സ്വപ്നം കാണാത്തവരായി ആരുമില്ല. ഭയപ്പെടുത്തുന്ന സ്വപ്നം കണ്ട് ഞെട്ടി ഉണർന്നിട്ട് ദുശകുനം എന്ന് വിലപിക്കാത്തവരും ഉണ്ടാകില്ല. അറിയാമോ ഇത്തരം ദുസ്വപ്നങ്ങൾ കാണുന്നത് എന്തുകൊണ്ടാണെന്ന്? ഉറക്കത്തിന് എതാനും മണിക്കൂറുകൾ മുൻപ് സംഭവിച്ചിട്ടുള്ളതോ ചിന്തിച്ചിട്ടുള്ളതോ ആയ സംഭവങ്ങൾ സ്വപ്നത്തിൽ കാണാറുണ്ട്. സ്വപ്നങ്ങളെ വിശകലനം ചെയ്യുന്ന ജെയ്ൻ തെരേസ ആൻഡേഴ്സൻ എന്ന ഓസ്ട്രേലിയൻ സൈക്കോളജിസ്റ്റ് ചില സ്വപ്നങ്ങളുടെ അർത്ഥം പറയുന്നത് ഇങ്ങനെ.
മിക്കവരും മരണത്തെക്കുറിച്ചുള്ള സ്വപ്നം കാണുന്നവരാണ്. ചിലപ്പോൾ സ്വന്തം മരണമോ അല്ലെങ്കിൽ മറ്റൊരാളുടെ മരണമോ ആയിരിക്കും കാണുക. മരണം സ്വപ്നം കാണുന്നതിന്റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും. അത് ചിലപ്പോള്‍ ജോലിയാകം, അല്ലെങ്കിൽ പഠനമാകാം അതുമല്ലെങ്കിൽ ഒരു സ്ഥലത്തെ താമസമോ മറ്റെന്തെങ്കിലുമാകാം. എന്നാല്‍ മരണം സ്വപ്നം കാണുന്നത്, അത് ഉടന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. ഇത് തെറ്റാണെന്നാണ് ആന്ഡേഴ്സണ് പറയുന്നത്.
അതുപോലെ സ്വപ്നത്തില്‍ ആഴത്തിലേക്ക് പതിക്കുന്നതായി കാണാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളാണ് അതിന് കാരണം. ജീവിതത്തിലോ ജോലിയിലോ ഉറച്ചുനില്‍ക്കാനാകാത്തപ്പോഴും ഇത്തരം സ്വപ്നങ്ങള്‍ കാണുമെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് ഇനിയെങ്കിലും ഇത്തരം സ്വപ്നങ്ങൾ കാണുമ്പോൾ ദുസ്വപ്നം എന്ന് വിലപിക്കാതെ രാവിലെ വേണ്ട കാര്യങ്ങൾ ചെയ്യാൻ നോക്കൂന്നേ!
മൃഗങ്ങളെ സ്വപ്നം കാണുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ട്. പട്ടിയെയും പൂച്ചയെയും എല്ലാം സ്വപ്നം കാണുന്നവരുണ്ട്. ഇതൊന്നും ആത്യന്തികമായതല്ല. എന്നാല്‍ പലതും ശരിയുമാണ്, ഓരോ മനുഷ്യന്റെ സ്വഭാവസവിശേഷതയനുസരിച്ചും ഇത് മാറിക്കൊണ്ടിരിക്കാം. പലപ്പോഴും നമ്മുടെ ഭയവും പ്രതീക്ഷയുമാണ് മൃഗങ്ങളെ സ്വപ്നം കാണുന്നതിന് പിന്നിലെ കാരണം. നമ്മുടെ അബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന പലതുമാണ് മൃഗങ്ങളെ സ്വപ്നം കാണുന്നതിലൂടെ പുറത്തുവരുക.
ആരെങ്കിലും നിങ്ങളെ പിന്തുടരുന്നതായുള്ള സ്വപ്നങ്ങള്‍ കാണാറുണ്ടോ? ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രശ്നങ്ങള്‍ നേരിടുന്നുവെന്നതാണ്. അതില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം സ്വപ്നം കാണുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്ന പോലെ സ്വപ്നം കാണാറുണ്ടോ? ജീവിതത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴാണ് ഇത്തരം സ്വപ്നങ്ങള്‍ കാണുക.