fbpx Press "Enter" to skip to content

“റോ“ ഒരു കേസ് ഡയറി….

1997 ഓഗസ്റ്റ് മാസത്തിലെ സായാഹ്നം. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ താമേൽ ഏരിയ. അവിടെയാണു നക്ഷത്രഹോട്ടലായ ജഗത്. നേരം ഇരുട്ടിക്കഴിഞ്ഞിരിയ്ക്കുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞു. പ്രകാശപൂരിതമായ ഹോട്ടലിന്റെ കോർട്ട് യാർഡിനപ്പുറം, ഗേറ്റിനു വെളിയിൽ മങ്ങിയ വെളിച്ചമേയുള്ളു. അവിടെ ഒരു കറുത്ത കാർ റോഡരുകിൽ ഒതുക്കിയിട്ടിരുന്നു. ഡ്രൈവറടക്കം നാലുയാത്രക്കാരുണ്ട്. അവർ നിശബ്ദരായിരുന്നു..

അല്പനേരം കഴിഞ്ഞപ്പോൾ ഒരു എയർപോർട്ട് ടാക്സി ഹോട്ടലിലെത്തി. അതിൽ നിന്നും ഫുൾസ്യൂട്ട് ധരിച്ച ഒരു സിക്കുവേഷധാരി ഇറങ്ങി. കൈയിൽ ലഗേജ് ട്രോളി. അയാളെ ഇറക്കി ടാക്സി തിരികെ പോയതോടെ പുറത്തെ കാറിലിരുന്നവരുടെ വയർലെസ് ഓണായി. ആർക്കോ ഒരു സന്ദേശം പോയി.

അല്പസമയത്തിനകം, നേപ്പാളി പോലീസിന്റെ ഒരു വാഹനം ഹോട്ടലിലെത്തി. അതിൽ നിന്നും മുതിർന്ന ഒരു പോലീസ് ഓഫീസറും കുറേ പോലീസുകാരും ഇറങ്ങി. അല്പം മുൻപ് അവിടെയെത്തിയ സിക്കുകാരന്റെ റൂം അവർ റിസപ്ഷനിൽ അന്വേഷിച്ചു. റിസപ്ഷനിൽ ഇരുന്ന ആളെയും കൂട്ടി സിക്കുകാരന്റെ മുറിയിലേയ്ക്കവർ പോയി. ഈ സമയം പുറത്തെ കാറിലിരുന്നവർ ഹോട്ടൽ ഗേറ്റിൽ ചുറ്റിപ്പറ്റി നിൽപ്പുണ്ടായിരുന്നു.

അല്പസമയത്തിനകം പോലീസ് ആ സിക്കുകാരനെയും കൂട്ടി പുറത്തേയ്ക്കു വന്നു. അയാൾ കുതറുകയും ശക്തിയായി പ്രതിഷേധിയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്താണു താൻ ചെയ്ത കുറ്റമെന്ന് അയാൾക്ക് മനസ്സിലായില്ല.

പോലീസ് അയാളെ വാഹനത്തിൽ കയറ്റി ഗേറ്റിനു വെളിയിലിറങ്ങി. ഉടനെ ഗേറ്റിൽ ചുറ്റിപ്പറ്റി നിന്ന കാർ യാത്രക്കാർ പോലീസ് വാഹനത്തിനടുത്തേയ്ക്ക് ഓടിച്ചെന്നു. അവരെ കണ്ട് ഓഫീസർ വാഹനം നിർത്താൻ പറഞ്ഞു. ഓടിവന്നവരിൽ രണ്ടുപേർ പോലീസ് വാഹനത്തിലിരുന്ന സിക്കുകാരനെ വലിച്ചു പുറത്തിറക്കി, മറ്റൊരാൾ നിമിഷങ്ങൾക്കകം അയാളുടെ കണ്ണുമൂടിക്കെട്ടി. മറ്റൊരാൾ വായ്ക്കു ചുറ്റും ടേപ്പും ചുറ്റി. എല്ലാം നിമിഷങ്ങൾ കൊണ്ടായിരുന്നു. ഇതു കഴിഞ്ഞതും അവർ പോലീസ് ഓഫീസറെ സല്യൂട്ട് ചെയ്തു. സിക്കുകാരനെ കാറിൽ കയറ്റി ഇരുട്ടിലേയ്ക്കു ഓടിച്ചു പോയി.

ഏതാനും ദിവസങ്ങൾക്കു ശേഷം ഡെൽഹിയുടെ പ്രാന്തപ്രദേശങ്ങളിലെവിടെയോ ഉള്ള ഒരു രഹസ്യസങ്കേതത്തിൽ, അവശനായ ആ സിക്കുകാരൻ ഒരു കസേരയിൽ കൈയിൽ വിലങ്ങുമായി, തന്റെ മുന്നിലിരിയ്ക്കുന്ന ഓഫീസറെ ദയനീയമായി നോക്കി.

“മിസ്റ്റർ ഭൂപീന്ദർ സിംഗ് ബൂഡാ, നിങ്ങൾ ഞങ്ങളോടു സഹകരിയ്ക്കണം.. സഹകരിച്ചേ മതിയാകു, മറ്റൊരു മാർഗവും നിങ്ങളുടെ മുന്നിൽ ബാക്കിയില്ല. ഓഫീസർ അയാളോടു പറഞ്ഞു. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയായ Research & Analysis Wing (RAW) യുടെ ഒരു രഹസ്യ ഇന്റെറോഗേഷൻ സെന്റർ ആയിരുന്നു അത്.

ഭൂപീന്ദർ സിംഗ് ബൂഡാ, ചെറിയ ആളല്ലായിരുന്നു. “ഖാലിസ്റ്റാൻ കമാൻഡോ ഫോഴ്സ്” എന്ന സിക്ക് തീവ്രവാദി സംഘടനയുടെ നേതാക്കളിലൊരാൾ. പാകിസ്താനിലെ കറാച്ചിയിൽ നിന്നും കാഠ്മണ്ഡുവിലെത്തിയതാണ്. ഇന്ത്യയിൽ നിന്നും എത്തുന്ന ഒരു സംഘവുമായുള്ള കൂടിക്കാഴ്ച, അതായിരുന്നു പ്ലാൻ.
ബൂഡയെ കുറേ ഏറേ ദിവസങ്ങൾ ചോദ്യം ചെയ്തതിൽ നിന്നും “റോ”യ്ക്ക് കിട്ടിയത് അമ്പരപ്പിയ്ക്കുന്ന വിവരങ്ങളാണ്. കാഠ്മണ്ഡുവിൽ, പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ISI അതിവിപുലമായ നെറ്റ്വർക്ക് കെട്ടിപ്പടുത്തിരിയ്ക്കുന്നു. ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക് വേണ്ട ആയുധവും പണവും ഒഴുക്കുന്നത് നേപ്പാളിലെ ഈ നെറ്റുവർക്ക് വഴിയാണ്.

നേപ്പാളിലെ പാകിസ്ഥാൻ എംബസിയാണ് അതിന്റെ പ്രഭവകേന്ദം.
പാക് നയതന്ത്ര ഉദ്യോഗസ്ഥനായ മുഹമ്മദ് അർഷാദ് ചീമ നേപ്പാളിൽ ചില വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും പടുത്തുയർത്തിയിരുന്നു. നേപ്പാളിലെ ചില മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണു അവ സ്ഥാപിച്ചിരുന്നത്. എന്നാൽ അവയുടെ യഥാർത്ഥ ലക്ഷ്യം, ISI യുടെ പ്രവർത്തനങ്ങൾക്ക് മറപിടിയ്ക്കുക എന്നതായിരുന്നു. ആഴ്ചയിൽ നാലു വിമാനസർവീസുകളാണു പാകിസ്ഥാനിൽ നിന്നും കാഠ്മണ്ഡുവിലേയ്ക്കു ഉണ്ടായിരുന്നത്.

വാസ്തവത്തിൽ ഇവയിലെ യാത്രക്കാർ അധികവും തീവ്രവാദികളോ ISI ഓപറേറ്റിവുകളോ ആയിരുന്നു. വലിയ തോതിൽ ആയുധ കടത്തിനും ഈ സർവീസുകൾ ഉപയോഗിച്ചിരുന്നു. കാഠ്മണ്ഡുവിലെത്തുന്ന ആയുധങ്ങൾ അതിർത്തിവഴി ഉത്തർപ്രദെശീലേയ്ക്കോ ബീഹാറിലേയ്ക്കോ കടത്തും. അവ ഇന്ത്യയിലെ തീവ്രവാദികളുടെ കൈകളിലുമെത്തും.

ഇത്തരമൊരു നെറ്റ്വർക്ക് ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥനു എങ്ങനെ നേപ്പാളിൽ പടുത്തുയർത്താനാവും എന്നതായിരുന്നു റോയുടെ സംശയം. നേപ്പാളിലെ സർക്കാരും പോലീസും ഇന്ത്യയോട് സഹകരിയ്ക്കുന്നവരാണ്. എന്നിട്ടും പാകിസ്ഥാനു ഇങ്ങനെയൊരു നെറ്റ്വർക്ക് ഉണ്ടാക്കണമെങ്കിൽ മറ്റു സഹായം കിട്ടിയിരിയ്ക്കണം.
“റോ”യുടെ നേപ്പാൾ നെറ്റ്വർക്ക് അർഷാദ് ചീമയുടെ മേൽ കണ്ണുവച്ചു. നിരന്തര നിരീക്ഷണങ്ങൾക്കൊടുവിൽ അവർ ആ സഹായിയെ കണ്ടെത്തി.

നേപ്പാളിലെ പാർലമെന്റംഗം ആയ മിർസ ദിൽഷാദ് ബേഗ് ആയിരുന്നു. നേപ്പാളിലെ മുസ്ലീം ന്യൂനപക്ഷ പ്രതിനിധിയായി, തുടർച്ചയായി അയാൾ പാർലമെന്റിൽ അംഗമായിക്കൊണ്ടിരുന്നു.
മിർസയുടെ ബന്ധങ്ങളും പൂർവകാലവും ചികഞ്ഞ ‘റോ”യ്ക്ക് അമ്പരപ്പിയ്ക്കുന്ന വിവരങ്ങളാണു ലഭിച്ചത്.
ഉത്തർപ്രദേശിലെ ഗോരഖ് പുരിൽ ജനിച്ച മിർസ കാർമോഷണം, പിടിച്ചു പറിയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം മുതലായവയിലൂടെയാണു മെല്ലെ മെല്ലെ വളർന്നത്. അയാളുടെ പിൽക്കാലചെയ്തികൾ വച്ചു നോക്കുമ്പോൾ ഇവയൊക്കെ നിസാരകുറ്റങ്ങളാണെന്നു തോന്നാം.

1980 കളുടെ ആദ്യപകുതിയിൽ, മുംബായിൽ വെച്ചു ദാവൂദ് ഇബ്രാഹിമുമായി ഒരു കൂടിക്കാഴ്ച തരപ്പെട്ടതോടെയാണ് മിർസയുടെ ജീവിതം മാറിമറിഞ്ഞത്. ദാവൂദും വളർന്നുവരുന്ന കാലഘട്ടം. ദാവൂദിനെ കൂടാതെ ഛോട്ടാ രാജൻ, ഛോട്ടാ ഷക്കീൽ, അശ്വിൻ നായിക്ക്, പത്താൻ സിണ്ടിക്കെറ്റ് മുതലായ അധോലോകരുമായും മിർസ ബന്ധം വെച്ചിരുന്നു.

ഇന്ത്യയിൽ വേരുറപ്പിയ്ക്കാൻ പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസി ISI കരുക്കളെ തേടിക്കൊണ്ടിരിയ്ക്കുകയായിരുന്നു അപ്പോൾ. ദാവൂദും മിർസയും അതിനു പറ്റിയ ആൾക്കാരെന്ന് അവർക്കു ബോധ്യപ്പെട്ടു. ഉത്തർ പ്രദേശിലെ വിശാലമായ ഇന്ത്യാ-നേപ്പാൾ അതിർത്തിവഴി മിർസയുടെ നേതൃത്വത്തിൽ ആയുധങ്ങളും പണവും ഇന്ത്യയിലേയ്ക്കു കടത്തപ്പെട്ടു. യു പി പോലീസിനു മിർസ ഒരു തലവേദനയായി. അവർ, മിർസയുടെ അറസ്റ്റിനു സഹായിയ്ക്കുന്നവർക്ക് വൻതുക റിവാർഡ് പ്രഖ്യാപിച്ചു. അയാൾ നേപ്പാളിലേയ്ക്കു മുങ്ങി.
ഇന്ത്യയേക്കാൾ കളിയ്ക്കാൻ സൌകര്യം നേപ്പാൾ ആണെന്നു മിർസയ്ക്കു മനസ്സിലായി.

ഇന്ത്യയിലേയ്ക്കു കടക്കാൻ നേപ്പാളിനേക്കാൾ പറ്റിയ കവാടം ഇല്ലെന്നറിയാമായിരുന്ന ISI ദാവൂദിന്റെ സ്വാധീനത്തിൽ മിർസയെ നേപ്പാൾ രാഷ്ട്രീയത്തിലിറക്കി. നേപ്പാളിലെ മുസ്ലീം ന്യൂനപക്ഷത്തിൽ വർഗീയ കാർഡിറക്കി കളിച്ച മിർസ അധികം വൈകാതെ അവരുടെ നേതാവായി. നേപ്പാൾ സദ്ഭാവന പാർടിയുടെ പ്രതിനിധിയായി, കപിലവാസ്തു മണ്ഡലത്തിൽ നിന്നും അയാൾ പാർലമെന്റംഗമായി. കാബിനറ്റ് പദവിയുള്ള ചില സ്ഥാനങ്ങൾ അയാൾക്ക് ലഭിച്ചു. തൂടർന്ന് മിർസ രാഷ്ട്രീയ പ്രജാ തന്ത്രപാർടിയിൽ ചേർന്ന് വീണ്ടും പാർലമെന്റംഗമായി.

ഇക്കാലത്ത് മിർസയുടെ പൂർവകാലചരിത്രങ്ങളെ പറ്റി ചില അഭ്യൂഹങ്ങളുണ്ടായത് രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തി. കാഠ്മണ്ഡുവിലെ മിർസയുടെ കൃഷ്ണനഗർ മാൻഷൻ അയാളുടെ അധോലോക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. മയക്കുമരുന്നു ഇടപാടുകൾ, ആയുധ കള്ളക്കടത്ത്, വ്യാജ ഡോക്കുമെന്റ് നിർമ്മാണം ഇവയെല്ലാം അവിടെ നടന്നു. ISI യ്ക്ക് നേപ്പാളിൽ വേരുറപ്പിയ്ക്കാനും ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനുമെല്ലാം അവിടം ഉപയോഗിയ്ക്ക്പപെട്ടു.

മുംബായിലെ ചില അധോലോക അക്രമങ്ങളുമായി ബന്ധപ്പെട്ട്, ക്രൈം ബ്രാഞ്ചിന്റെ അന്വേഷണങ്ങൾ ചെന്നെത്തിയത് കൃഷ്ണനഗർ മാൻഷനിലേയ്ക്കായിരുന്നു. ഇന്ത്യയിൽ അക്രമം നടത്തുന്ന അധോലോക ക്രിമിനലുകൾക്ക് അഭയം ലഭിയ്ക്കുന്നത് മിർസയുടെ ആ സങ്കേതത്തിലായിരുന്നു. നേപ്പാൾ രാഷ്ട്രീയത്തിലെ അതികായനെ കൈവെക്കാൻ ഇന്ത്യൻ ഏജൻസികൾക്കു കഴിയുമായിരുന്നില്ല.
മിർസയെ ഇല്ലാതാക്കുവാൻ ഇന്ത്യൻ ഏജൻസികൾ തീരുമാനിച്ചു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക.
മുംബയിലെ കൊളാബ ജയിലിൽ ഒരു ബിഗ് ഡോൺ അപ്പോൾ ഉണ്ടായിരുന്നു.

ബബ്ലൂ ശ്രീവാസ്തവ. മിർസ ദിൽ ഷാദ് ബേഗിന്റെ പഴയ കൂട്ടാളി. നേപ്പാളി പാസ്പോർട്ടുണ്ടായിരുന്ന ബബ്ലൂ സിംഗപൂരിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ടു. മിർസയുടെ സഹായം പ്രതീക്ഷിച്ചിരുന്ന ബബ്ലൂവിനു പക്ഷേ, തന്റെ നേപ്പാളി പാസ്പോർട്ട് ക്യാൻസൽ ചെയ്യപ്പെട്ടു എന്ന വാർത്തയാണു ലഭിച്ചത്. ഇന്ത്യയുടെ ആവശ്യപ്രകാരം അയാളെ സിംഗപ്പൂർ പോലീസ്, മുംബായ് പോലീസിനു കൈമാറി. മിർസ തന്നെ ചതിച്ചതാണെന്ന് ബബ്ലൂ ഉറച്ചു വിശ്വസിച്ചു. ഇതേ സമയം തന്നെ, ദാവൂദും ഛോട്ടാരാജനും തമ്മിൽ ഉഗ്ര ഏറ്റുമുട്ടൽ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ദാവൂദിന്റെ മിത്രം ഛോട്ടാ രാജന്റെ ശത്രു.

മുംബായിലെ ഗുൽഷൻ കുമാർ വധക്കേസിലെ മുഖ്യപ്രതി, വിക്രം വാഹി ഇതേസമയം നേപ്പാളിൽ ഒളിവിലുണ്ടായിരുന്നു. ഒരു ദിവസം വാഹിയുടെ ഒളിവു സങ്കേതം നേപ്പാളി പോലീസ് റെയ്ഡ് ചെയ്തു. അയാൾ അറസ്റ്റു ചെയ്യപ്പെട്ടു. ദിവസങ്ങൾക്കു ശേഷം വാഹിയുടെ ജഡം ഇന്ത്യാ നേപ്പാൾ അതിർത്തിയിൽ ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കണ്ടെത്തി. വിക്രം വാഹി, ബബ്ലു ശ്രീവാസ്തവയുടെ വിശ്വസ്ഥനായിരുന്നത്രേ. ഇതിനു പിന്നിലും മിർസയാണെന്നു ബബ്ലൂ ഉറപ്പിച്ചു.

“റോ“യുടെ ഏജന്റുകൾ ബബ്ലൂവിനെ ജയിലിൽ സന്ദർശിച്ചു. മറ്റൊരു സംഘം ഛോട്ടാരാജനുമായും ബന്ധം വെച്ചു. മിർസയുടെ സകല വിവരങ്ങളും അവർക്കു കൈമാറ്റം ചെയ്തു.
നേപ്പാളിലെ കൃഷ്ണനഗറിൽ തന്നെയുള്ള ചെറിയൊരു ഡോൺ ആണു ഷാഫി മുഹമ്മദ് ഖാൻ. മയക്കു മരുന്നു കടത്തിൽ മിർസയുടെ പങ്കാളി. മുംബയിലായിരുന്ന ഷാഫിയെ, ഒരു ദിവസം നേപ്പാൾ പോലീസ് മുംബയിലെത്തി അറസ്റ്റു ചെയ്തു. മിർസയുടെ സഹായം പ്രതീക്ഷിച്ച ഷാഫിയ്ക്കു പക്ഷേ നിരാശയായിരുന്നു ഫലം, അയാൾ തിരിഞ്ഞു നോക്കിയില്ല. മിർസ തന്നെ ചതിച്ചതാണെന്നു ഷാഫിയും കരുതി.

ബബ്ലു ശ്രീവാസ്തവയുടെ ഏജന്റ്, ഷാർപ്പ് ഷൂട്ടർ കരൺ സിംഗ് മഗ്ഗ, ഛോട്ടാ രാജന്റെ ഏജന്റ് രോഹിത് വർമ്മ എന്നിവർ നേപ്പാളിലേയ്ക്കു പുറപ്പെട്ടു. അവർക്ക് സേഫ് ഹൌസ് ഒരുക്കാനായി ഷാഫിയെ ചുമതലപ്പെടുത്തി. മഗയും രോഹിതും ഷാഫിയും കാഠ്മണ്ഡുവിൽ സന്ധിച്ചു. റോ” യുടെ നേപ്പാളിലെ നെറ്റ്വർക്ക് രഹസ്യമായി ഇതിനു വേണ്ട കരുക്കൾ നീക്കി കൊടുത്തു..
കാഠ്മണ്ഡുവിലെ ചബഹിൽ ഏരിയ. അവിടെയാണു സിഫാലിന്റെ കൂറ്റൻ ബംഗ്ലാവ്. മിർസാ ദിൽഷാദ് ബേഗിന്റെ രണ്ടാം ഭാര്യയാണു സിഫാൽ. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മിർസ അവിടെയുണ്ടാകും.

1998 ജൂൺ 29. സമയം രാത്രി 9.30
സിഫാലിന്റെ ബംഗ്ലാവിനു പുറത്ത് മിർസയുടെ കാർ പാർക്കു ചെയ്തിട്ടുണ്ട്. ഡ്രൈവർ വണ്ടിയിൽ.
അപ്പോൾ മിർസ ഗേറ്റ് തുറന്ന് പുറത്തേയ്ക്കു വന്നു. ഡ്രൈവർ ഇറങ്ങി യജമാനനു ഡോർ തുറന്നു കൊടുത്തു. മിർസ കാറിലേയ്ക്കു കാൽ വച്ചതും ഇരുട്ടിൽ നിന്നും ഒരു ബുള്ളറ്റ് മൂളിപ്പറന്നു വന്നു. പുറകെ തുടർച്ചയായി പിന്നെയും പിന്നെയും…

തലയോട് തകർന്ന് മിർസാ ദിൽഷാദ് ബേഗ് തൽക്ഷണം മരിച്ചു. ഡ്രൈവറും ഒപ്പം മരിച്ചു വീണു.
ഇരുട്ടിൽ നിന്നും ഒരു കാർ പാഞ്ഞു പോയി..
മിർസയുടെ ഘാതകരെ ഒരിയ്ക്കലും പുറം ലോകത്തിനു തിരിച്ചറിയാനായില്ല. ഒരു പക്ഷേ അതു റോയുടെ ഏജന്റുമാർ തന്നെയാവാം, കാരണം മുംബായിൽ നിന്നും എത്തിയ കൊലയാളി സംഘത്തിനു കാഠ്മണ്ഡുവിൽ ഒരു സേഫ് ഹൌസ് അപ്പോഴും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

മിർസയുടെ മരണത്തോടെ, നേപ്പാളിലെ ISI പ്രവർത്തനങ്ങൾ മന്ദീഭവിയ്ക്കുമെന്നു കരുതിയെങ്കിലും അങ്ങനെയല്ല സംഭവിച്ചതെന്ന്, 1999 ഡിസംബർ 24 നു ഇന്ത്യയ്ക്കു മനസ്സിലായി. അന്നാണു കാഠ്മണ്ഡു – ന്യൂ ഡെൽഹി എയർ ഇന്ത്യാ വിമാനം അഞ്ച് പാകിസ്ഥാൻ തീവ്രവാദികൾ കണ്ടഹാറിലേയ്ക്കു തട്ടിക്കൊണ്ടു പോയത്.
ഒരു റെസ്ക്യൂ മിഷനുള്ള ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ അപേക്ഷയെ അവഗണിച്ച്, ഇന്ത്യൻ സർക്കാർ റാഞ്ചികളുടെ ആവശ്യങ്ങൾക്കു വഴങ്ങി ജയിലിൽ കിടന്ന തീവ്രവാദികളെ മോചിപ്പിച്ചു.

നേപ്പാളിലെ പ്രവർത്തനങ്ങൾക്ക് മറ്റൊരു മുഖം നൽകേണ്ടതിന്റെ ആവശ്യകത “റോ“യ്ക്കു ബോധ്യമായി. അതിനെ പറ്റി സർക്കാരിനെ ബോധ്യപ്പെടുത്താനും അനുമതി നേടാനും അവർക്കായി.
“The Rendition Program“ എന്ന പേരിൽ ഒരു മിഷൻ അവർ ആരംഭിച്ചു..

<<<<<<<<>>>>>>>>>

The Rendition Program –RAW – 2
———————————————–
1999-ൽ എയർ ഇന്ത്യാ വിമാനം കാണ്ഡഹാറിലേയ്ക്കു തട്ടിക്കൊണ്ടു പോയ തീവ്രവാദികൾ മോചനം ആവശ്യപ്പെട്ട തടവുകാരിൽ പ്രമുഖനായിരുന്നു ഹർകത്ത്-ഉൽ- ഇസ്ലാമി സ്ഥാപകനായ നസ്രുള്ള ലംഗ്രിയാൽ. അയാൾ അപ്പോൾ രാജസ്ഥാൻ ജയിലിലാണുണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ സർക്കാർ അയാളെ മോചിപ്പിയ്ക്കാൻ ഒരുക്കമല്ലായിരുന്നു. കണ്ഡഹാറിൽ കൈമാറിയ തടവുകാരിൽ അയാൾ ഉണ്ടായിരുന്നില്ല, നസ്രുള്ള ഇന്ത്യൻ ജയിലിൽ തന്നെ തുടർന്നു.

മറ്റൊരു ഓപറേഷനിലൂടെ നസ്രുള്ളയെ മോചിപ്പിയ്ക്കാൻ ISI തീരുമാനിച്ചു. ഇന്ത്യയിലെ പ്രമുഖരായ ചിലരെ തട്ടിയെടുത്തിട്ട് അവരുടെ മോചനത്തിനു പകരമായി നസ്രുള്ളയുടെ മോചനമായിരുന്നു പദ്ധതി. തട്ടിയെടുക്കാൻ ഉന്നമിട്ടത് ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറെയും ക്യാപ്ടൻ സൌരവ് ഗാംഗുലിയെയും..! കൂടാതെ അന്നത്തെ DRDO ഡയറക്ടർ എ പി ജെ അബ്ദുൾ കലാമിനെ കൊലപ്പെടുത്താനും പദ്ധതിയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.

ഓപറേഷനായി ISI തിരഞ്ഞെടുത്തത് ലഷ്കർ – ഇ- ത്വായിബ മിലിട്ടന്റ് ആയ താരിഖ് മഹമൂദ് എന്ന യാളെയാണ്. കണ്ഡഹാർ ഹൈജാക്കിംഗിലൂടെ മോചിപ്പിച്ച ഒമാർ ഷെയിഖ് ആണത്രേ മഹമൂദിനു ട്രെയിനിംഗ് നൽകിയത്. ഇന്ത്യയിലേയ്ക്കു കടക്കുന്നതിനു മുന്നോടിയായി ഹിന്ദിയിൽ ഒരു പ്രത്യേക കോഴ്സു തന്നെ മഹമൂദിനു നൽകപ്പെട്ടു. (പാകിസ്ഥാനികളുടെ ഉറുദു സംസാരരീതി വ്യത്യസ്ഥമാണ്) കൂടാതെ ഇന്ത്യൻ വസ്ത്രധാരണ രീതി, ആഹാര രീതി, ആചാരക്രമങ്ങൾ ഇതെല്ലാം മഹമൂദിനെ പഠിപ്പിച്ചു.

2001 ഒക്ടോബറിൽ താരിഖ് മഹമൂദ് നേപ്പാളിലേയ്ക്കു പുറപ്പെട്ടു. അവിടുത്തെ ISI നെറ്റ്വർക്കിനു മറയായി നടത്തിക്കൊണ്ടു പോകുന്ന ഒരു സ്ഥാപനത്തിലെ ജീവനകാരനെന്ന വ്യാജേനയാണു അയാൾ കാഠ്മണ്ഡുവിലെത്തിയത്.

കാഠ്മണ്ഡുവിൽ നിന്നുകൊണ്ട് മഹമൂദ് ISI യുടെ ഇന്ത്യയിലെ ചില കണ്ണികളുമായി ബന്ധപ്പെട്ടു. തന്റെ ടാർജറ്റുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങൾ അവർ മുഖാന്തിരം മഹമൂദിനു കിട്ടിക്കൊണ്ടിരുന്നു.

ഇന്ത്യയിൽ നിന്നും കാഠ്മണ്ഡുവിലേയ്ക്കുണ്ടാകുന്ന അസാധാരണ നീക്കങ്ങൾ നേപ്പാളിലെ “റോ” വിംഗിന്റെ ശ്രദ്ധയിൽ പെട്ടു. (നേപ്പാളിലെ പ്രമുഖങ്ങളായ രണ്ടു പത്രങ്ങൾ നടത്തുന്നത് ഇന്ത്യാക്കാരായിരുന്നു. യഥാർത്ഥത്തിൽ അതു “റോ”യുടെ ഒരു സെറ്റപ്പായിരുന്നത്രേ. ഈ ആരോപണം ഉന്നയിച്ചത് നേപ്പാളിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്).

കാഠ്മണ്ഡുവിൽ നിന്നും വിവരം ഡെൽഹിയിലെത്തി. “റോ”യുടെ കണ്ണുകൾ കാഠ്മണ്ഡുവിൽ ആകെ പരതി. ഒടുക്കം ആളെ അവർ കണ്ടെത്തി. താരീഖ് മഹമൂദ്. എന്താണു അയാളുടെ ലക്ഷ്യമെന്നോ നീക്കമെന്നോ പിടികിട്ടിയില്ല. താരീഖിനെ പൊക്കാൻ “റോ” തീരുമാനിച്ചു. ചെറുമീനുകളെ പൊക്കാനുള്ള സ്നാച്ചിംഗ് ഓപറേഷൻ മഹമൂദിന്റെ കാര്യത്തിൽ നടപ്പില്ല. കാരണം ഉയർന്ന ഒരു പാകിസ്ഥാനി ഉദ്യോഗസ്ഥനെ തട്ടിയെടുക്കാൻ നേപ്പാൾ പോലീസ് കൂട്ടു നിൽക്കില്ല. ഇവിടെ തന്ത്രം വേറെ വേണം.

ഇന്ത്യയിൽ നിന്നും മഹമൂദിനെ സ്ഥിരമായി ബന്ധപ്പെടുന്ന ഒരു കണ്ണിയെ “റോ” തപ്പിയെടുത്തു. അധികം വൈകാതെ ആ ഐഡന്റിയിൽ ഉള്ള ഒരാൾ കാഠ്മണ്ഡുവിൽ എത്തി. അയാൾക്കു വേണ്ട രേഖകൾ ഒക്കെ “ഔദ്യോഗിക”മായി തന്നെ തയ്യാർ ചെയ്തതാണ്. കാഠ്മണ്ഡുവിലെത്തിയ ആൾ മഹമൂദുമായി കൂടിക്കണ്ടു. ഇന്ത്യയിൽ നടത്തേണ്ട ഓപ്പറേഷനുകളെ പറ്റിയൊക്കെ ചർച്ചകൾ നടന്നു. പലതവണയായി നടന്ന ഈ കൂടിക്കാഴ്ചയിലൂടെ അയാൾ മഹമൂദിന്റെ വിശ്വാസം നേടിയെടുത്തു. ഇന്ത്യൻ പൌരനാണു താരീഖ് മഹമൂദെന്നു തെളിയിയ്ക്കുന്ന പല “ഔദ്യോഗിക“ രേഖകളും അയാൾ മഹമൂദിനു കൈമാറി.

അവസാനം മഹമൂദ് തന്റെ ഓപ്പറേഷൻ പ്ലാൻ ചെയ്തു. യു.പി- നേപ്പാൾ അതിർത്തിയിലെ രഹസ്യ വഴികളിലൂടെ ഇന്ത്യയിൽ കടക്കുക. അവിടെ നിന്നും ഡൽഹിയിലെ ചില സേഫ് ഹൌസുകളിൽ താമസിച്ച്, തന്റെ ഇന്ത്യൻ കണ്ണികളെ കൂട്ടിയിണക്കുക. സൌകര്യപ്രദമായ അവസരത്തിൽ പദ്ധതി നടപ്പിലാക്കുക.

2001 ഡിസംബർ 20.

മഹമൂദും ഇന്ത്യൻ കൂട്ടാളിയും കാഠ്മണ്ഡുവിൽ നിന്നും വാഹനത്തിൽ യുപി-നേപ്പാൾ അതിർത്തിയിലെ ഒരു രഹസ്യവഴി ലക്ഷ്യമാക്കി വാഹനത്തിൽ പുറപ്പെട്ടു. വിവിധ രേഖകൾ, ആയുധങ്ങൾ, പണം ഇവയെല്ലാം കരുതിയിട്ടുണ്ട്. അതീവ രഹസ്യമായി വനത്തിലൂടെ അവർ അതിർത്തി കടന്നു. മുൻ നിശ്ചയിച്ച എവിടെയോ അവരെ കാത്ത് ഒരു വാഹനമുണ്ടാകും.

അല്പനേരത്തെ സഞ്ചാരത്തിനൊടുവിൽ അവർ ആ വാഹനം കണ്ടെത്തുക തന്നെ ചെയ്തു. സംശയമൊന്നുമില്ലാതെ മഹമൂദും കൂട്ടാളിയും അതിൽ കയറി. അല്പദൂരം ചെന്നതോടെ യു.പി. പോലീസിന്റെ സ്പെഷ്യൽ സെൽ അവരെ വളഞ്ഞു..

മഹ്മൂദ് തരീഖ്, “റോ”യെ സംബന്ധിച്ചിടത്തോളം ഒരു വമ്പൻ സ്രാവ് തന്നെയായിരുന്നു. അയാളിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് പല സ്ഥലങ്ങളിൽ നിന്നായി ആറു തീവ്രവാദികളെ കൂടി അറസ്റ്റു ചെയ്തു.
ജയിലിടയ്ക്കപ്പെട്ട തരീഖ് മഹ്മൂദ്, അവിടെ നിന്നും വിചാരണക്കോടതി ജഡ്ജിയ്ക്കു നൽകിയ ഒരു കത്തിൽ കൂടിയാണു, അയാളെ എങ്ങനെയാണു ഇന്ത്യയിലെത്തിച്ചതെന്ന് പുറം ലോകം അറിഞ്ഞത്.

മഹ്മൂദിന്റെ അറസ്റ്റിനു ശേഷം സ്നാച്ചിംഗ് ഓപ്പറേഷനിലൂടെ എട്ടു പാകിസ്ഥാനികളെക്കൂടി കാഠ്മണ്ഡുവിൽ നിന്നും “റോ” തട്ടിയെടുത്ത് ഇന്ത്യയിലെത്തിച്ചു. നേപ്പാൾ പോലീസിന്റെ സഹായത്തോടെയായിരുന്നു ഇവ. തങ്ങൾ സംശയിയ്ക്കുന്നവരെ “റോ” പോലീസിനെ ഉപയോഗിച്ച് കസ്റ്റഡിയിൽ എടുപ്പിയ്ക്കും. അവരെ പോലീസ് “റോ“യ്ക്കു കൈമാറും. അവരെ ഉറക്കഗുളിക കൊടുത്തു മയക്കിയ ശേഷം അതിർത്തി വഴി ഇന്ത്യയിലെത്തിയ്ക്കും. ചോദ്യം ചെയ്യലിനു ശേഷം അവരെ പോലീസിനെ ഏൽപ്പിയ്ക്കും. തുടർന്ന് ഇന്ത്യയിൽ നിന്നും അറസ്റ്റു ചെയ്തതായി രേഖപ്പെടുത്തും. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന പാകിസ്ഥാനികളിൽ അധികവും ഇങ്ങനെ അറസ്റ്റു ചെയ്യപ്പെട്ടവരാണ്.

ഈ പ്രക്രിയ ഇന്നും തുടരുന്നുണ്ട്. ISI ഇന്ത്യയിൽ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന പല വിധ്വംസക പ്രവർത്തനങ്ങളും ഇങ്ങനെ മുളയിലേ നുള്ളുവാൻ “റോ”യ്ക്കു കഴിഞ്ഞിട്ടുണ്ട്.
നേപ്പാളിൽ ISI യ്ക്കുള്ള സ്വാധീനം ഒട്ടും കുറവല്ല. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ വലിയ തോതിൽ ഇന്ത്യാവിരുദ്ധ വികാരം കുത്തിവെക്കാൻ അവർക്കായിട്ടുണ്ട്. കുറേക്കാലം മുൻപ് ഹൃദ്ദിക് റോഷന്റെ ഒരു പ്രസ്ഥാവനയുടെ പേരിൽ നേപ്പാളിൽ ഇന്ത്യക്കാർക്കെതിരെ വലിയ പ്രതിഷേധവും അക്രമവും ഉണ്ടായതിനു പിന്നിൽ ISI ആയിരുന്നു.

നേപ്പാളിലെ ബീരേന്ദ്ര രാജാവിന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊലയ്ക്കു പിന്നിൽ “റോ”യുടെ കൈകളുണ്ടെന്നു വിശ്വസിയ്ക്കുന്നവർ നേപ്പാളിലുണ്ട്. ബീരേന്ദ്ര ഒരു ചൈനീസ് അനുകൂലിയായിരുന്നത്രേ. ഈ ആരോപണത്തിൽ എത്ര സത്യമുണ്ടെന്ന് അറിയില്ല.

എന്തു തന്നെ ആയാലും ISI യുടെയും RAW യുടെയും ബലപരീക്ഷണത്തിനു വേദിയാകുവാനാണു മൂന്നാം രാജ്യമായ നേപ്പാളിന്റെ യോഗം. ഇക്കളിയിൽ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി RAW യ്ക്ക് അഭിമാനിയ്ക്കത്തക്ക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് അവിതർക്കിതമാണ്.

(അവസാനിച്ചു)

അടിക്കുറിപ്പ്: ഈ ലേഖനത്തിലെ വിവരങ്ങൾ മിക്കതും The Week ലേഖകൻ സെയ്ദ് നസ്ഖാത്തിന്റെ അന്വേഷാണാത്മക ലേഖനപരമ്പരയിൽ നിന്നും ലഭിച്ചവയാണ്. കൂടാതെ ഒരു നേപ്പാളി ജേർണലിന്റിന്റെ ബ്ലോഗിലെ വിവരങ്ങളും ഉൾപ്പെടുന്നു. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ ഇങ്ങനെ തന്നെയാണോ എന്നകാര്യത്തിൽ ഉറപ്പില്ല.

(തുടരും)
(പ്രത്യേക ശ്രദ്ധയ്ക്ക് : നേപ്പാളിലെ “റോ”യുടെ പ്രവർത്തനങ്ങളെ പറ്റി ഔദ്യോഗികമായ യാതൊരു വിശദീകരണവും ലഭ്യമല്ല. “The Week” മാഗസിന്റെ ലേഖകൻ സെയ്ദ് നസ്ഖാത്ത്, നേപ്പാളിൽ സഞ്ചരിച്ച് തയ്യാറാക്കിയ ഒരു കൂട്ടം ലേഖനങ്ങളാണു ഈ കുറിപ്പുകൾക്ക് ആധാരം)

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!