fbpx Press "Enter" to skip to content

കളിക്കിടെ ഗോളി വെള്ളം കുടിക്കാൻ പോയി, ജർമനിയിൽ പിറന്നത് വിചിത്ര ഗോൾ

ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മണ്ടത്തരത്തിൽ പിറന്ന ഗോള്‍ ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലാകുന്നു. ഡുയ്സ്ബർഗും ഇൻഗോൾസ്റ്റാദും തമ്മിലുള്ള മത്സരത്തിനിടെയാണ് വിചിത്ര സംഭവമുണ്ടായത്. കളി മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ഡുയ്‌സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്‌ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാദിന്റെ ഗോളില്‍ കലാശിച്ചത്.

എതിര്‍ ടീം മികച്ച കളി പുറത്തെടുക്കുന്നതിനിടെ മത്സരം നടക്കുന്നേയില്ല എന്ന മട്ടില്‍ ഡച്ചുകാരനായ കീപ്പര്‍ വെള്ളക്കുപ്പി എടുക്കാനായി പോസ്റ്റിനുള്ളിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് പ്രതിരോധ താരം ഗെറിത് നൗബര്‍ പന്ത് ഹെഡ്ഡ് ചെയ്ത് കീപ്പർക്ക് പിടിക്കാനായി നല്‍കിയെങ്കിലും ഗോള്‍കീപ്പര്‍ അപ്പോള്‍ പോസ്റ്റിനകത്ത് ബോട്ടിലെടുക്കുന്ന തിരക്കിലായിരുന്നു. അവസരം മുതലാക്കി ഇന്‍ഗോള്‍സ്റ്റാദ് താരം സ്‌റ്റെഫാന്‍ കുഷ്‌കെ പന്ത് വലയിലേക്ക് തട്ടിയിടുമ്പോള്‍ അന്തം വിട്ടു നില്‍ക്കുകയായിരുന്നു ഫ്‌ളെക്കന്‍.

11ആം മിനുട്ടിൽ സ്‌റ്റെഫാന്‍ കുഷ്‌കെയുടെ പെനാല്‍ട്ടി കിക്ക് തടഞ്ഞിട്ട് ഹീറോ ആയ മാര്‍ക്ക് ഫ്‌ളെക്കന്‍ ഏഴു മിനുട്ടിനു ശേഷമാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം പിടിച്ച വിഡ്ഢിത്തം കാണിച്ചത്. എന്നാൽ ഫ്‌ളെക്കന്റെ ഭീമാബദ്ധമുണ്ടായിട്ടും മത്സരം ഡുയ്‌സ്ബര്‍ഗ് തന്നെ വിജയിച്ചു. 13ആം മിനുട്ടില്‍ അഹ്മത് എന്‍ഗിനും 66ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ബോറിസ് താച്ചിയുമാണ് ഗോളുകള്‍ നേടിയത്.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!