fbpx Press "Enter" to skip to content

അലവന്ദാർ മർഡർ കേസ്.

1950 കളിൽ ഇന്ത്യയിൽ നിന്നും സിലോണിലേയ്ക്കും (ശ്രീലങ്ക) തിരിച്ചുമുള്ള യാത്രകൾ മുഖ്യമായും കടത്തുബോട്ടിനെ ആശ്രയിച്ചായിരുന്നു. ചെന്നൈയിൽ നിന്നും ട്രെയിനിൽ യാത്ര തിരിയ്ക്കുന്ന ഒരാൾ ധനുഷ്കോടിയിൽ എത്തുമ്പോൾ അവിടെ ഒരു ബോട്ട് ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്കു പോകാൻ തയ്യാറായി നിൽപ്പുണ്ടാകും. അതുപോലെ ആ ബോട്ടിൽ എത്തിയവർ ട്രെയിനിൽ കയറി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യും.

ബോട്ട് മെയിൽ ട്രെയിൻ അഥവാ ഇന്തോ-സിലോൺ എക്സ്പ്രസ് എന്നായിരുന്നു ഈ സർവീസ് അറിയപ്പെട്ടിരുന്നത്. ചെന്നൈ (മദ്രാസ്)യിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 19 മണിക്കൂർ യാത്ര ചെയ്ത് ഉച്ച കഴിഞ്ഞ് 3.00 മനിയ്ക്ക് ധനുഷ്കോടിയിലെത്തും. അവിടെ നിന്നും 6.00 മണിയ്ക്ക് പുറപ്പെടുന്ന ബോട്ട് മൂന്നരമണിക്കൂർ കൊണ്ട് തലൈമന്നാറിലെത്തും.

പാമ്പൻ സ്റ്റേഷനിൽ നിന്നും ധനുഷ്കോടിയിലേയ്ക്കുള്ള യാത്ര കടലിൽ നിർമ്മിച്ച റെയിൽവേ പാലത്തിൽ കൂടിയാണ്. 1964 ഡിസംബറിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ബോട്ട് മെയിൽ ട്രെയിനെ കടലിലേയ്ക്ക് ചുഴറ്റിയെറിഞ്ഞു. നൂറിലധികം പേർ മുങ്ങി മരിച്ചു. റെയിൽവേ ട്രാക്കും ധനുഷ്കോടി ടൌണും നാമാവശേഷമായി. അതോടെ ബോട്ട്മെയിൽ സർവീസ് ഇല്ലാതായി. പിൽക്കാലത്ത് രാമേശ്വരം എക്പ്രസ് എന്ന പേരിൽ ധനുഷ്കോടിയിൽ നിന്നും ചെന്നൈയിലേയ്ക്ക് ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.

1952 ഓഗസ്റ്റ് 29.

രാവിലെ നേരം. തലേന്ന് രാത്രി ചെന്നൈയിൽ നിന്നും പുറപ്പെട്ട ബോട്ട്മെയിൽ ട്രെയിൻ മനമധുരൈ സ്റ്റേഷനോട് സമീപിയ്ക്കുന്നു. അതിലെ, മൂന്നാം ക്ലാസ് കമ്പാർട്ട്മെന്റുകളിൽ ഒന്നിലെ യാത്രക്കാർ അസഹ്യമായ ദുർഗന്ധത്താൽ വീർപ്പുമുട്ടുകയായിരുന്നു. ഒരു സീറ്റിനടിയിൽ വച്ചിരിയ്ക്കുന്ന സ്റ്റീൽ ട്രങ്കുപെട്ടിയിൽ നിന്നായിരുന്നു ആ ദുർഗന്ധം. 10.15 ഓടെ ട്രയിൻ മനമധുരൈ സ്റ്റേഷനിൽ എത്തി. ഉടനെ തന്നെ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് കമ്പാർട്ടുമെന്റിലെത്തി. വലുപ്പമേറിയ ഒരു പെട്ടി. അതിൽ നിന്നും എന്തോ ദ്രാവകം ഒലിച്ചിറങ്ങുന്നു. സഹിയ്ക്കാനാവാത്ത ദുർഗന്ധം. റെയിൽവേ പൊലീസ് പെട്ടി വെളിയിലിറക്കി. വിവരമറിഞ്ഞ് ലോക്കൽ പൊലീസ്, റെയിൽവേ സ്റ്റേഷനിലെത്തി. റെയിൽവേ അധികാരികളുടെ സാന്നിധ്യത്തിൽ അതു തുറന്നു.

വല്ലാത്തൊരു ഭീകര ദൃശ്യമായിരുന്നു അത്. തലയില്ലാത്ത നഗ്നമായ ഒരു ഉടൽ. ജീർണാവസ്ഥയിലായ ഒരു പുരുഷശരീരം. അവയവങ്ങൾ പലതും നഷ്ടപ്പെട്ടിരുന്നു.

ഇൻക്വസ്റ്റ് പരിശോധനയിൽ പുരുഷൻ സുന്നത്ത് ചെയ്തയാളാണെന്ന് മനസ്സിലായി. കൂടാതെ കാലിൽ പച്ച നിറത്തിലുള്ള സോക്സും ധരിച്ചിട്ടുണ്ട്. ആൾ മുസ്ലീമാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ അയാളുടെ അരയിൽ കട്ടിയുള്ള വെള്ളത്തുണി നൂൽ കൊണ്ടുള്ള കെട്ടുണ്ടായിരുന്നു. അതു മിക്കവാറും ഹിന്ദു പുരുഷന്മാരുടെ രീതിയായിരുന്നു. എങ്കിലും അതിനു പൊലീസ് വലിയ പ്രാധാന്യം നൽകിയില്ല. മരണപ്പെട്ട ആളെ തിരിച്ചറിയാവുന്ന മറ്റു തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല.

മനമധുരൈ പ്രദേശം മധുര ജില്ലയിൽ പെടുന്നതാണ്. കണ്ടെത്തിയ ജഡം എർസ്കിൻ ഹോസ്പിറ്റലിലേയ്ക്ക് (ഇപ്പോഴത്തെ മധുര മെഡിക്കൽ കോളേജ്) മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണസ്വാമിയാണു ഓട്ടോപ്സി (പോസ്റ്റ്മോർട്ടം) നടത്തിയത്. ഒരു റേഡിയോളജിസ്റ്റ് കൂടിയായിരുന്ന അദ്ദേഹം എക്സ്-റേയുടെ സഹായത്തോടെയാണു ടെസ്റ്റുകൾ നടത്തിയത്. 25 വയസ്സോളമുള്ള ആളുടെ ജഡമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ.

വാർത്താവിനിമയ സൌകര്യങ്ങൾ പരിമിതമായ അക്കാലത്ത്, മരണപ്പെട്ട ആൾ ആരാണെന്ന് കണ്ടുപിടിയ്ക്കാൻ വലിയ പ്രയാസമായിരുന്നു. ബോഡി മദ്രാസ് മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു.

അവിടുത്തെ ഫോറെൻസിക് ഡിപ്പാർട്ട്മെന്റിലെ അസി.പ്രൊഫസർ ഡോ. സി ബി ഗോപാലകൃഷ്ണയുടെ ടേബിളിലേയ്ക്കാണു അത് എത്തിയത്. അത്ഭുതകരമെന്നു പറയട്ടെ, ഉടലില്ലാത്ത ഒരു തല, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മുന്നിൽ എത്തിയിട്ടുണ്ടായിരുന്നു. മദ്രാസിനടുത്ത് ഒരു കടൽ തീരത്തു നിന്നുമാണത് കണ്ടെടുത്തത്.

ഡോ.ഗോപാലകൃഷ്ണ വിശദമായ മറ്റൊരു ഓട്ടോപ്സി ചെയ്തു.

തല, ജീർണാവസ്ഥയിലായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സെർവിക്കൽ വെർട്ടിബ്ര ഭാഗത്താ ണു അതു ച്ഛേദിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഉടലിന്റെ സെർവിക്കൽ വെർട്ടിബ്ര ഭാഗവും ശിരസ്സിന്റെ ഭാഗവും തമ്മിൽ നന്നായി യോജിയ്ക്കുന്നുണ്ട്. ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തുകൾ ഉണ്ട്. ഹൃദയത്തിലേറ്റ കുത്തു മൂലമാണു ആൾ മരണപ്പെട്ടിരിയ്ക്കുന്നത്. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ 40 നും 45 നും ഇടയിൽ പ്രായമുള്ള ആളുടേതാണു ബോഡി. രണ്ടു പല്ലുകൾ കൂടിച്ചേർന്നു കട്ടപ്പല്ലായി കാണപ്പെട്ടിരുന്നു. ആളെ തിരിച്ചറിയാൻ നല്ല അടയാളമാണത്.

ഓഗസ്റ്റ് 29 ന്റെ രാത്രിയിൽ, ചെന്നൈയിലെ പാരിസ് ബസാറിനു സമീപത്തുള്ള ഒരു വീട്ടിൽ, അവിടുത്തെ ഗൃഹനായിക ഏറെ പരിഭ്രാന്തിയോടെ ഓടി നടക്കുകയായിരുന്നു. പാരിസ് ബസാറിൽ പ്ലാസ്റ്റിക് പാത്രങ്ങളുടെ ബിസിനസ് നടത്തുന്ന അവരുടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്താതായിട്ട് ഒരു ദിവസം കഴിഞ്ഞിരിയ്ക്കുന്നു. എവിടെ പൊയാലും തിരികെ എത്തേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.

പാരീസ് ബസാറിൽ ഫൌണ്ടൻ പേനയുടെ മൊത്ത ഡീലർമാരായ ജെം& കമ്പനിയുടെ ഷോപ്പിനോട് ചേർന്നാണു അവരുടെ ഭർത്താവ് അലവന്ദാർ ബിസിനസ് നടത്തുന്നത്. പട്ടാളത്തിലെ സേവനശേഷം വിരമിച്ച അലവന്ദാർ ഒരു തൊഴിൽ മാർഗമെന്ന നിലയിലാണു പ്ലാസ്റ്റിക് പാത്രകച്ചവടം ആരംഭിച്ചത്. അക്കാലത്ത് പ്ലാസ്റ്റിക് പാത്രങ്ങൾ വലിയ ആകർഷക വസ്തുക്കളായിരുന്നു. ജെം & കമ്പനി ഉടമസ്ഥർ ചെട്ടി സമുദായക്കാരാണ്. അലവന്ദാറും ചെട്ടിയായിരുന്നു. ആ ജാതിസ്നേഹമാണു അയാൾക്ക് അവിടെ ബിസിനസ് ചെയ്യാൻ സൌകര്യം കൊടുക്കാൻ പ്രേരണയായത്.

അവർ നടന്ന്, പാരിസ് ബസാറിലെത്തി. അവിടെ കടകൾ അടച്ചുതുടങ്ങിയിരുന്നു. ജെം&കമ്പനി ഷോപ്പും അടയ്ക്കാൻ തുടങ്ങുന്നു. തൊട്ടടുത്തുള്ള അലവന്ദാറിന്റെ ഷോപ്പ് അടഞ്ഞു കിടക്കുന്നു. അവർ ഭർത്താവിനെപ്പറ്റി ജെം&കമ്പനി ഉടമയായ കന്നൻ ചെട്ടിയോട് അന്വേഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് അലവന്ദാറിനെ അന്വേഷിച്ച് ഒരു സ്ത്രീ വന്നിരുന്നു. ഉടനെ തന്നെ അയാൾ കട അടച്ച് അവരോടൊപ്പം പോകുന്നതു കണ്ടു. പിന്നെ ഇതേവരെ അയാളെ കണ്ടിട്ടില്ല. കന്നൻ ചെട്ടി പറഞ്ഞു.

അവർ അലമുറയിട്ടു കരയാൻ തുടങ്ങി. അലവന്ദാർ ഇതു വരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല എന്നറിഞ്ഞ കന്നൻ ചെട്ടിയ്ക്കും കാര്യം ഗൌരവമുള്ളതാണെന്നു തോന്നി. അയാൾ ആ സ്ത്രീയെയും കൂട്ടി അപ്പോൾ തന്നെ എസ്പ്ലനേഡ് പൊലീസ് സ്റ്റേഷനിലേയ്ക്കു പോയി, അലവന്ദാറിനെ ഇന്നലെ മുതൽ കാണാനില്ല എന്നു പരാതി നൽകി.

പിറ്റേന്ന് രാവിലെ തന്നെ, ഒരു പൊലീസ് അന്വേഷണമാരംഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് റോയപുരം പ്രദേശത്ത് അന്വേഷണത്തിനു പോയ ഒരു കോൺസ്റ്റബിൾ തിരികെ സൈക്കിളിൽ വരുമ്പോഴാണു, കടൽ തീരത്ത് ഒരു ഷർട്ടിൽ പൊതിഞ്ഞ എന്തോ വസ്തു കിടക്കുന്നതു കണ്ടത്. പൊലീസുകാരൻ ജിജ്ഞാസയോടെ അതിനടുത്തു ചെന്നു. മണ്ണിൽ പാതി പുതഞ്ഞു കിടന്ന വലിച്ചെടുത്തു. മുറിച്ചു മാറ്റപ്പെട്ട ഒരു ശിരസായിരുന്നു അത്..! താമസിയാതെ അത് മദ്രാസ് മെഡിക്കൽ കൊളേജിലേയ്ക്ക് അയയ്ക്കപ്പെട്ടു. അവിടെ പരിശോധനകൾ പുരോഗമിച്ചു വരവേയാണു മധുരയിൽ നിന്നും തലയില്ലാത്ത ബോഡി എത്തുന്നത്. അവ രണ്ടും ഒരേ ആളുടേതാണെന്നു ബോധ്യമായി.

എസ്പ്ലനേഡ് സ്റ്റേഷൻ ഇൻസ്പെക്ടർ അലവന്ദാറിന്റെ ഭാര്യയെയും കൂട്ടി മദ്രാസ് മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്കു പോയി. അവിടെ സൂക്ഷിച്ച ജഡം കാണിച്ചു. ജീർണാവസ്ഥയിലായതിനാൽ ശരീരം തിരിച്ചറിയപ്പെടാത്തവണ്ണം മാറിയിരുന്നു. എങ്കിലും ആ കട്ടപ്പല്ല് അവർ തിരിച്ചറിഞ്ഞു. ബോഡി അലവന്ദാറിന്റേതായിരുന്നു. 42 വയസ്സുണ്ടായിരുന്നു അയാൾക്ക്. മദ്രാസ് മെഡിയ്ക്കൽ കൊളേജ് ഫോറെൻസിക് സർജന്റെ നിഗമനം വളരെ ശരിയായിരുന്നു.

പിറ്റേ ദിവസത്തെ ചെന്നൈ പത്രങ്ങളുടെ മുൻപേജിൽ വലിയ വാർത്ത ആയിരുന്നു അത്. പാരിസ് ബസാറിലെ പ്രമുഖ ബിസിനസ് മാൻ കൊലചെയ്യപ്പെട്ടിരിയ്ക്കുന്നു..!

അലവന്ദാറിനെ വിളിച്ചുകൊണ്ടു പോയ സ്ത്രീ ആരെന്നു കണ്ടെത്താനായി പൊലീസിന്റെ ശ്രമം.

പാരീസ് ബസാറിലെത്തി, കന്നൻ ചെട്ടിയെയും ചുറ്റുപാടുമുള്ള മറ്റു കച്ചവടക്കാരെയും അവർ ചോദ്യം ചെയ്തു. അവരിൽ നിന്നു ലഭിച്ച വിവരമനുസരിച്ച്, റോയപുരത്തു താമസിയ്ക്കുന്ന ദേവകി എന്നൊരു യുവതിയാണതെന്നു മനസ്സിലായി. മലയാളിയായ അവർ കുറച്ചുകാലമായി ചെന്നൈയിൽ താമസിയ്ക്കുകയാണു.
പൊലീസ് റോയപുരത്തെത്തി, ദേവകിയുടെ വീടു കണ്ടുപിടിച്ചു. എന്നാൽ അവർ എത്തുമ്പോൾ അതു പൂട്ടിയിരിയ്ക്കുകയായിരുന്നു. എന്നു മാത്രമല്ല കുറച്ചു ദിവസങ്ങളായി അവരെ കാണാനുമില്ല.

പൊലീസ് ചെന്നൈ റെയിൽവേ സ്റ്റേഷനിലെത്തി. ഓഗസ്റ്റ് 28 നു രാത്രി ബോട്ട്മെയിൽ ട്രെയിനിൽ ട്രങ്കുപെട്ടി കയറ്റിയ ആളെപ്പറ്റി എന്തെങ്കിലും വിവരം ലഭിയ്ക്കുമോ എന്നു ശ്രമിച്ചു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ ആ ട്രങ്കു പെട്ടി കയറ്റാൻ സഹായിച്ച പോർട്ടറെ കണ്ടെത്തി. നന്നായി വസ്ത്രം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരനാണു അതു കൊണ്ടു വന്നതെന്ന് അയാൾ പറഞ്ഞു. കണ്ടിട്ട് എന്തോ ഉദ്യോഗസ്ഥനാണെന്നു തോന്നി.

പൊലീസ് റോയപുരത്തെ, ജാനകിയുടെ വീട്ടിലെത്തി. ചുറ്റുപാടും ധാരാളം വീടുകളുണ്ട്. ഔദ്യോഗിക അനുമതിയ്ക്കു ശേഷം പൂട്ടു പൊളിച്ച് ഉള്ളിൽ പ്രവേശിച്ചു. ഒരു കൊച്ചു വീട്. തറയും ചുമരുമെല്ലാം നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യമാകും. എന്തോ ഒരു രൂക്ഷഗന്ധം തങ്ങി നില്ല്കുന്നു. ചില ചവറുകളും മറ്റും അവിടവിടെയൊക്കെ ചിതറിക്കിടപ്പുണ്ട്.

ജാനകിയെ പറ്റി അയൽവാസികളിൽ നിന്നും വിവരം ശേഖരിച്ചു. രാഷ്ട്ര സ്വാതന്ത്ര്യത്തിനു ശേഷം, ഹിന്ദി പ്രചാര സഭയുടെ ഒരു പ്രചാരക ആയിട്ടാണവൾ മദ്രാസിൽ എത്തുന്നത്. ഈയടുത്ത കാലത്ത് കേരളത്തിൽ പോയി വിവാഹിതയായി. ഇപ്പോൾ ഭർത്താവുമൊന്നിച്ച് ഇവിടെ താമസിയ്ക്കുകയാണ്.

ഓഗസ്റ്റ്-28 നു ഉച്ചയ്ക്കു ശേഷം ദേവകിയും കോട്ടും സ്യൂട്ടുമണിഞ്ഞ ഒരാളും വീട്ടിലേയ്ക്കു കയറിപ്പോകുന്നത് പലരും കണ്ടിരുന്നു. ബന്ധുവോ മറ്റോ ആകാം. പിന്നീട് അയാൾ എപ്പോൾ തിരികെ പോയി എന്നത് ആരും ശ്രദ്ധിച്ചിട്ടില്ല. പിറ്റേന്നു മുതൽ വീടു പൂട്ടിക്കിടക്കുന്നു. അവർ കേരളത്തിൽ പോയിട്ടുണ്ടാകും എന്നാണു എല്ലാവരും കരുതിയത്.
കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്ത പൊലീസിനു ചില ഊഹങ്ങൾ ഉണ്ടായി.

ഓഗസ്റ്റ് 28 നു ഉച്ചയോടെ, ദേവകി കടയിലെത്തി അലവന്ദാറിനെ വീട്ടിലേയ്ക്കു വിളിച്ചു കൊണ്ടു പോയി. അവരുടെ ഭർത്താവും അവിടെ ഉണ്ടായിരിയ്ക്കണം. വീട്ടിലേയ്ക്കു കയറിപ്പോയ അലവന്ദാറിനെ പിന്നെ കാണുന്നത്, പിറ്റേ ദിവസം തലയില്ലാത്ത രൂപത്തിൽ ട്രങ്കുപെട്ടിയ്ക്കുള്ളിൽ മനമധുരൈ റെയിൽവേ സ്റ്റേഷനിലാണ്. ട്രങ്ക് പെട്ടി ട്രെയിനിൽ കയറ്റിയത് ഒരു ചെറുപ്പക്കാരനാണ്.

അയാൾ ദേവകിയുടെ ഭർത്താവായിരിയ്ക്കാനാണു സാധ്യത. അപ്പോൾ അലവന്ദാർ ദേവകിയുടെ വീട്ടിനുള്ളിൽ വെച്ച് കൊലചെയ്യപ്പെട്ടിട്ടുണ്ടാകണം.! പക്ഷേ എന്തിന്? പാരിസ് ബസാറിൽ പ്ലാസ്റ്റിക് കച്ചവടം ചെയ്യുന്ന അലവന്ദാറും ഹിന്ദി പ്രചാര സഭയുടെ പ്രചാരക് ആയ ദേവകിയും തമ്മിൽ കൊല ചെയ്യപ്പെടാൻ തക്കവണ്ണം എന്തു പ്രശ്നമാണുള്ളത്?

പൊലീസ് അലവന്ദാറിനെ പറ്റി കൂടുതൽ അന്വേഷണമാരംഭിച്ചു.
അയാളുടെ ഭാര്യയോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ബ്രിട്ടീഷ്-ഇന്ത്യൻ ആർമിയിൽ ഒരു പട്ടാളക്കാരനായിരുന്നു അലവന്ദാർ. അവിടെ നിന്നും പിരിഞ്ഞ ശേഷമാണു, കന്നൻ ചെട്ടിയുടെ സഹായത്തോടെ അവരുടെ ഷോപ്പിനു സമീപം തന്നെ അയാൾ പ്ലാസ്റ്റിക് പാത്രക്കച്ചവടം ആരംഭിച്ചത്. അതിനോടൊപ്പം സാരികൾ, പെർഫ്യുമുകൾ ഇവയൊക്കെ ഇൻസ്റ്റാൾമെന്റിൽ കൊടുക്കുന്ന ബിസിനസും ഉണ്ടായിരുന്നു.

അലവന്ദാറിന്റെ വേഷമായിരുന്നു അയാളെ ശ്രദ്ദേയനാക്കിയത്. കാണാൻ അത്ര ചേർച്ചയൊന്നുമില്ലായിരുന്നെങ്കിലും ഓവർകോട്ടും ടൈയും പാന്റും ധരിച്ചാണു എപ്പോഴും നടത്തം. തനി നാടൻ സായിപ്പ്. എപ്പോഴും ഒരു ചിരിയോടെ അല്ലാതെ അയാളെ ആരും കണ്ടിട്ടില്ല.

അയാൾക്ക് കറുപ്പ് ( OPIUM ) കഴിയ്ക്കുന്ന ശീലമുണ്ടായിരുന്നു. കൂടാതെ ഇടയ്ക്കെപ്പോഴോ അയാൾ സുന്നത്ത് ചെയ്യുകയും ചെയ്തു. ഇതു ഭാര്യയിൽ ചില സംശയങ്ങൾ ഉണ്ടാക്കി. യാഥാസ്ഥിതിക ഹിന്ദുവായ അവർക്ക് അലവന്ദാർ മതം മാറിയോ എന്നു സംശയമായി. എന്നാൽ ഇതിനു അയാൾ കൊടുത്ത വിശദീകരണം അവരെ അമ്പരപ്പിച്ചു. സുന്നത്തു ചെയ്താൽ ലൈംഗീക ശക്തി വർധിയ്ക്കുമത്രേ..!

ഭാര്യയുമായുള്ള അലവന്ദാറിന്റെ ബന്ധം വളരെ തണുത്തതായിരുന്നു എന്നു പൊലീസ് മനസ്സിലാക്കി. അലവന്ദാറിനു മറ്റു ചില ബന്ധങ്ങൾ ഉണ്ടാവാം എന്നവർ സംശയിച്ചു. അന്വേഷണം ആ വഴിയ്ക്ക് തിരിഞ്ഞു. അയാൾ പലപ്പോഴും മദ്രാസ് YMCA സന്ദർശിയ്ക്കാറുണ്ടെന്ന് മനസ്സിലായി. യഥാർത്ഥത്തിൽ ബിസിനസിനേക്കാൾ കൂടുതൽ സമയം YMCA യിലും മറ്റും കറങ്ങി നടക്കാനാണു അയാൾ ചിലവഴിച്ചിരുന്നത്. അവിടെ നടത്തിയ അന്വേഷണങ്ങൾ അലവന്ദാറിന്റെ മറ്റൊരു മുഖം വെളിവാക്കി. അയാൾ അവിടെ എത്തിയിരുന്നത് ചില സ്ത്രീകളെ സന്ധിയ്ക്കാനായിരുന്നു.

അക്കാലത്ത് ഫൌണ്ടൻ പേനകൾ ആഭിജാത്യത്തിന്റെ ലക്ഷണമായിരുന്നു. ഒരാൾക്ക് ഫൌണ്ടൻ പേന സമ്മാനിയ്ക്കുന്നത് ഏറ്റവുമുയർന്ന സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായാണ്. YMCA യിലെത്തുന്ന അലവന്ദാർ ഫൌണ്ടൻ പേനകൾ സമ്മാനിച്ച് പല സ്ത്രീകളെയും വശത്താക്കി. പിന്നീട് അവരുമായി പുറത്തേയ്ക്കു പോകും. ജോർജ് ടൌൺ എന്ന സ്ഥലത്തെ ഒരു ലോഡ്ജിലേയ്ക്കായിരുന്നു അത്. പൊലീസ് അവിടെയെത്തി അന്വേഷിച്ചു.

ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പൊലീസ് കടുത്ത സമ്മർദ്ദം ചെലുത്തിയപ്പോൾ ലോഡ്ജുടമ സത്യം തുറന്നു പറഞ്ഞു. മിക്കപ്പോഴും അലവന്ദാർ ഏതെങ്കിലുമൊരു സ്ത്രീയുമായി അവിടെയെത്തും. അയാൾക്കുവേണ്ടി ഒരു മുറി എപ്പോഴും ഒഴിച്ചിട്ടിരുന്നുവത്രേ. കറുപ്പ് കഴിയ്ക്കുന്നത് ലൈംഗീക ശക്തിയ്ക്കു നല്ലതാണു എന്ന് അലവന്ദാർ പലപ്പോഴും ലോഡ്ജുടമസ്ഥനെ ഉപദേശിയ്ക്കുണ്ടായിരുന്നു.

അലവന്ദാറിന്റെ സാരി-പെർഫ്യൂം ഇൻസ്റ്റാൾമെന്റ് ബിസിനസ് പോലും സ്ത്രീകളെ വലയിലാക്കാനുള്ള ഒരു തന്ത്രമായിരുന്നു എന്നു പൊലീസ് കണ്ടു പിടിച്ചു. പലർക്കും ഇൻസ്റ്റാൾമെന്റ് കൃത്യമായി തിരിച്ചടയ്ക്കാനാവില്ല. അങ്ങനെയുള്ളവരെ അയാൾ ലോഡ്ജിലേയ്ക്കു കൂട്ടും.

1951-ൽ ദേവകി ഒരു ഫൌണ്ടൻ പേന മേടിയ്ക്കാനാണ് ജെം&കമ്പനിയുടെ ഷോപ്പിലെത്തിയത്. സുന്ദരിയായിരുന്ന ആ യുവതി, തൊട്ടടുത്ത പ്ലാസ്റ്റിക് കടയിലിരുന്ന അലവന്ദാറിന്റെ ശ്രദ്ധയിൽ പെട്ടു. അയാൾ ജെം&കമ്പനിയുടെ ഷോപ്പിലേയ്ക്കു ചെന്നു. കോട്ടും ടൈയുമൊക്കെ ധരിച്ച ആ നാടൻ സായിപ്പിനെ ദേവകിയും ശ്രദ്ധിയ്ക്കാതിരുന്നില്ല. അവർ തമ്മിൽ പരിചയപ്പെട്ടു. അധികം വൈകാതെ അലവന്ദാർ അവൾക്ക് ഒരു ഫൌണ്ടൻ പേന സമ്മാനിച്ചു. ദേവകി അയാളുടെ പ്രണയവലയിൽ വീണു. അതു ജോർജ് ടൌൺ തെരുവിലെ ലോഡ്ജിലേയ്ക്കും നീണ്ടു.

അലവന്ദാറിനു കുടുംബവും രണ്ടു കുട്ടികളും ഉണ്ടെന്നും അയാളുടെ ബന്ധങ്ങൾ തന്നിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മനസ്സിലായതോടെ ദേവകി അയാളിൽ നിന്നും മെല്ലെ അകന്നു. അയാളെ സംബന്ധിച്ചിടത്തോളം അവൾ മറ്റൊരു ഇര, അത്രയേ ഉണ്ടായിരുന്നുള്ളു. അധികം വൈകാതെ അവൾ കേരളത്തിലേയ്ക്കു പോയി.

കേരളത്തിലെത്തിയ ദേവകി, പ്രഭാകരമേനോൻ എന്നയാളെ വിവാഹം ചെയ്തു. അധികം വൈകാതെ രണ്ടുപേരും കൂടി വീണ്ടും മദ്രാസിലേയ്ക്കു തിരികെ വന്നു. ഭർത്താവുമായി ജെം& കമ്പനി ഷോപ്പിലെത്തിയ ദേവകിയെ, അമ്പരപ്പിയ്ക്കുന്ന രീതിയിലാണു അലവന്ദാർ പെരുമാറിയത്.! വളരെ മാന്യതയോടെയും സ്നേഹത്തോടെയുമാണു അയാൾ അവരെ അഭിനന്ദിച്ചത്.. ദേവകിയ്ക്കും ഇതു വളരെ സന്തോഷമായി. പക്ഷേ അവരുടെ പെരുമാറ്റങ്ങൾ , പ്രഭാകരമേനോനിൽ ചില സംശയങ്ങൾ ഉണ്ടാക്കാതിരുന്നില്ല. വലിയ നഗരങ്ങളിൽ പരിചയമില്ലാത്ത അയാളെ സംബന്ധിച്ചിടത്തോളം വളരെ അസാധാരണരീതിയായിരുന്നു അത്.

അലവന്ദാർ പക്ഷേ തന്ത്രശാലിയായ കുറുക്കനായിരുന്നു.
പ്രഭാകരമേനോൻ ഇല്ലാത്ത സമയങ്ങളിൽ അയാൾ ദേവകിയെ തേടി വന്നു. തനിയ്ക്കു വഴങ്ങിയില്ലെങ്കിൽ എല്ലാ കാര്യങ്ങളും ഭർത്താവിനെ അറിയിയ്ക്കുമെന്നായിരുന്നു അയാളുടെ ഭീഷണി. വീണ്ടുമൊരിയ്ക്കൽ കൂടി അലവന്ദാറിനു വഴങ്ങുക എന്നത് അവൾക്ക് ചിന്തിയ്ക്കാൻ പോലും അകുമായിരുന്നില്ല. പക്ഷേ അലവന്ദാർ വിടാൻ ഒരുക്കമായിരുന്നില്ല.

ഒരു ദിവസം ദേവകി ഭർത്താവിനെയും കൂട്ടി മിനെർവാ തീയേറ്ററിൽ ഒരു സിനിമയ്ക്കു പോയി. സിനിമ ഓടിക്കൊണ്ടിരുന്ന ആ സമയത്ത്, അവൾ തന്റെ പൂർവകാല തെറ്റുകൾ ഭർത്താവിനോട് ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചു. അലവന്ദാർ തന്നെ വീണ്ടും ശല്യം ചെയ്യുന്നതും പഴയകാര്യങ്ങൾ പറഞ്ഞു ഭീഷണിപ്പെടുത്തുന്നതും അവൾ അയാളെ അറിയിച്ചു.

ദേവകിയുടെയും ഭർത്താവിന്റെയും ഒപ്പം സഹായി ആയിട്ട് ഒരു ആൺകുട്ടി ഉണ്ടായിരുന്നു. അവനെ കേരളത്തിൽ നിന്നും കൊണ്ടു വന്നതായിരുന്നു. അവനെയും ഓഗസ്റ്റ് 28 നു ശേഷം കാണാനില്ലായിരുന്നു. മദ്രാസ് പൊലീസിന്റെ ഒരു ടീം കേരളത്തിലെ ദേവകിയുടെ വീട്ടിലേയ്ക്കു പുറപ്പെട്ടു. കേരളപൊലീസിന്റെ സഹായത്തോടെ അവരുടെ വീടു കണ്ടെത്തി.

അവിടെ ദേവകിയോ ഭർത്താവോ എത്തിയിരുന്നില്ല. പ്രഭാകരമെനോന്റെ വീട്ടിലും അവർ എത്തിയിരുന്നില്ല. എന്നാൽ അവരുടെ സഹായി ആയിരുന്ന പയ്യനെ കണ്ടെത്താനായി. പൊലീസ് അവനെ ചോദ്യം ചെയ്തു.

മദ്രാസിലായിരുന്നപ്പോൾ, ദേവകിയുടെ വീട്ടിൽ തന്നെയായിരുന്നു അവന്റെയും താമസം. അവരുടെ റൂമിനു പുറത്ത് നിലത്തു പായ വിരിച്ചു കിടക്കും. അപ്പോൾ പല രാത്രികളിലും ദേവകി തേങ്ങിക്കരയുന്നതു കേട്ടിരുന്നത്രേ. അലവന്ദാർ തന്റെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നതിനെ പറ്റിയായിരുന്നു ദേവകി പറഞ്ഞു ക്കൊണ്ടിരുന്നത്. മദ്രാസിൽ നിന്നും നാട്ടിലേയ്ക്കു തിരികെ പോകാമെന്നും അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ അലവന്ദാർ തന്റെ ഭാര്യയെ ശല്യം ചെയ്യുന്നതിനു പ്രതികാരം ചെയ്യണമെന്ന് പ്രഭാകരമേനോനു തോന്നി. അയാൾ അക്കാര്യം ഭാര്യയോടു പറയുന്നതു പയ്യൻ കേട്ടുവത്രെ.

പ്രഭാകരമേനോനു ബോംബെയിൽ ചില ബന്ധുക്കൾ ഉള്ളതായി പൊലീസ് മനസ്സിലാക്കി. ഓഗസ്റ്റ് 28 നു വൈകിട്ട് ചെന്നൈയിൽ നിന്നും ബോംബെയ്ക്ക് ട്രെയിൻ ഉണ്ടായിരുന്നു. കൊലപ്പെടുത്തിയ അലവന്ദാറിന്റെ ബോഡി, ബോട്ട് മെയിൽ ട്രെയിനിൽ കയറ്റി വിട്ടശേഷം, ദേവകിയും ഭർത്താവും ബോംബേയ്ക്ക് രക്ഷപെട്ടിട്ടുണ്ടാവണം.

മദ്രാസ് പൊലീസ് സംഘം ബോംബേയ്ക്കു പുറപ്പെട്ടു. ബോംബേ പൊലീസിന്റെ സഹായത്തോടെ അവർ മേനോന്റെ ബന്ധുക്കളെ തിരയാനാരംഭിച്ചു. ഗല്ലികളിലൂടെയുള്ള നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ അവരെ കണ്ടെത്തി.

പൊലീസ് എത്തുമ്പോൾ, ഒരു ചെറിയ മുറിയിൽ ക്ഷീണിതയായി കിടക്കുകയായിരുന്നു ദേവകി. ഫോട്ടോയുടെയും മറ്റു വിവരങ്ങളിലൂടെയും അവർ ദേവകിയെ തിരിച്ചറിഞ്ഞു. മദ്രാസിൽ നിന്നും എത്തിയ അവളുടെ ഗർഭം അലസിപ്പോയിരുന്നു. ചികിത്സകൾക്കു ശേഷം വിശ്രമിയ്ക്കുകയാണ്. അവൾക്ക് ഒന്നും മറച്ചു വെയ്ക്കാനുണ്ടായിരുന്നില്ല. എല്ലാം പൊലീസിനോടു വിവരിച്ചു.

ഓഗസ്റ്റ് 28 ന്റെ ഉച്ചയ്ക്ക് അവൾ പാരീസ് ബസാറിലെത്തി. അലവന്ദാർ കടയിലുണ്ടായിരുന്നു. അയാളോടവൾ രഹസ്യമായി സംസാരിച്ചു. തന്റെ ഭർത്താവ് കേരളത്തിൽ പോയിരിയ്ക്കുകയാണെന്നും, സമയമുണ്ടെങ്കിൽ തന്റെ വീടു വരെ വരണമെന്നുമായിരുന്നു അവൾ പറഞ്ഞത്. ഇതു കേട്ടപാടെ ആവേശഭരിതനായ അലവന്ദാർ ഉടൻ കട അടച്ച് അവളോടൊപ്പം പോകാൻ റെഡിയായി.

ഇതേ സമയം, ദേവകിയുടെ വീട്ടിൽ പ്രഭാകരമേനോൻ സഹായിപ്പയ്യന്റെ കയ്യിൽ കുറച്ചു പണം കൊടുത്തിട്ട് ടൌണൊക്കെ ചുറ്റിക്കണ്ടുവരാൻ പറഞ്ഞു. ഒരു സിനിമയും കൂടി കണ്ടിട്ടു വന്നാൽ മതിയെന്നു കേട്ടതോടെ അവൻ സന്തോഷം കൊണ്ടു വീർപ്പുമുട്ടി.
ഒരു റിക്ഷയിൽ ദേവകി അലവന്ദാറിനൊപ്പം വീട്ടിലെത്തുമ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല. വീട്ടിൽ കയറി അവൾ വാതിലടച്ചു. അയാളോട് ഇരിയ്ക്കാൻ പറഞ്ഞു.

എന്നാൽ കാമാതുരനായിക്കഴിഞ്ഞിരുന്ന അലവന്ദാർ ഇരിയ്ക്കാനുള്ള മൂഡിലായിരുന്നില്ല. അയാൾ കാമദേവന്റെ ചിരിയോടെ ദേവകിയെ ആലിംഗനം ചെയ്യാനും ചുംബിയ്ക്കാനും ശ്രമിച്ചു. അവൾ തടയാൻ ശ്രമിച്ചിട്ടും അയാൾ പിന്മാറിയില്ല.

അടുക്കളയിൽ നിശ്ചലമായി നിൽക്കുകയായിരുന്നു പ്രഭാകരമേനോൻ. അലവന്ദാറിന്റെ മുന്നിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും അയാളെ അമ്പരിപ്പിയ്ക്കുകയും അത്യാവശ്യം നാലഞ്ചടി കൊടുക്കുകയുമായിരുന്നു അയാളുടെ പ്ലാൻ. എന്നാൽ അലവന്ദാർ അവിടെ ദേവകിയെ ഉപദ്രവിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്ന് ശബ്ദം കേട്ടതിൽ നിന്നും മനസ്സിലായി.

അയാൾക്ക് കോപം ഇരച്ചു കയറി. നോക്കുമ്പോൾ അടുക്കളയിൽ ഉപയോഗിയ്ക്കുന്ന കത്തിയാണു കണ്ടത്. അതുമായി സ്വീകരണമുറിയിലേയ്ക്കു പാഞ്ഞു ചെന്നു. അപ്പോൾ അലവന്ദാർ തന്റെ കൈയ്ക്കുള്ളിലായ ദേവകിയെ ചുംബിയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. കോപം മൂത്ത പ്രഭാകരമേനോൻ തുരുതുരാ അയാളെ കുത്തി. അലവന്ദാർ പിടഞ്ഞു മരിച്ചു.

അപ്പോഴാണു തങ്ങൾ ചെയ്ത പ്രവൃത്തിയുടെ ഗുരുതരാവസ്ഥയെപ്പറ്റി അവർ ആലോചിച്ചത്. കണ്മുന്നിൽ ഒരാൾ മരിച്ചുകിടക്കുന്നു. അവിടെങ്ങും രക്തം ചിതറിയിരിയ്ക്കുന്നു. ഒരു നിമിഷം കൊണ്ട് തങ്ങൾ കൊലപാതകികളായിരിയ്ക്കുന്നു.. ദേവകി ബോധരഹിതയായി..

എങ്ങനെയും രക്ഷപ്പെടണമെന്ന ചിന്ത പ്രഭാകരമേനോനെ യാഥാർത്ഥ്യത്തിലേയ്ക്കു മടക്കിക്കൊണ്ടു വന്നു. അയാൾ ദേവകിയെ ഉണർത്തി. അലവന്ദാറിന്റെ ബോഡി മറവു ചെയ്യാൻ അവരൊരു പ്ലാൻ ആസൂത്രണം ചെയ്തു. നാട്ടിൽ നിന്നും സാധനങ്ങൾ കൊണ്ടു വന്ന വലിയൊരു ട്രങ്ക് പെട്ടി അവിടെ ഉണ്ടായിരുന്നു. അതു കൊണ്ടു വന്നു. ആളെ തിരിച്ചറിയാതിരിയ്ക്കാൻ തല ഛേദിച്ചു മാറ്റി. അയാളുടെ വസ്ത്രങ്ങളും മാറ്റി. തുടർന്ന് ബോഡി ട്രങ്ക് പെട്ടിയിലാക്കി. ശിരസ്സ് അലവന്ദാറിന്റെ ഷർട്ടിൽ പൊതിഞ്ഞു.

അതിനു ശേഷം മുറി കഴുകി വൃത്തിയാക്കി. ടൌണിൽ കറങ്ങാൻ പോയ പയ്യൻ തിരികെ എത്തും മുൻപ് അവർ വീടു പൂട്ടിയിറങ്ങി, ഒരു ദീർഘയാത്രയ്ക്കൂള്ള ഒരുക്കങ്ങളോടെ. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബോട്ട് മെയിൽ ട്രെയിൻ പുറപ്പെടാൻ തയ്യാറായി പ്ലാറ്റു ഫോമിലുണ്ടായിരുന്നു. പ്രഭാകരമേനോൻ ഒരു പോർട്ടറുടെ സഹായത്തോടെ ആ ട്രങ്ക്പെട്ടി ട്രെയിനിൽ കയറ്റുമ്പോൾ, അല്പം മാറി ദേവകി നിൽപ്പുണ്ടായിരുന്നു. ദേവകിയെ സ്റ്റേഷനിൽ നിർത്തിയ മേനോൻ ഒരു റിക്ഷാ പിടിച്ച് റോയപുരം കടൽ തീരത്തേയ്ക്കു പോയി.

അയാളുടെ കൈയിലെ കെട്ടിൽ അലവന്ദാറിന്റെ ശിരസ്സ് ഉണ്ടായിരുന്നു. ആളൊഴിഞ്ഞ് ഒരിടത്ത് മണലിൽ കുഴിയുണ്ടാക്കി അതു മൂടിയിട്ടു. (വേലിയിറക്കസമയമായിരുന്നു അത്. പിന്നീട് വേലിയേറ്റമുണ്ടായപ്പോൾ തിരകൾ അടിച്ച് മണൽ മാറിയതു കൊണ്ടാണു അതു വെളിയിൽ വരാൻ ഇടയായത്. ഒരു പക്ഷെ അയാളതു കടലിൽ എറിഞ്ഞു കളഞ്ഞിരുന്നെങ്കിൽ കണ്ടെടുക്കപ്പെടില്ലായിരുന്നു). തിരികെ സ്റ്റേഷനിലെത്തിയ മേനോനും ദേവകിയും അടുത്ത ട്രെയിനിൽ ബോംബെയ്ക്കു പുറപ്പെട്ടു.

പൊലീസ് എത്തുമ്പോൾ പ്രഭാകരമേനോൻ അവിടെ ഇല്ലായിരുന്നു. എവിടെയാണെന്ന് ദേവകിയ്ക്ക് അറിയുകയുമില്ലായിരുന്നു. പൊലീസ് അയാൾക്കു വേണ്ടി അന്വേഷണമാരംഭിച്ചു. അയാൾ ചൌപാട്ടി ബീച്ചിൽ ഉണ്ടെന്നു അധികം വൈകാതെ തന്നെ പൊലീസ് കണ്ടെത്തി. താടിയും മുടിയുമെല്ലാം വടിച്ച് മറ്റൊരു രൂപത്തിലായിരുന്നു അയാൾ. ഹിന്ദി അറിയാത്ത, മലയാളം മാത്രം അറിയുന്ന അയാൾ പ്രഭാകരമേനോനാണെന്നു മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പോരാഞ്ഞിട്ട് അയാളുടെ പോക്കറ്റിൽ ഒരു ഫൌണ്ടൻ പേനയുമുണ്ടായിരുന്നു. ജെം&കമ്പനി വിതരണം ചെയ്യുന്ന അതേയിനം പേന.

അറസ്റ്റിലായ ദേവകിയെയും പ്രഭാകരമേനോനെയും പൊലീസ് മദ്രാസിലേയ്ക്കു കൊണ്ടുവന്നു. പത്രങ്ങളുടെ മുൻപേജുകൾ അലവന്ദാർ കൊലക്കേസു കൊണ്ടു നിറഞ്ഞു.

കേസിൽ ദൃക്സാക്ഷികൾ ആരുമുണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകൾ മാത്രം. ഈ സാഹചര്യത്തിൽ ദേവകിയെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് ഒരു ശ്രമം നടത്തി. എങ്ങനെയും പ്രഭാകരമേനോനു പരമാവധി ശിക്ഷ മേടിച്ചു കൊടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അവൾ അതിനു തയ്യാറായില്ല. തനിയ്ക്കു വേണ്ടിയാണു ഭർത്താവ് ഈ കൃത്യം ചെയ്തതെന്ന് അവർക്കറിയാമായിരുന്നു.

മദ്രാസ് ഹൈക്കോടതിയിലെ ക്രിമിനൽ സെഷൻസ് കോടതിയിൽ കേസ് വിചാരണയ്ക്കെത്തി. അയിലം സുബ്രഹ്മണ്യ പഞ്ചാപകേശൻ അയ്യർ ആയിരുന്നു സെഷൻസ് ജഡ്ജി. മദ്രാസിൽ അന്നു ജൂറി സമ്പ്രദായമാണുണ്ടായിരുന്നത്. ചില ജൂനിയർ അഡ്വക്കേറ്റുകളും മദ്രാസിലെ പ്രമുഖരായ ചിലരും ഉൾപ്പെടുന്ന 9 പേരുള്ള ജൂറിയുടെ മുന്നിലാണു കേസ് വിചാരണ ആരംഭിച്ചത്.

1953 മാർച്ച് 13 നു വിചാരണ ആരംഭിച്ചു. കോടതിയിലും പരിസരത്തുമായി വലിയൊരു ജനാവലിയാണ് തടിച്ചുകൂടിയത്. പൊലീസ് ബന്ധവസ്സുകൾ തകർന്നതിനാൽ റിസർവ് പൊലീസിനെ വിളിച്ചു.

പ്രോസിക്യൂട്ടർ ഗോവിന്ദസ്വാമിനാഥൻ വാദങ്ങൾ നിരത്തി. കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകമാണിതെന്ന് അദ്ദേഹം ആരോപിച്ചു. സഹായി ആയ പയ്യന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ദേവകിയും ഭർത്താവും അലവന്ദാറെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി പ്രോസിക്യൂട്ടർ പറഞ്ഞു. ആ ഉദ്ദേശത്തോടെ ദേവകി അലവന്ദാരെ അയാളുടെ കടയിൽ നിന്നും വിളിച്ചു വരുത്തി വീട്ടിലെത്തിയ്ക്കുകയായിരുന്നു. അവിടെ കാത്തിരുന്ന ഗോവിന്ദമേനോൻ അയാളെ വകവരുത്തി. തെളിവു നശിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോടെ അതിക്രൂരമായി മൃതദേഹത്തിന്റെ ശിരസ്സറുക്കുകയും ചെയ്തു. തികച്ചും പൈശാചികമായൊരു കൊലപാതകമാണിത്.

എന്നാൽ പ്രതിഭാഗം വക്കീൽ ബി.ടി. സുന്ദർ രാജൻ ഈ വാദങ്ങളെ എതിർത്തു. പ്രതികൾക്ക് അലവന്ദാറെ കൊല്ലണമെന്ന യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല. അവരുടെ വീട്ടിൽ എത്തിയ അലവന്ദാർ ദേവകിയെ ലൈംഗീക ഉദ്ദേശത്തോടെ അവരു സമ്മതമില്ലാതെ കയറിപ്പിടിയ്ക്കുകയും അതു കണ്ട ഭർത്താവ് ദേവകിയെ രക്ഷിയ്ക്കുക എന്ന ഉദ്ദേശത്തോടെ അയാളെ പെട്ടെന്നുണ്ടായ പ്രകോപനത്താൽ ആക്രമിയ്ക്കുകയുമായിരുന്നു. ഇതു ഒരു കൊലപാതകമല്ല, ആത്മരക്ഷാർത്ഥമുള്ള നരഹത്യ മാത്രമാണു. അദ്ദേഹം വാദിച്ചു.

വാദങ്ങളെല്ലാം കേട്ട ജഡ്ജിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. “അലവന്ദാർ, നികൃഷ്ടനും മ്ലേച്ചനുമായ ഒരു ക്ഷുദ്രജീവിയായിരുന്നു. ഇത്തരം ആൾക്കാരെ സമൂഹത്തിൽ നിന്നും ഇല്ലാതാക്കുന്നതു തന്നെയാണു ഉചിതം.!“ പ്രതിഭാഗം വക്കീലിന്റെ വാദങ്ങളോടായിരുന്നു അദ്ദേഹത്തിനു യോജിപ്പ്. എന്നാൽ ജൂറി, പ്രതികൾ കുറ്റം ചെയ്തതായിട്ടാണു കണ്ടെത്തിയത്. 1953 ആഗസ്റ്റ് 13 നു, ജൂറിയുടെ കണ്ടെത്തൽ അംഗീകരിച്ചുകൊണ്ട് ജഡ്ജി വിധി പുറപ്പെടുവിച്ചു.

പ്രഭാകരമേനോനെ 7 വർഷം കഠിന തടവിനും ദേവകിയെ മൂന്നുവർഷത്തെ തടവിനും ശിക്ഷിച്ചു. പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പൊലീസിനും മറ്റുള്ളവർക്കും വളരെ നിരാശയുണ്ടാക്കുന്നതായിരുന്നു ഈ വിധി. ജഡ്ജി മലയാളി ആയിരുന്നതിനാൽ അദ്ദേഹം മനപൂർവം പ്രതികൾക്കനുകൂലമായി വിധിയ്ക്കുകയയൈരുന്നു എന്നൊരു മുറുമുറുപ്പ് പലയിടത്തുമുണ്ടായി. മേനോനു അപ്പീൽ പോകണമെന്നുണ്ടായിരുന്നെങ്കിലും പ്രതിഭാഗം വക്കീൽ തടഞ്ഞു. മേൽക്കോടതിയിൽ പോയാൽ വധശിക്ഷ വരെ ലഭിച്ചേക്കാമെന്നയാൾ പറഞ്ഞു. അതോടെ പ്രതികൾ അപ്പീൽ പോയില്ല.

ജയിലിലെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു പേരെയും ശിക്ഷാകാലാവധിയ്ക്കു മുൻപേ മോചിപ്പിച്ചു. ജയിലിൽ നിന്നു വെളിയിലിറങ്ങിയ പ്രഭാകര മേനോനും ദേവകിയും കേരളത്തിലേയ്ക്കു തിരികെ വന്നു. പിന്നീടുള്ള കാലം അവർ സന്തോഷപൂർവം ജീവിച്ചു. അവരുടെ പൂജാമുറിയിൽ ദേവന്മാരുടെ ചിത്രങ്ങൾക്കൊപ്പം മറ്റൊരു ചിത്രവുമുണ്ടായിരുന്നത്രേ, ജസ്റ്റീസ്. അയിലം സുബ്രഹ്മണ്യ പഞ്ചാപകേശൻ അയ്യരുടെ ചിത്രം.

(END)

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!