fbpx Press "Enter" to skip to content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് തുക കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് മമ്മൂട്ടി മടങ്ങിയത്.

നടന്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം കമല്‍ഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കിയിരുന്നു. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്.

സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്ബളം സംഭാവന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്ബള തുകയായ 90,512 രൂപ സംഭാവന ചെയ്തു.

ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.

കേരളത്തിനായുള്ള പ്രാര്‍ഥനയാണ് അമല പോളിന്റെ ഫെയ്‌സ്ബുക് വോളില്‍. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തിയിരുന്നു.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!