fbpx Press "Enter" to skip to content

23 തവണയാണ് അയാൾ സര്‍ജറിക്ക് വിധേയനായത്, സിനിമക്ക് വേണ്ടി കഷ്ടപെട്ടതു 10 വർഷങ്ങളും..!!

ഡെഡിക്കേഷൻ എന്ന വാക്കിനു മറ്റൊരു നാമമെന്നു അറിയപ്പെടുന്ന ഈ മനുഷ്യന്‍റെ ജീവിതം അത്തരത്തിൽ ഉള്ളതായിരുന്നു. ക്രിസ്ത്യാനി ആയ വിക്ടറിന്റെയും ഹിന്ദു ആയ രാജേശ്വരിയുടെയും മകനായി പിറന്ന വിക്രം പഠിച്ചതു സേലത്തിനു അടുത്തുള്ള യെർകാട് എന്ന ഹിൽ സ്റ്റേഷനിൽ ആയിരുന്നു. ഒരു സിനിമ നടനാകാൻ കൊതിച്ചു സോപ്പ് സീരിയലുകളിലും, ടെലി ഫിലിമുകളിലും ഒതുങ്ങി പോയ വിക്ടറിന്‍റെ ജീവിതം കൺ മുന്നിലുണ്ടായിരുന്നിട്ടും.

വിക്രം തിരഞ്ഞെടുത്തത് ആ പാത തന്നെയായിരുന്നു. ഒരു പക്ഷെ അച്ഛന്റെ സ്വപ്നങ്ങളെ പൂർത്തീകരിക്കുക എന്ന മകന്റെ നിയോഗം ദൈവം അയാൾക്ക് കുറിച്ച് കൊടുത്തതാണ്. ഏറെ കൊതിച്ചൊരു കാര്യം മകനിലൂടെ സാധിച്ചപ്പോൾ ആ പടച്ചവന്റെ ചെയ്തികളെ ഓർത്തു വിക്ടറും ചിരിച്ചിട്ടുണ്ടാകണം.


തന്റെ ജീവിതത്തിനു പറ്റിയത് പോലെ മകന് ഉണ്ടാകരുത് എന്നാഗ്രഹിച്ച വിക്ടർ പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ അവനോട് ആവശ്യപ്പെട്ടെങ്കിലും മകനിലെ സ്വപ്നത്തിന്റെ തീ അണയുന്നതായിരുന്നില്ല. അതിനെ ഊതിയുരുക്കി മുന്നോട്ട് പോകുമ്പോളാണ് ആ അപകടം കെന്നഡിയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. അയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ട്രക്കുമായി കൂട്ടിയിടിച്ചു അയാളുടെ കാലുകൾക്കു ഗുരുതരമായി പരിക്കേറ്റു.


ആ കാൽ മുറിച്ചു കളയണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ തന്നിലെ സിനിമ നടന്റെ ജീവിതം ചിറകറ്റു വീഴുന്നത് മനസ്സിൽ കണ്ടു അയാൾ ആ ഡോക്ടറിനോട് അപേക്ഷിച്ചു വേറെന്തെങ്കിലും വഴി ഉണ്ടോ എന്ന്. ഡോക്ടർ നൽകിയ മറുപടി ഉറപ്പുള്ളതായിരുന്നില്ല, സര്ജറി ചെയ്തു നോക്കാം, പക്ഷെ എത്രയെണ്ണം വേണ്ടി വരുമെന്ന് അറിയില്ല. നടക്കുമോ എന്നുള്ളതിന് ഒരു ഉറപ്പുമില്ല. ആ പാതി ഉറപ്പ് പോലും വിക്രമിന് വലുതായിരുന്നു. ഒടുവിൽ അയാൾ സര്ജറിക്ക് വിധേയനായി. ഒന്നല്ല 23 തവണയാണ് ജീവിതത്തിൽ ഉടനീളം ആ മനുഷ്യൻ സര്ജറിയുടെ കാഠിന്യമറിഞ്ഞത്, ഒന്ന് നടക്കാൻ, സിനിമയുടെ ലോകത്തേക്ക് കുതിക്കാൻ.

വളരെ അണ്ടർ റേറ്റഡ് ആയൊരു ജീവിത കഥയാണ് വിക്രമിന്റെത് എങ്ങും ആരും അധികമൊന്നും പരാമർശിച്ചു കണ്ടിട്ടില്ലാത്തതു. 1990 ലെ ഒരു ഒക്ടോബര് 18 നു ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആരും അയാൾക്കത്ര ഭാവി പ്രവചിച്ചില്ല. പല റോളുകളിൽ അയാൾ വന്നു, തമിഴിൽ അവസരം കുറഞ്ഞപ്പോൾ മലയാളത്തിലേക്ക് ചേക്കേറി. അവിടെയും അലച്ചിലായിരുന്നു ഫലം. സിനിമയുടെ ഏത് മേഖലയിലും പ്രവർത്തിക്കാൻ ഒരു മടിയും കാണിച്ചില്ല.


ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി ചെയ്തു, ഒന്ന് മുഖം മാത്രം കാണിക്കുന്ന റോളുകളിൽ അഭിനയിച്ചു. അയാൾ ആ വെളിച്ചത്തെ തേടുകയായിരുന്നു. സഹ നടനായും മറ്റു പല മേഖലകളിലും സിനിമക്കായി അലഞ്ഞ ആ മനുഷ്യന്റെ പത്തു വർഷങ്ങൾ,ആ കഷ്ടപ്പാടുകൾ ഇന്നത്തെ ആ ജീവിതത്തിന്റെ തിളക്കം കൂട്ടുക തന്നെയാണ്.

പത്തു വര്ഷങ്ങളിലെ സെറ്റിൽ നിന്ന് സെറ്റിലേക്കുള്ള ചെറിയ വേഷത്തിന്റെ യാത്രകൾ അയാളുടെ ആത്മവിശ്വാസത്തിന്റെ മാറ്റു കുറച്ചിട്ടേ ഇല്ലായിരുന്നു. നല്ലൊരു നാളെ എന്ന സ്വപ്നവുമായി മുന്നോട്ട് പോകുന്ന ഏതൊരുവനും ഈ മനുഷ്യന്റെ വിടർന്ന ചിരി ഒരു വെളിച്ചമാകും. ചിയാൻ, നിങ്ങളുടെ ജീവിതം ഞങ്ങൾക്കൊരു പാഠമാണ്, വീണു പോകാതെ മുന്നോട്ട് നടക്കുവാൻ, തോൽവികളിലും ചിരിക്കാൻ, മുഖമുയർത്തി നിന്ന് ലോകത്തെ നോക്കാൻ…

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!