fbpx Press "Enter" to skip to content

‘മരണത്തിന്‍റെ പാലം’ എന്ന് വിളിപ്പേരുള്ള ഓവര്‍ടോണ്‍ പാലത്തിലെ ആത്മഹത്യകളെ കുറിച്ച്

ഇതാണ് ചരിത്രം. പക്ഷേ, ചരിത്രത്തിലില്ലാത്ത ചിലതൊക്കെ ഈ പുരാതന മാളികയോട് ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. അമാനുഷികമായ ചിലത്. ചൂണ്ടുവിരൽ നീളുന്നത് മാളികയോട് ചേർന്നുള്ള ഓവർട്ടോൺ പാലത്തിലേക്കാണ്. 1895 ൽ നിർമിക്കപ്പെട്ട ഈ പാലം ഏറെക്കാലം നിരുപദ്രവകാരിയായ ഒരു നിർമിതി മാത്രമായി നിലകൊണ്ടു.

സ്കോട്ട്ലണ്ടിലെ ഗ്ളാസ്ഗോ പട്ടണത്തിൽ നിന്നും ഏതാണ്ട് അര മണിക്കൂർ വണ്ടിയോടിച്ചാൽ 19 ആം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു കൊട്ടാരത്തിലെത്താം. പേര് ഓവർട്ടോൺ ഹൌസ്. കഴിഞ്ഞ 160 വർഷത്തെ ചരിത്രത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ രക്ഷപ്പെടുത്തപ്പെട്ട പട്ടാളക്കാർക്കുള്ള അഭയസ്ഥാനമായും ആശുപത്രിയായും സിനിമാ സെറ്റായുമൊക്കെ ഓവർട്ടോൺ ഹൌസ് വേഷമിട്ടിട്ടുണ്ട്.

എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അസാധാരണമായ ചില സംഭവവികാസങ്ങൾക്ക് ഈ ഭീമൻ പാലം സാക്ഷ്യം വഹിക്കാൻ തുടങ്ങി. പാലത്തിലൂടെ സഞ്ചരിക്കുന്ന പട്ടികൾ യാതൊരു കാരണവുമില്ലാതെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ തുടങ്ങി. പാലം വില്ലൻ പരിവേഷം പൂണ്ടു. ആളുകൾ ഓവർട്ടോൺ പാലത്തിനെ ‘മരണത്തിന്റെ പാലം’ എന്ന് വിളിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ 600 ഓളം പട്ടികളാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതിൽ 50 പട്ടികൾ മരണപ്പെട്ടു. രക്ഷപെട്ടവരിൽ ചിലർ രണ്ടാമതും പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

പാലത്തിൽ നിന്നുള്ള ഈ ചാട്ടങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. പാലത്തിനടിയിലെ കൂർത്തിരിക്കുന്ന പാറക്കൂട്ടങ്ങളിലേക്കാണ് പട്ടികളെല്ലാം ചാടിയത്. നീണ്ട മൂക്കുള്ള, വേട്ടക്കുപയോഗിക്കുന്ന, ഉയർന്ന ഘ്രാണശേഷിയുള്ള പട്ടികൾ മാത്രമാണ് ആത്മഹത്യാശ്രമം നടത്തിയത്. എല്ലാ പട്ടികളും ചാടിയത് പാലത്തിന്റെ വലതു വശത്തുള്ള അവസാനത്തെ രണ്ടു കൊത്തളങ്ങൾക്കിടയിൽ നിന്നാണ്. മാത്രമല്ല, ഈ ചാട്ടങ്ങളെല്ലാം തെളിഞ്ഞ അന്തരീക്ഷമുള്ള പകലുകളിലായിരുന്നു താനും.

പട്ടികൾ പക്ഷേ ആത്മഹത്യ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ശാസ്ത്രം പറയുന്നത്. മൃഗങ്ങൾക്ക് തന്റെ ജീവിതം സ്വയം അവസാനിപ്പിക്കാൻ തക്ക ബൗദ്ധികനിലവാരമില്ലെന്ന് ശാസ്ത്രം അടിവരയിടുന്നു. മാത്രമല്ല, മരണമടുത്ത മൃഗങ്ങൾ വളരെ ശാന്തമായി തങ്ങളുടെ അവസാനകാലം കഴിച്ചു കൂട്ടാൻ ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ കുതിച്ചു ചാടാനും ആത്മഹത്യ ചെയ്യാനും മാത്രം അവരിൽ പരിണാമം സംഭവിച്ചിട്ടില്ല.


2005ൽ ഓവർട്ടോൺ പാലത്തിന്റെ നിഗൂഢതകളെപ്പറ്റി പഠിക്കാൻ മൃഗഡോക്ടറായ ഡോക്ടർ ഡേവിഡ് സാൻസ് ഒരു ഡോക്യുമെന്ററി ക്രൂയോടൊപ്പം പുറപ്പെട്ടു. ചാട്ടങ്ങൾ നടന്ന അതേ സ്ഥലത്ത് ഡേവിഡ് നിലയുറപ്പിച്ചു. തലച്ചോറിൽ എന്തൊക്കെയോ കുഴഞ്ഞു മറിയുന്നു. വിചിത്രമായ എന്തോ സംഭവിക്കുന്നത് പോലെ.

“ഒരു മനുഷ്യനായ എന്നെ നോക്ക്, പട്ടിയെ മറന്നേക്കൂ- വല്ലാത്ത അവസ്ഥയാണിത്”- സാൻസ് പറഞ്ഞു. അദ്ദേഹം പാലത്തിൽ നിന്നും ചാടിയെങ്കിലും രക്ഷപ്പെട്ട ഒരു പട്ടിയെയും കൂടി തന്റെ ഒപ്പം കൊണ്ട് വന്നിരുന്നു. നേരത്തെ താൻ സഅദിയ സ്ഥലത്തെത്തിയപ്പോൾ പാട്ടി പരിഭ്രമിക്കുന്നുണ്ടെന്ന് സാൻസ് മനസ്സിലാക്കി. പട്ടികളുടെ ഏതോ ഒരു ഇന്ദ്രിയത്തിന്റെ പ്രവർത്തനഫലമായാണ് ആത്മഹത്യകൾ നടക്കുന്നതെന്ന് അദ്ദേഹം ഊഹിച്ചു.


നാട്ടുകാർക്ക് മറ്റു ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അടുത്തുള്ള ഫാസ്‌ലൈൻ ന്യൂക്ലിയർ ബേസിൽ നിന്നും വരുന്ന തരംഗങ്ങളാണ് അവരെ ചാടാൻ പ്രേരിപ്പിക്കുന്നതെന്നായിരുന്നു അവരുടെ വാദം. മൃഗങ്ങൾക്ക് മാത്രം കേൾക്കാൻ കഴിയുന്ന വളരെ അസ്വാസ്ഥ്യമുണ്ടാക്കുന്ന ശബ്ദതരംഗങ്ങൾ അവരെ ഉന്മാദാവസ്ഥയിലെത്തിക്കുമെന്നും അതിൽ നിന്നും രക്ഷ നേടാൻ അവർ പാലത്തിൽ നിന്നും ചാടുന്നുവെന്നുമായിരുന്നു നാട്ടുകാരുടെ കണ്ടെത്തൽ. സംഭവം സത്യമാണോ എന്ന് പരീക്ഷിക്കാൻ സാൻസ് പാലവും ചുറ്റുമുള്ള പ്രദേശങ്ങളും വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയെങ്കിലും നാട്ടുകാരുടെ അഭിപ്രായങ്ങൾ സാധൂകരിക്കുന്ന യാതൊന്നും അവിടെ നിന്ന് ലഭിച്ചില്ല.


അടുത്ത സാധ്യത പാലത്തിനടിയിൽ അധിവസിക്കുന്ന എണ്ണമറ്റ നീർനായകളുടെയും അണ്ണാന്മാരുടെയും ചുണ്ടെലികളുടെയും മണം പിടിച്ച് ചാടുന്നതാവാമെന്നതായിരുന്നു. മൂന്നു സംഘങ്ങളിൽ നീർനായയുടെ ഗന്ധം ഏറ്റവും തീവ്രമായതിനാൽ അതാവും കാരണമെന്ന് സാൻസ് വിലയിരുത്തി. നീർനായകൾ പാലത്തിനടിയിൽ പ്രത്യക്ഷപ്പെട്ട 1950 കൾ മുതൽക്കാണ് പട്ടികൾ ചാടാൻ തുടങ്ങിയതെന്ന തെളിവും സാൻസ് തന്റെ കണ്ടുപിടുത്തതിനെ ഊട്ടിയുറപ്പിക്കാൻ നിരത്തി. തൃപ്തികരമായ മറ്റു മറുപടികൾ ഈ വിഷയത്തിൽ ഉണ്ടാവാതിരുന്നത് കൊണ്ട് ആളുകൾ ഇത് വിശ്വസിച്ചു.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!