fbpx Press "Enter" to skip to content

കൊടി വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ പേരില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന ചില നന്മകള്‍ ഇപ്പോഴും നമ്മുടെ രാഷ്ട്രീയത്തില്‍ ബാക്കിയുണ്ട്; അബ്ദുള്‍ റഷീദ് എഴുതുന്നു

ജി. സുധാകരന്‍ സഹകരണവകുപ്പ് മന്ത്രി ആയിരിക്കെ, ഒരു അഭിമുഖത്തിനായി ഞാന്‍ അദ്ദേഹത്തിന്റെ ഓഫിസിലെത്തി. വിശദമായി സംസാരിച്ചുകൊണ്ടിരിക്കെ, കൊണ്ടോട്ടി എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ മുഹമ്മദുണ്ണി ഹാജി കയറിവന്നു. ഒപ്പം ഒരു സാധു വൃദ്ധയുമുണ്ട്. മന്ത്രിയേക്കണ്ടു സങ്കടം പറയാനായി, കൊണ്ടോട്ടിയില്‍നിന്ന് എംഎല്‍എയ്‌ക്കൊപ്പം വന്നതാണ് ആ സ്ത്രീ.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ ഏക മകന്‍ അടുത്തുള്ള സഹകരണ ബാങ്കില്‍നിന്ന് ഇരുപതിനായിരം രൂപ വായ്പയെടുത്തു. കടം വീട്ടാതെ അവന്‍ നാടുവിട്ടു. ഇപ്പോള്‍ പലിശ പെരുകി വലിയ തുകയായി. ആ പാവം ഉമ്മയെ ഇറക്കിവിട്ടു ജപ്തി നടത്താന്‍ ഒരുങ്ങുകയാണ് ബാങ്ക്. കണ്ണീരോടെ ജീവിതം പറയുന്ന അവരുടെ സങ്കടം മന്ത്രിയേയും ഒന്നുലച്ചു. അദ്ദേഹം അഭിമുഖമൊക്കെ മറന്ന് ആ ദുഃഖം പരിഹരിക്കുന്ന തിരക്കിലായി. സാധാരണ ബാങ്കിന്റെ നൂലാമാലകള്‍ നമുക്ക് അറിയാവുന്നതാണ്. പക്ഷേ, ഒരു ഭരണാധികാരിക്ക് ഏതു കുരുക്കും അഴിക്കാനും കഴിയുമെന്ന് എനിക്ക് അന്ന് മനസിലായി.

പത്തു ഫോണ്‍്‌കോളുകള്‍, മന്ത്രിയുടെ സ്വതസിദ്ധ ശൈലിയില്‍ ചില കര്‍ശന നിര്‍ദേശങ്ങള്‍… അത്ര മതിയായിരുന്നു. ഏതോ സ്‌കീമില്‍ ഉള്‍പ്പെടുത്തി ആ വൃദ്ധയുടെ കടം മുഴുവന്‍ ഒഴിവാക്കിച്ചു വിഷയം പരിഹരിക്കാന്‍ മന്ത്രിക്ക് വേണ്ടിവന്നത് അരമണിക്കൂര്‍ മാത്രം. നിറകണ്ണുകളോടെ അവര്‍ നന്ദി പറഞ്ഞു ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞു, ”പാവം. എംഎല്‍എ നല്ല ആളായോണ്ട് അവരെ കൂട്ടിവന്നു. അല്ലെങ്കില്‍ ആ സാധുവിന്റെ കിടപ്പാടം പോയേനെ…’

എത്രയൊക്കെ നാം രാഷ്ട്രീയക്കാരെ വിമര്‍ശിക്കുമ്ബോഴും, കേരളത്തിലെ കടുത്തകക്ഷിരാഷ്ട്രീയ യുദ്ധങ്ങള്‍ക്കു ഇടയില്‍പ്പോലും ഇത്തരം ഒരുപാട് നന്മകള്‍ നടക്കുന്നുണ്ട്. ബ്യൂറോക്രസിയൊക്കെ നിയമത്തിന്റെ നൂലിഴ എടുത്തുകാട്ടി കരുണ കാട്ടാതിരിക്കുമ്ബോള്‍ സാധുക്കള്‍ക്ക് ചെന്നു മുട്ടാന്‍ ഒറ്റ വാതിലേയുള്ളൂ, ജനപ്രതിനിധി. കേരളത്തിലെ ഏതു രാഷ്ട്രീയനേതാവിന്റെ വീട്ടിലും ഓഫീസിലും ഏതു സമയത്തുമുണ്ടാവും വേദനകളുടെ കഥകളുമായി ഒരു നൂറു പേര്‍. കൊടി വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ പേരില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന ചില നന്മകള്‍ ഇപ്പോഴും നമ്മുടെ രാഷ്ട്രീയത്തില്‍ ബാക്കിയുണ്ട്. അതുകൊണ്ടാണ് രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും ഒരേ ഹെലികോപ്റ്ററില്‍ ദുരന്തസ്ഥലങ്ങളില്‍ എത്താന്‍ കഴിയുന്നത്.

പറഞ്ഞുവന്നത്, ആരു ഭരിക്കുമ്ബോഴും കേരളത്തിന്റെ വലിയ നന്മകളില്‍ ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. പാര്‍ട്ടി വ്യത്യാസമൊന്നും ഇല്ലാതെ അര്‍ഹര്‍ക്ക് അത് ആശ്വാസമാകുന്നു. മുഖ്യമന്ത്രിയുടെ ഫണ്ട് ഏറ്റവും ഫലപ്രദമായി അര്‍ഹര്‍ക്ക് എത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ടു എണ്ണൂറ് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് പാവങ്ങള്‍ക്കു നല്‍കിയത്. പിണറായി സര്‍ക്കാര്‍ രണ്ടു കൊല്ലംകൊണ്ടു മാത്രം കൊടുത്തത് 423 കോടി രൂപയാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ നട്ടംതിരിഞ്ഞ 234899 മനുഷ്യര്‍ക്കാണ് സഹായം കിട്ടിയത്. (ദുരിതാശ്വാസനിധിയില്‍ എത്തുന്ന തുകയില്‍ സംഭാവനകള്‍ കുറവാണ്. അധികവും സര്‍ക്കാര്‍ ലോട്ടറി വിറ്റു സമാഹരിക്കുന്ന തുകയാണ്.)

പിണറായി സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളിലൊന്നു ദുരിതാശ്വാസ ഫണ്ടില്‍നിന്നും സഹായം കിട്ടാനുള്ള നടപടി ലളിതമാക്കി എന്നതാണ്. വിതരണ നടപടി ഡി.എം.ആര്‍. സോഫ്റ്റ് വേര്‍ വഴിയാണ് ഇപ്പോള്‍. എംഎല്‍എയെ തേടി അലയേണ്ട, തിരുവനന്തപുരത്തു പോകേണ്ട. ഓണ്‌ലൈനായി അപേക്ഷ നല്‍കാം. അപേക്ഷയുടെ അവസ്ഥയും ഓണ്‌ലൈനില്‍ അറിയാം. അപേക്ഷ പാസായാല്‍ 100 മണിക്കൂറിനകം പണം അക്കൗണ്ടില്‍ എത്തും. ഈ സര്‍ക്കാര്‍ വരുമ്ബോള്‍ 30000 അപേക്ഷകള്‍ കാത്തുകിടന്നിരുന്നു. അതിവേഗമാണ് അതു മുഴുവന്‍ തീര്‍പ്പാക്കിയത്. ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ട്രഷറിയില്‍ സ്പെഷ്യല്‍ അക്കൗണ്ട് തുടങ്ങാനും ഈ സര്‍ക്കാര്‍ അനുമതി നല്‍കി.

(കേരളത്തിന്റെ ഈ നന്മ മനസ്സിലാകണമെങ്കില്‍ മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നത് അറിയണം. മഹാരാഷ്ട്രയില്‍ ഇടനിലക്കാര്‍ വ്യാജരേഖ ഉണ്ടാക്കി ലക്ഷങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നും തട്ടിയത്. കര്‍ണാടകയില്‍ ആ ഫണ്ടുതന്നെ മരവിപ്പിച്ചു ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റാക്കിയിരുന്നു ഉദ്യോഗസ്ഥര്‍, 2010 ല്‍. കാരണം, അര്‍ഹരെ കണ്ടെത്തി വിതരണം ചെയ്യാനുള്ള മടി. ഗോവയില്‍ പണം ധൂര്‍ത്തടിച്ചു. പഞ്ചാബില്‍ ഇടനിലക്കാര്‍ തട്ടിയത് ലക്ഷങ്ങളാണ്.)

കേരളത്തില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പരാതിക്ക് ഇടയാക്കിയിട്ടില്ല. ഗുരുതരരോഗം ബാധിച്ചവര്‍, അപകടത്തിന് ഇരയായവര്‍, പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവര്‍ എന്നിവര്‍ക്കാണ് സഹായധനം നല്‍കുന്നത്. 10,000 രൂപവരെ കലക്ടര്‍ക്കും 15,000 രൂപവരെ റവന്യൂ സ്‌പെഷ്യല്‍ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം. മൂന്നുലക്ഷം രൂപവരെയുള്ളവയില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം. അതിനുമുകളില്‍ മന്ത്രിസഭയുടെ അനുമതി വേണം.

ഇപ്പോള്‍, കാലവര്‍ഷക്കെടുതിയുടെ സാഹചര്യത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ വ്യക്തികളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. സത്യത്തില്‍ മുഖ്യമന്ത്രി ഈ കൈനീട്ടുന്നത് ഈ നാടിനുവേണ്ടിയാണ്. ദുരിതാശ്വാസനിധിയില്‍ എത്തുന്ന ഒറ്റ രൂപപോലും പാഴാകാതെ അര്‍ഹര്‍ക്ക് എത്തിക്കാന്‍ ഇന്ന് കേരളത്തിന് സംവിധാനമുണ്ടെന്നു അഭിമാനത്തോടെ പറയാം.

ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ മാത്രം ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ ലഭിച്ചിട്ടുണ്ട്. സംഭാവനകള്‍ അയക്കേണ്ടത് ഈ അകൗണ്ടിലേക്ക് :
അകൗണ്ട് നമ്ബര്‍ : 67319948232
ബാങ്ക് : SBI City Branch, TVM
IFSC : SBIN0070028.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!