fbpx Press "Enter" to skip to content

ഒരു തൊഴിലാളിയുടെ മകന് 15 ലക്ഷം; ഹോം വര്‍ക്ക് എഴുതി തന്ന കൂട്ടുകാരന് 3 ലക്ഷം; 35 കൂട്ടുകാര്‍ക്ക് വെള്ളി ബ്രേയ്സ്ലെറ്റുകളും സ്മാര്‍ട്‌ഫോണും

സൗഹൃദ ദിനത്തില്‍ കുട്ടികള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. കുട്ടികള്‍ പരസ്പരം ചോക്ലറ്റും ഐസ്‌ക്രീമും ഒക്കെ വാങ്ങി കൊടുക്കാറുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശിലെ ഒരു പത്താം ക്ലാസുകാരന്‍ ചെയ്തത് കേട്ട് മൂക്കത്ത് വിരല്‍ വെച്ച്‌ നില്‍ക്കുകയാണ് മാതാപിതാക്കള്‍.സൗഹൃദ ദിനത്തില്‍ കൗമാരക്കാരന്‍ തന്റെ സുഹൃത്തുക്കളോട് സ്‌നേഹം പ്രകടിപ്പിച്ചത് അച്ഛന്റെ പണം മോഷ്ടിച്ച്‌ സൃഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തു കൊണ്ട്. അച്ഛന്‍ വസ്തു വിറ്റ് കിട്ടിയതില്‍ നിന്നുള്ള 46 ലക്ഷം രൂപയാണ് സൗഹൃദദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തും സമ്മാനങ്ങള്‍ വാങ്ങിയും 15കാരന്‍ ചിലവഴിച്ചത്.

ഇതില്‍ 15 ലക്ഷം രൂപ ഒരു സാധാരണ ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കും മൂന്നു ലക്ഷം രൂപ ഹോംവര്‍ക്ക് ചെയ്തു കൊടുത്ത സുഹൃത്തിനുമാണ് നല്‍കിയത്. കഴിഞ്ഞ ആഴ്ച ജബല്‍പുരിലാണ് സംഭവം. ജബല്‍പുരിലെ കെട്ടിടനിര്‍മ്മാതാവ് വസ്തു വിറ്റ 60 ലക്ഷം രൂപ വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ പണം നഷ്ടപ്പെട്ടതിനെകുറിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മകന്‍ പണം സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

സ്‌കൂളിലും കോച്ചിങ് സെന്ററിലുമുള്ള 35 സഹപാഠികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകളും വെള്ളി ബ്രേയ്സ്ലെറ്റുകളും അച്ഛന്റെ പണമുപയോഗിച്ച ഈ പത്താംക്ലാസ്സുകാരന്‍ വാങ്ങിക്കൊടുത്തത്.എടുത്ത 45 ലക്ഷത്തില്‍ പതിനാലു ലക്ഷം രൂപയും സമ്മാനങ്ങള്‍ വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്. കുട്ടി നല്‍കിയ പണം ഉപയോഗിച്ച്‌ ഒരു സുഹൃത്ത് പുതിയ കാര്‍ വരെ വാങ്ങുകയും ചെയ്തു.

കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ച്‌ നഷ്ടമായ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് ജബല്‍പുര്‍ പൊലീസ്. കുട്ടി പണം നല്‍കിയ സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പണം തിരികെയെത്തിക്കാനുള്ള സമന്‍സ് പൊലീസ് അയച്ചിട്ടുണ്ട്.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!