ്രമിച്ചത്.

വിജനമായ പ്രദേശത്തുവച്ച് ലോറിയില്‍ കയറിയ അക്രമികള്‍ ഡ്രൈവര്‍ രാജനെ ക്രൂരമായി മര്‍ദിച്ച് ലോറി തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് വാഹനം ഇതുവഴി വന്നതിനാല്‍ മാത്രമാണ് രാജന് ലോറി തിരിച്ചുകിട്ടിയത്. പ്രതികളിലൊരാളെ പൊലീസ് പിടികൂടിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞദിവസം പുലര്‍ച്ചെ ബംഗലുരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് മെത്തയുമായി പുറപ്പെട്ട ലോറി തട്ടിയെടുക്കാന്‍ ശ്രമം നടന്നതാണ് ഒടുവിലത്തെ സംഭവം. പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘത്തിനുമുന്നില്‍ വാഹനം എത്തിയതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.

ഡ്രൈവര്‍ രാജന് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ട്. ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജന്‍ പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായതോടെ ഇതിനു മുമ്പും അക്രമം നേരിട്ടവര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ഇതോടെ മലയാളികള്‍ക്കുനേരെയുണ്ടാകുന്ന കവര്‍ച്ചാശ്രമങ്ങളുടെ വ്യാപ്തി വെളിവായി.

ചെറുവാഹനങ്ങളിലെ യാത്രക്കാരുടെ പണവും ആഭരണങ്ങളുമാണ് അക്രമികള്‍ ലക്ഷ്യംവയ്ക്കുന്നതെങ്കില്‍ ലോറികളിലെ ചരക്കുകളാണ് ലക്ഷ്യം. മാരകായുധങ്ങളടക്കം സര്‍വസന്നാഹങ്ങളുമായാണ് ഇവര്‍ കവര്‍ച്ചയ്‌ക്കെത്തുന്നതെന്നും വിവരമുണ്ട്. അടുത്തിടെ ബംഗലുരുവിലേക്ക് പുറപ്പെട്ട കേരള ആര്‍ടിസി ബസിലും കവര്‍ച്ച നടന്നിരുന്നു.

കേരളത്തില്‍നിന്ന് മൈസുരു വഴി ബംഗലുരുവിലേക്കും തിരിച്ചുമുള്ള രാത്രിയാത്രകളില്‍ മലയാളി യാത്രക്കാര്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെ മലയാളികള്‍ ഭയപ്പാടിലാണ്. ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനത്തെ തുടര്‍ന്ന് കുട്ട-ഗോണിക്കുപ്പ-മാനന്തവാടി ബദല്‍ പാതയെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. വനത്തിനുള്ളിലൂടെയുള്ള ഒറ്റപ്പെട്ട പാതയാണിത്.

ഇവിടങ്ങളിലാണ് യാത്രക്കാര്‍ കവര്‍ച്ചയ്ക്കിരകളാകുന്നത്. പൊലീസ് കേസെടുക്കുമെങ്കിലും അന്വേഷണം വേണ്ടവിധം നടക്കാത്തത് അക്രമികള്‍ക്ക് വളമാകുന്നു. പൊലീസും കവര്‍ച്ചക്കാരും തമ്മില്‍ ഗൂഢാലോചനയുള്ളതായും ആരോപണമുയരുന്നുണ്ട്.

error: Content is protected !!