പൊരിവെയിലിൽ പോയ വണ്ടികൾക്കെല്ലാം കൈനീട്ടി നിന്നു പീറ്ററും ഡയാനയും. പോളണ്ടിൽ നിന്നുള്ള വരവാണ്. കയ്യിൽ ഭാണ്ഡക്കെട്ടും  പയ്യന്നൂരെന്ന് ഇംഗ്ലിഷിലെഴുതിയ ബോർഡും. കാസർകോട് നഗരത്തിലെ അപ്രതീക്ഷിത അതിഥികളെ കണ്ടു ചിരിക്കുന്നതല്ലാതെ ഒരു വണ്ടിയും നിർത്തുന്നില്ല. ചില ടാക്സി ഡ്രൈവർമാർ വട്ടംകൂടി. എവിടേക്കു പോകണമെന്നു ചോദിച്ചപ്പോൾ ലിഫ്റ്റിനായി കാത്തുനിൽക്കുകയാണെന്നു ചിരിച്ചുകൊണ്ടു മറുപടി. പിന്നെയും ഒരേ നിൽപ്.

പോകുന്ന വണ്ടികൾക്കെല്ലാം കൈകാണിക്കുന്ന സായിപ്പിനെയും കൂട്ടുകാരിയേയും കണ്ടപ്പോൾ ഓട്ടോക്കാർക്കും വ്യാപാരികൾക്കുമൊക്കെ സഹതാപം. യാത്രയ്ക്കു പണം പിരിച്ചുനൽകാമെന്നായി അവർ. വണ്ടികൾക്കു കൈകാണിച്ചു മടുത്ത ഇടവേളയിൽ അവർ ആ സത്യം വെളിപ്പെടുത്തി. കാശില്ലാഞ്ഞിട്ടല്ല, ഇന്ത്യയെന്ന അദ്ഭുതത്തെ അറിയാൻ, അവിചാരിത വഴികളിലൂടെ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇരുവരും.

ഇന്റർനെറ്റിൽ തരംഗമാകുന്ന ‘ഇന്ത്യൻ ഹിച്ച് ഹൈക്കിങ്ങിന്റെ’ ചുവടുപിടിച്ചായിരുന്നു ഇരുവരുടെയും വരവ്. ഹിച്ച് ഹൈക്കിങ് എന്നാൽ കിട്ടുന്ന വാഹനത്തിൽ കയറി സൗജന്യമായി ഉല്ലാസയാത്ര ചെയ്യുക. ഇന്റർനെറ്റ് ഇവർക്കു നൽകിയ വിവരമനുസരിച്ച് ഇന്ത്യയാണത്രെ ഇതിന് ഏറ്റവും യോജിച്ച സ്ഥലം. ഫലമോ, കൂട്ടുകാരെ നേടാം, അപ്രതീക്ഷിത വഴികളും കാഴ്ചകളും കാണാം… അങ്ങനെ അങ്ങനെ ഇന്ത്യയെ അനുഭവിക്കാം.

കാസർകോട് ടൗണിൽ തുടങ്ങിയതല്ല ലിഫ്റ്റടിച്ചുള്ള ഈ സൗജന്യയാത്ര. സെപ്റ്റംബർ രണ്ടിനു മുംബൈ വിമാനത്താവളത്തിൽ എത്തിയ പീറ്ററും ഡയാനയും ലിഫ്റ്റടിച്ച് ആദ്യമെത്തിയത് ഗോവയിൽ. അവിടെ കണ്ടോളിം ബീച്ചിൽ തങ്ങിയ ഇവർ പിന്നെ കൈകാണിച്ചതു മംഗളൂരു വണ്ടികൾക്ക്.കാസർകോട് വരെ ടാങ്കർലോറിയിലെത്തിയ സംഘം ഇവിടെ ഇറങ്ങി ഭക്ഷണം കഴിച്ചു.

ഏതാണ്ട് ഒരു മണിക്കൂറിലേറെ കാത്തുനിന്നെങ്കിലും അടുത്ത ലക്ഷ്യമായ പയ്യന്നൂരിലേക്കും ലോറി കിട്ടി. ലോറി ഡ്രൈവർ സുധീറിനു മാത്രമല്ല, കൗതുകത്തോടെ കാത്തുനിന്ന കാസർകോട്ടെ പൗരാവലിക്കും നിറഞ്ഞ ചിരി സമ്മാനിച്ച് അവർ അടുത്ത സ്ഥലത്തേക്ക്. ആലപ്പുഴയും കോവളവുമൊക്കെ കണ്ട് സെപ്റ്റംബർ ഇരുപത്തിയെട്ടിനേ മടങ്ങൂ. പോളണ്ടിലെ വൂജിൽ വിദ്യാർഥികളാണ് ഇരുവരും. പീറ്റർ എൻജിനീയറിങ്ങും ഡയാന ധനശാസ്ത്രവും പഠിക്കുന്നു.

error: Content is protected !!