fbpx Press "Enter" to skip to content

‘ഈ പോക്ക് ഇന്ത്യ ഇതുവരെ ഉണ്ടാക്കിയെടുത്തതെല്ലാം തകര്‍ക്കും’ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം പൂര്‍ണരൂപം

നന്ദി. ഈ സായാഹ്നത്തിലേക്ക് നിങ്ങളെ ഏവരേയും ഞാന്‍ സ്വാഗതം ചെയ്യുന്നു.
ഇന്ന് സെപ്റ്റംബര്‍ 11. ഇതേദിനം മരിച്ച, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ആദരം പ്രകടിപ്പിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കട്ടെ.

ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ നമുക്ക് പലയിടങ്ങളില്‍ പോകേണ്ടിയും പലതരം ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കേണ്ടിയും വരും. ഒരു ചെറിയ കഥ പറഞ്ഞുകൊണ്ട് ഞാന്‍ തുടങ്ങാം.

കുറച്ചുവര്‍ഷം മുമ്പ്, ഒരു വലിയ സുനാമി വന്നത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാവും. അത് ഇന്ത്യയിലും എത്തിയിരുന്നു. ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളെയാണത് ഏറെ ബാധിച്ചത്.

അന്ന് ഞങ്ങള്‍ ചെയ്ത കാര്യങ്ങളിലൊന്ന് ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലെ ആളുകള്‍ക്ക് സഹായം എത്തിക്കുകയെന്നതായിരുന്നു. ഞാനന്ന് അവിടെ മരിച്ചവരുടെ ലിസ്റ്റ് പരിശോധിച്ചിരുന്നു. ആന്റമാന്‍ നിക്കോബാറില്‍ ഒരുപാട് സമുദായങ്ങള്‍ ജീവിക്കുന്നുണ്ട്.

മരിച്ചവരുടെ ലിസ്റ്റില്‍ ഒരു ആദിവാസി പോലും ഇല്ല എന്ന കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടു. അവിടെയുള്ള ചില ആളുകളോട് ഞാന്‍ ഇക്കാര്യം അന്വേഷിച്ചു. ഞാന്‍ ചോദിച്ചു, ‘ഇതെങ്ങനെ സംഭവിച്ചു? അവിടെ ഒരുപാട് പേര്‍ മരിച്ചിട്ടുണ്ട്. ആന്റമാന്‍ നിക്കോബാറില്‍ ഒരുപാട് ആദിവാസികളുണ്ട്. എന്നിട്ടും സുനാമി കാരണം ഒരാള്‍ പോലും മരച്ചതായി കാണുന്നില്ല. എന്താണ് സംഭവിച്ചത്?’

അവിടെയുള്ള ഒരാള്‍ എന്നോടു പറഞ്ഞു, ‘മിസ്റ്റര്‍ ഗാന്ധീ നിങ്ങള്‍ക്ക് അറിയില്ലേ, സുനാമി വരുമ്പോള്‍ കടല്‍ പിന്‍വലിയും. കടല്‍ പിന്‍വലിയുമ്പോള്‍ കുറേയേറെ മത്സ്യങ്ങള്‍ കരയ്ക്കടിയും.’ പിന്നീട് അദ്ദേഹം പറഞ്ഞു, ‘സുനാമി എപ്പോള്‍ വരും, പോകും എന്ന് ആദിവാസികള്‍ക്ക് നന്നായി അറിയാമെന്ന്.

പക്ഷേ ഇതര വിഭാഗങ്ങള്‍ക്ക് ഇതറയില്ല. സുനാമിവരുമ്പോള്‍ കടല്‍ പിന്‍വലിയുമ്പോള്‍ ആദിവാസികളല്ലാത്തവരെല്ലാം മത്സ്യം പിടിക്കാനായി ഓടും, ആദിവാസികളെല്ലാം മലമുകളിലേക്കും. ചില ആദിവാസികള്‍ ഇതര വിഭാഗക്കാരോട് കടല്‍തീരത്തേക്ക് പോകേണ്ട, അത് അപകടമാണ്, ജീവന്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പും നല്‍കി. പക്ഷേ അവര്‍ കേട്ടില്ല. അവര്‍ കടലിലേക്ക് ഓടി. അതുകൊണ്ടാണ് ആദിവാസികള്‍ മരിക്കാതിരുന്നത്.’

ഒരു പുരോഗമനവാദിയെന്ന നിലയില്‍ ഇന്ന് ഇതേരീതിയില്‍ തന്നെയാണ് ഞാനും ചിന്തിക്കുന്നത്. വ്യവസ്ഥിതിയില്‍ എന്തോ ചില പ്രശ്‌നങ്ങളുണ്ടായി എന്ന് എല്ലാവര്‍ക്കും അറിയാം.

വലതുപക്ഷ രാഷ്ട്രീയക്കാര്‍ അങ്ങോട്ട് പോയി ആ മീനിനെ പിടിക്കൂവെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എളുപ്പം ലഭിക്കുന്ന ഉത്തരങ്ങള്‍ തേടിപ്പോകുന്നവരാണ് കൂടുതലും. അവര്‍ ലളിതമായ ഉത്തരങ്ങള്‍ തേടുന്നു, അത്തരം മറുപടികളില്‍ നിന്നും നമുക്ക് യാതൊരു ഫലവും ലഭിക്കാന്‍ പോകുന്നില്ല.

ഞാനിവിടെ വരാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. ഇത് ബൃഹത്തായ ഒരു സ്ഥാപനമാണ്. ഈ സ്ഥാപനം പുരോഗമന പ്രത്യയശാസ്ത്രങ്ങളിലാണ് വിശ്വസിക്കുന്നത്. ചര്‍ച്ചകളിലും സംവാദങ്ങളിലും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്.

നിങ്ങള്‍ക്ക് മഹത്തായ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ ഞാന്‍ ആദരിക്കുന്നു. മിസ്റ്റര്‍ ചിബ്ബര്‍ പറഞ്ഞതുപോലെ എന്റെ പൂര്‍വ്വികന്മാര്‍ ഇവിടെ വരികയും പ്രസംഗിക്കുകയും ചെയ്തവരാണ്. അതുകൊണ്ട് എന്നെ ഇവിടേക്ക് ക്ഷണിച്ചതിന് ഞാന്‍ നന്ദി അറിയിക്കുന്നു.

ഞാന്‍ 20 മിനിറ്റോളം സംസാരിക്കാം. പിന്നീട് നമുക്കൊരു ചര്‍ച്ചയാവാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള എല്ലാ ചോദ്യങ്ങളും എന്നോട് ചോദിക്കാം.

ഇന്ത്യ വലിയൊരു രാജ്യമാണ്. ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ രാജ്യങ്ങളിലൊന്നു കൂടിയാണിത്. ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ക്ക് എല്ലാമറിയാമെന്ന് നിങ്ങള്‍ക്ക് തോന്നുമ്പോഴെല്ലാം ഒരു പുതിയ രഹസ്യം അവള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. ഇന്ത്യയെ മനസിലായി എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അയാളൊരു വിഡ്ഢിയാണെന്ന് ഞാന്‍ പറയും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ മിക്ക പടിഞ്ഞാറന്‍ അക്കാദമിക്‌സും ഇന്റലിജന്‍സ് ഏജന്‍സികളും പറഞ്ഞത് ഇന്ത്യ തകരാന്‍ പോകുകയാണെന്നാണ്. ലോകത്തിലെ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന 29 സംസ്ഥാനങ്ങളാണ് ഞങ്ങളുടേത്. ഞങ്ങള്‍ക്ക് 17 ഔദ്യോഗിക ഭാഷകളും നൂറുകണക്കിന് ഭാഷാന്തരങ്ങളുമുണ്ട്.

ഇന്ത്യ അതിജീവിക്കുമെന്ന് ഈ ബുദ്ധിജീവികളില്‍ ഭൂരിപക്ഷവും കരുതിയിരുന്നില്ല. ഇന്ത്യയ്ക്കുള്ളിലെ നാനാത്വും വൈജാത്യങ്ങളും അതിനെ ഛിന്നഭിന്നമാക്കുമെന്നായിരുന്നു അവരുടെ പ്രചരണം. ഇന്ത്യ ഇടത്തേയ്‌ക്കോ വലത്തേയ്‌ക്കോയെന്ന് ചോദിച്ചപ്പോള്‍ ഇന്ദിരാഗാന്ധി പറഞ്ഞതുപോലെ ഒരുവിധത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ നേരെ നിവര്‍ന്നുനില്‍ക്കുകയാണ്.

അഹിംസ എന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ വിളിക്കുന്ന നോണ്‍ വയലന്‍സ് എന്ന ആശയമാണ് ഇത്രയുമേറെ ജനങ്ങളെ ഒരുമിച്ചുനിര്‍ത്താന്‍ ഇന്ത്യയെ പ്രാപ്തരാക്കുന്നത്. ഇന്ത്യയിലെ വിവിധ മേഖലകളെയും, ജാതി, ഭാഷകളെയും ഐക്യപ്പെടുത്തുന്നത്. അഹിംസയില്ലാതെ അത് അസാധ്യം. മഹാത്മാഗാന്ധി ശീലമാക്കിയ ശക്തവും മനോഹരവുമായ രാഷ്ട്രീയ ആയുധമാണ് ഈ ആശയം.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പൊതുവെയുള്ള ധാരണയാണ് ആളുകള്‍ക്ക് ഐഡിയ ഉണ്ടെന്നത്. നിങ്ങളെല്ലാം പറയും, ഞാനൊരു ഐഡിയ പറയട്ടെയെന്ന്. പക്ഷെ ലോകത്തെ മറ്റൊരുതരത്തില്‍ നോക്കി കാണാന്‍ കഴിയും. ആളുകളുടേതാണ് ഐഡിയ എന്ന ധാരണയ്ക്കു പകരം ഐഡിയ ആളുകളെ സ്വീകരിക്കുകയാണെന്ന് പറയാം. അപ്പോള്‍ എനിക്കൊരു ഐഡിയ എന്നതിനു പകരം ആ ഐഡിയയില്‍ ഞാനുണ്ട് എന്ന് തിരുത്താം. ഗാന്ധിജി പഠിപ്പിച്ച അഹിംസയുടെ അടിസ്ഥാനം ഈ ധാരണയാണ്.

ആശയങ്ങളാണ് ജനങ്ങളെ പിടിച്ചടക്കുന്നതെന്ന ചിന്ത നിങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ തെറ്റായ ഐഡിയ ബാധിക്കാത്ത വ്യക്തിയുടെ പ്രതികരണമാണ് സ്‌നേഹം, അല്ലെങ്കില്‍ സഹാനുഭൂതി. ഒരാള്‍ക്കുമേല്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏകകാര്യം അയാളില്‍ നിന്നും ചീത്ത ആശയം മാറ്റി നല്ലതു സ്ഥാപിക്കുകയെന്നതുമാത്രമാണ്.

തെറ്റായ ആശയങ്ങള്‍ സ്വീകരിച്ചിട്ടില്ലാത്ത ഒരു വ്യക്തിക്കെതിരെ ഹിംസ പ്രയോഗിക്കുന്നത് അയാളുടെ ആശയം കൂടുതല്‍ വ്യാപകമാക്കുകയും അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയാക്കുകയുമാണ് ചെയ്യുക. പ്രവൃത്തിയില്‍ ഈ അഹിംസയെന്ന ഫിലോസഫി ഇന്ത്യയ്ക്കുമപ്പുറം ഒരുപാട് അകലെയെത്തിയിട്ടുണ്ട്.

അഹിംസ പ്രവൃത്തിയിലോ ചര്‍ച്ചയിലോ അല്ലെയെന്നാണ് സെസര്‍ ഷാവേസ് പറഞ്ഞത്. അത് ഭീരുക്കളും ബലഹീനര്‍ക്കും വേണ്ടിയുള്ളതല്ല. അഹിംസയൊരു കഠിനാധ്വാനമാണ്. ഈ മനോഹരമായ അധ്വാനമാണ് ഇന്ന് ഇന്ത്യയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ ഈ ആശയം കൊണ്ടുമാത്രമേ 21 നൂറ്റാണ്ടുകളുടെ ഐക്യം നമുക്ക് നിലനിര്‍ത്താനും കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയൂ.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ സഞ്ചരിച്ച വഴി ഏറെ ബുദ്ധിമുട്ടുള്ളതും ഒട്ടേറെ തടസങ്ങളുള്ളതുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും രക്തച്ചൊരിച്ചിലുണ്ടാക്കിയ കുടിയേറ്റം ഞങ്ങളുടെ വിഭജനമായിരുന്നു. സ്വതന്ത്രയായ സമയത്ത് ഞങ്ങളുടെ 400 മില്യണ്‍ ജനതയില്‍ ഭൂരിപക്ഷവും പട്ടിണിയിലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സാക്ഷരത വര്‍ധിച്ചു, ആരോഗ്യ മേഖലയില്‍ വികസനം, ജീവിതദൈര്‍ഘ്യം കൂടി എല്ലാം ഒരു തലമുറയ്ക്കുള്ളില്‍ തന്നെ.

ഭക്ഷ്യോല്പാദന രംഗത്ത് സ്വയംപര്യാപ്തതനേടി, ക്ഷാമത്തെ തുടച്ചുമാറ്റി, ശാസ്ത്ര സാങ്കേതിക രംഗത്തും കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്തും മികച്ച മുന്നേറ്റം കാഴചവവെച്ചുകൊണ്ടിരിക്കുന്നു. രാജീവ് ഗാന്ധിയും ഇവിടെ ഇരിക്കുന്ന എന്റെ സുഹൃത്ത് സാം പിത്രോഡയും ഇന്ത്യയിലേക്ക് കമ്പ്യൂട്ടറുകള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരെ പലരും കളിയാക്കിയിരുന്നു.

വാസ്തവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ബി.ജെ.പി നേതാവ് വരെ ഒരു ചോദ്യം ചോദിച്ചിരുന്നു: ‘ഇന്ത്യയ്‌ക്കെന്തിനാണ് കമ്പ്യൂട്ടറുകള്‍?’ എന്ന്. നമുക്കെന്തിനാണ് കമ്പ്യൂട്ടറുകള്‍, ഓര്‍ത്തുനോക്കൂ.


സാം പിത്രോഡ

ഇന്ത്യ ഐ.ഐ.ടി നിര്‍മ്മിച്ചപ്പോള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പലരും അതിനെ വിമര്‍ശിച്ചു. ഒരു ദരിദ്രരാജ്യം എന്തിനാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി പണം കളയുന്നതെന്നായിരുന്നു അവരുടെ വിമര്‍ശനം. അവര്‍ സംശയത്തോടെ ഞങ്ങളോടു ചോദിച്ചു, എന്തിനാണ് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇതുപോലുള്ള സ്ഥാപനങ്ങളെന്ന്.

ഇന്ന് ഇന്ത്യയിലെ ഈ ഐ.ഐ.ടികളും മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സിലിക്കണ്‍ വാലിയില്‍ ആഗോള സാങ്കേതികവിദ്യയുടെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

നമുക്ക് ഇന്നത്തെ കാര്യം നോക്കാം. നമ്മള്‍ ഇപ്പോള്‍ അഭിമാനിക്കുന്നു. നമ്മള്‍ ഒരുപാട് നേടി. നൂറുകണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി. ഇന്ത്യയെക്കുറിച്ച് എല്ലാവരും പറയും ഇതുപോലൊരു ജനാധിപത്യ രാഷ്ട്രം മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന്. ഞാനും അത് ആവര്‍ത്തിക്കുന്നു, ദാരിദ്ര്യത്തില്‍ നിന്നും ഇന്ത്യ കരകയറ്റിയ അത്രത്തോളം ജനങ്ങളെ പിടിച്ചുയര്‍ത്തിയ ഒരു ജനാധിപത്യരാഷ്ട്രവുമില്ല. ഇനി ഉണ്ടാവാനും പോന്നില്ല.

ഞങ്ങള്‍ ഇത് ചെയ്തത് ഹിംസകൊണ്ടല്ല, ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടല്ല, സമാധാനപൂര്‍വ്വം ഒരുമിച്ച് നിന്നുകൊണ്ടാണ്.

ശരിയായ രീതിയില്‍ വിശ്വാസ്യതയോടെ മുന്നോട്ടുപോയാല്‍ ദാരിദ്ര്യത്തെ പൂര്‍ണമായി തുടച്ചുമാറ്റാനുള്ള അവസരം ചരിത്രത്തിലാദ്യമായി നമുക്ക് ലഭിച്ചിരിക്കുകയാണ്. 2030 ഓടെ മറ്റൊരു 350 മില്യണ്‍ ജനങ്ങളെക്കൂടി ദാരിദ്ര്യത്തില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞാല്‍ അത് മനുഷ്യകുലത്തിനു തന്നെ അഭിമാനിക്കാവുന്ന നേട്ടമാകും.

ഇത് ചെയ്യണമെങ്കില്‍ അടുത്ത 13 വര്‍ഷം നമുക്ക് 8%ത്തില്‍ കൂടുതല്‍ വളര്‍ച്ചാനിരക്ക് ഉണ്ടാവണം. ഇന്ത്യ മുമ്പ് ഇതു ചെയ്തിട്ടുണ്ട്, വീണ്ടും ചെയ്യാനുമാവും. പക്ഷെ അത് ചെയ്യണമെങ്കില്‍ 10-15 വര്‍ഷം ഇതേവളര്‍ച്ചയില്‍ ഇന്ത്യ തുടരേണ്ടതുണ്ട്.

1947 മുതല്‍ ഇന്ത്യ ചോരയും നീരും നല്‍കി നമ്മുടെ കരങ്ങളാല്‍ കെട്ടിപ്പടുത്തുയര്‍ത്തിയ ശക്തമായ എഞ്ചിനുകളാണ് തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യയ്ക്ക് എത്രവലിയ സാമ്പത്തിക വളര്‍ച്ചയും മതിയാവില്ല.

നിങ്ങള്‍ എത്ര വേഗം വളരുന്നു എന്നതല്ല പ്രശ്‌നം. നിങ്ങള്‍ തൊഴില്‍ അവസരങ്ങള് സൃഷ്ടിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല എന്നതാണ് അര്‍ത്ഥം.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രധാന വെല്ലുവിളി തൊഴിലവസരങ്ങളാണ്. 12 മില്യന്‍ യുവാക്കളാണ് ഓരോ വര്‍ഷവും ഇന്ത്യന്‍ തൊഴില്‍മാര്‍ക്കറ്റിലെത്തുന്നത്. ഇതില്‍ 90%ത്തിനും ഹൈസ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലുമുണ്ടാവും. ഇന്ത്യയൊരു ജനാധിപത്യ രാഷ്ട്രമാണ്.

ചൈനയില്‍ നിന്നും വിഭിന്നമായി ഇന്ത്യയ്ക്ക് ജനാധിപത്യ അന്തരീക്ഷത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ചൈനയുടെ മോഡല്‍ നമുക്ക് പിന്തുടരാനാവില്ല. ചെറുകിട, ഇടത്തര വ്യവസായസംരംഭങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വരുന്നത്. ഇന്ത്യയിലെ വലിയൊരുവിഭാഗം ചെറുകിട, ഇടത്തര ബിസിനസ് കമ്പനികളെ അന്താരാഷ്ട്ര കമ്പനികളാക്കി മാറ്റിത്തീര്‍ക്കേണ്ട ആവശ്യകത ഇന്ത്യയ്ക്കുണ്ട്.

നിലവില്‍ ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ 100 പ്രമുഖ കമ്പനികളിലാണ് ഊന്നിയിട്ടുള്ളത്. എല്ലാം അവര്‍ക്കനുകൂലമായാണ് നീങ്ങുന്നത്. ബാങ്കിങ് സമ്പ്രദായം അവരുടെ അധീനതയിലാണ്. സര്‍ക്കാറിന്റെ വാതിലുകള്‍ എല്ലായ്‌പ്പോഴും അവര്‍ക്കുമുമ്പില്‍ തുറന്നിട്ടിരിക്കുകയാണ്. അവരാണ് നിയമങ്ങള്‍ രൂപപ്പെടുത്തുന്നതുപോലും.

അതേസമയം, ചെറുകിട, ഇടത്തര ബിസിനസ് സംരംഭങ്ങള്‍ നിലനില്‍ക്കാന്‍ പാടുപെടുകയാണ്. അവര്‍ക്ക് ബാങ്ക് ലോണുകള്‍ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. അവര്‍ക്ക് സര്‍ക്കാറിന്റെ യാതൊരു പിന്തുണയും സംരക്ഷണവും ലഭിക്കുന്നില്ല.

ഈ ഇടത്തര, ചെറുകിട ബിസിനസുകളാണ് ഇന്ത്യയുടെ അടിത്തറയും ലോകത്തിന്റെ തന്നെ മാറ്റവും. ഇന്ത്യയുടെ അനിശ്ചിതത്വം വന്‍കിട ബിസിനസുകാര്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാം. അവരുടെ വലിയ വലിയ പോക്കറ്റുകളും ബന്ധങ്ങളും അവരെ സംരക്ഷിക്കുന്നു.

ഇന്ത്യയുടെ യഥാര്‍ത്ഥ മാറ്റത്തിന്റെ ശക്തി നിലകൊള്ളുന്നത് ലക്ഷക്കണക്കിനുവരുന്ന ചെറുകിട സംരംഭങ്ങളിലാണ്. അവ നടത്തിക്കൊണ്ടുപോകുന്ന യുവ സംരംഭകരിലുമാണ്. തങ്ങളുടെ കഴിവുകള്‍ ആഗോള ബിസിനസ് രംഗത്ത് ഉപയോഗപ്പെടുത്താനുള്ള സാമ്പത്തിക സഹായത്തിനും രാഷ്ട്രീയ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അവര്‍ സര്‍ക്കാറിനെയാണ് ആശ്രയിക്കുന്നത്.

21ാം നൂറ്റാണ്ടില്‍ ആരോഗ്യമേഖല സമൂലമായി മാറിയിട്ടുണ്ട്. ഇന്ന് നിങ്ങളെ ഒരു ഡോക്ടര്‍ പരിശോധിച്ച് നിങ്ങളുടെ ആരോഗ്യവിവരം നോക്കി നിങ്ങളുടെ പ്രശ്‌നമെന്താണെന്ന് നിങ്ങളോട് പറയുന്നു. എല്ലാം അയാളുടെ ഓര്‍മ്മയെ അടിസ്ഥാനമാക്കിയിരിക്കും. അദ്ദേഹം വിരമിക്കുമ്പോള്‍ ആ വിവരങ്ങള്‍ ഇല്ലാതാവും. നാളെ എല്ലാ വൈദ്യശാസ്ത്ര വിവരങ്ങളും ഡിജിറ്റൈസ് ചെയ്യുകയും കമ്പ്യൂട്ടറുകളില്‍ ലഭ്യമാക്കുകയും ചെയ്യപ്പെടും.

ആരോഗ്യരംഗത്തെ മത്സരങ്ങള്‍ തീരുമാനിക്കുന്നത് രണ്ട് ഘടകങ്ങളാണ്. ഒരു രാജ്യത്തെ വിവിധ വൈദ്യശാസ്ത്ര പ്രക്രിയകളുടെയും നടപടിക്രമങ്ങളുടെയും രീതിയും അളവും. രണ്ടാമത്തേത് ജനസംഖ്യയുടെ ജനിതക വൈവിധ്യവും. ഇന്ത്യയുടെ വലുപ്പം അതിന് വലിയ മേന്മ നല്‍കുന്നു.

ഒരു വര്‍ഷം ലക്ഷക്കണക്കിന് തിമിര ശസ്ത്രക്രിയ അല്ലെങ്കില്‍ ഹൃദയശസ്ത്രക്രിയകളാണ് ഇന്ത്യയില്‍ നടക്കുന്നത്. അവ ചെയ്യാനുള്ള മികച്ച സൗകര്യങ്ങളുമുണ്ട്. ഇതിനേക്കാള്‍ പ്രധാനം ഇന്ത്യയുടെ സമ്പുഷ്ടമായ ജനിതക വൈവിധ്യമാണ്. മെഡിക്കല്‍ പ്രോസസ് ഡി.എന്‍.എയെ അടിസ്ഥാനമാക്കിയായാല്‍ ഇന്ത്യയുടെ വൈവിധ്യം ആഗോളതലത്തില്‍ വലിയൊരു മുതല്‍ക്കൂട്ടാവും.

21ാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര മുന്നേറ്റങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ മികച്ച ഗവേഷണത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് ഇന്ത്യയില്‍ നിന്നാവും. സ്വകാര്യതയുടെയും ഉടമസ്ഥാവകാശത്തിന്റെയും പ്രശ്‌നമുണ്ടെങ്കിലും ഇപ്പോഴെങ്കിലും ഈ രീതികളെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ശരിയായ രീതിയില്‍ ഇത് ചെയ്യുകയാണെങ്കില്‍ ഇതിന് ഇന്ത്യയുടെ ആരോഗ്യവ്യവസ്ഥയെ പരിഷ്‌കരിക്കാനാവും. ഒപ്പം അതിര്‍ത്തിക്ക് അപ്പുറമുള്ള ലോകത്തെയും സഹായിക്കാനാവും.

മനുഷ്യ പരിവര്‍ത്തനത്തിനുള്ള വന്‍ പദ്ധതികള്‍ക്ക് ഇന്ത്യ തുടക്കമിട്ടിട്ടുണ്ട്. ഭാവിയില്‍ ഒരിക്കല്‍ പോലും പരാജയം സംഭവിക്കാത്ത ശക്തമായ ഉയരത്തിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ പ്രകൃതം. നമ്മുടെ വിജയം ലോകത്തെ തന്നെ മാറ്റിമറിക്കും. നമ്മുടെ രാജ്യം പരാജയപ്പെടുകയാണെങ്കില്‍ അത് ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കുകയും ചെയ്യും.

ആഗോള സാമ്പത്തിക രംഗവുമായി 1.3 ബില്യണ്‍ ജനതയെ വലിയ തടസമൊന്നുമില്ലാതെ സമാധാനപരമായി ബന്ധിപ്പിക്കാനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ആശയക്കുഴപ്പം വേണ്ട. ഈ പ്രക്രിയ തകരുകയാണെങ്കില്‍ അക്രമത്തിനുള്ള സാധ്യത വലുതാണ്. പോസിറ്റീവുകളാണ് ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയത്. പക്ഷെ ഈ പ്രസംഗം അവസാനിപ്പിക്കുന്നതിനുമുമ്പ് അപകടകരമായ അവസ്ഥയിലേക്ക് എന്താണ് പോകുന്നതെന്നുകൂടി ഞാന്‍ പറയേണ്ടതുണ്ട്.

ഞങ്ങള്‍ ഈ നേട്ടങ്ങളെല്ലാം കൊയ്‌തെടുത്തത് സമാധാനപൂര്‍വ്വമായിരുന്നു എന്നതാണ് ഞങ്ങളുടെ ശക്തി. അതിന് വിരുദ്ധമായാല്‍ നമ്മുടെ ഈ പോക്ക് തകരും. വിദ്വേഷവും, അക്രമവും, ധ്രുവീകരണ രാഷ്ട്രീയവും, വെറുപ്പുമെല്ലാം ഇന്ന് ഇന്ത്യയില്‍ ഏറ്റവും മോശമായ രൂപത്തില്‍ തലപൊക്കിയിരിക്കുകയാണ്. വിദ്വേഷവും ഹിംസയും ആളുകളെ അവരുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും.

പുരോഗമന കാഴ്ചപ്പാടുകള്‍ സൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുന്നു, ദളിതരായതിന്റെ, മുസ്‌ലീം ആയതിന്റെ പേരില്‍ ബീഫ് കഴിച്ചെന്ന സംശയം ഉയര്‍ത്തി ആളുകള്‍ തല്ലിക്കൊല്ലപ്പെടുന്നു. ഈ പ്രവണത ഇന്ത്യയില്‍ പുതിയതാണ്. അത് ഇന്ത്യയെ ഏറ്റവുംമോശമായ രീതിയില്‍ നശിപ്പിക്കുകയും ചെയ്യുന്നു.

വിദ്വേഷ രാഷ്ട്രീയം ലക്ഷക്കണക്കിനുവരുന്ന ഇന്ത്യന്‍ ജനതയില്‍ ഈ രാജ്യത്ത് തങ്ങള്‍ക്കിനി ഭാവിയില്ല എന്ന തോന്നല്‍ സൃഷ്ടിക്കുന്നു. ഇന്നത്തെ ലോകത്ത് ഇത് തീര്‍ത്തും അപകടകരമാണ്. ഇത് ആളുകളെ ഒറ്റപ്പെടുത്തുകയും അവരെ തീവ്രവാദ ആശയങ്ങളിലേക്ക് അടുപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

അവസാനമായി, ഇന്ത്യയെ കേള്‍ക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ തേടുന്ന എല്ലാ ഉത്തരവും അവള്‍ നിങ്ങള്‍ക്കു തരും. 70 വര്‍ഷത്തിലേറെയായുള്ള ഇന്ത്യയുടെ സ്ഥാപനങ്ങള്‍ രാജ്യത്തെക്കുറിച്ച് അഗാധമായ ബോധ്യം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എല്ലാ മേഖലയിലും നമുക്ക് വിദഗ്ധരുണ്ട്. ഇന്ത്യയുടെ ബൃഹത്തായ വ്യവസ്ഥാപിത അറിവുകളെ അവഗണിച്ചുകൊണ്ട് അനൗപചാരികമായ തീരുമാനങ്ങള്‍ എടുക്കുന്നത് അത്യന്തം അപകടകരവും വീണ്ടുവിചാരമില്ലാത്തതുമാണ്.

രാജ്യത്ത് വിനിമയത്തിലിരുന്ന 86% കറന്‍സികളും ഒരു രാത്രികൊണ്ട് നിരോധിച്ച നോട്ടുനിരോധനം പോലുള്ള തീരുമാനങ്ങള്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോടോ മന്ത്രിസഭയോടോ പാര്‍ലമെന്റിനോടുപോലും ചോദിക്കാതെ ഏകപക്ഷീയമായി നടപ്പില്‍വരുത്തിയതിന് ഇന്ത്യ വലിയ വിലനല്‍കേണ്ടിവരും.

ഇന്നുനമ്മള്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഓരോ ദിവസവും ഏതാണ്ട് 33,000 യുവാക്കളാണ് തൊഴില്‍മാര്‍ക്കറ്റിലെത്തുന്നത്. അതേസമയം സര്‍ക്കാര്‍ ദിവസം 500 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്. ഇതിനകം തന്നെ കുമിഞ്ഞുകൂടിയിരിക്കുന്ന തൊഴില്‍രഹിതരായ യുവാക്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇത് ഒട്ടും പര്യാപ്തമല്ല.

സാമ്പത്തിക വളര്‍ച്ചയിലെ കുറവ് ഭീതിസൃഷ്ടിക്കുന്നതാണ്.ഇത് രാജ്യത്ത് ജനരോഷമുയരാനിടയാക്കും. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളും നോട്ടുനിരോധനവും ധൃതിപിടിച്ചു നടപ്പിലാക്കിയ ജി.എസ്.ടിയുമെല്ലാം വലിയ തോതിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും. നോട്ടുനിരോധനത്തിന്റെ ഫലമായി ലക്ഷക്കണക്കിനു ചെറുകിട ബിസിനസുകള്‍ ഇല്ലാതാക്കപ്പെട്ടു. കറന്‍സി ഉപയോഗിക്കുന്ന കര്‍ഷകര്‍, കൂലിവേലക്കാര്‍ എന്നിവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്.

കാര്‍ഷിക രംഗം വലിയ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കര്‍ഷക ആത്മഹത്യ റോക്കറ്റുപോലെയാണ് കുതിക്കുന്നത്. പൂര്‍ണമായും തോന്നിയപടി നടപ്പിലാക്കിയ നോട്ടുനിരോധമെന്ന മുറിവ് ഇന്ത്യയുടെ ജി.ഡി.പിയില്‍ 2% നഷ്ടമാണുണ്ടാക്കിയത്. നിലവിലെ നിരക്കില്‍ ഇന്ത്യയ്ക്ക് വളരാനോ തൊഴിലുകള്‍ സൃഷ്ടിക്കാനോ കഴിയില്ല.

നിലവിലെ വളര്‍ച്ചാ നിരക്കില്‍ നമ്മള്‍ തുടരുകയാണെങ്കില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനരോഷം ശക്തമാകുകയും അതിന് ഇന്ത്യ ഇതുവരെ ഉണ്ടാക്കിയെടുത്തതെല്ലാം തകര്‍ക്കാനും കഴിയും. അത് ഇന്ത്യയ്ക്കും അതിനു പുറത്തുള്ള ലോകത്തിനും തന്നെ ദുരന്തമായിരിക്കും.

നന്ദി.

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!