fbpx Press "Enter" to skip to content

ആ തുരുത്തിലെ മിണ്ടാപ്രാണികള്‍ ഇനിയും ജീവിക്കും! ദേശീയ ദുരന്തനിവാരണ സേന ഭക്ഷണമെത്തിച്ചു

ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ കരകവിഞ്ഞൊഴുകിയ പെരിയാറിന്റെ തുരുത്തില്‍പ്പെട്ടുപോയ 17 വളര്‍ത്തുമൃഗങ്ങള്‍ ഇനിയും ജീവിക്കും. ഞായറാഴ്ച ആറര മണിക്കൂര്‍ പ്രയത്‌നത്തിനൊടുവില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 17 അംഗ സംഘം തുരുത്തില്‍പെട്ട മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കി.

കുത്തൊഴുക്ക് മറികടന്ന് മൃഗങ്ങളെ ഇക്കരെ എത്തിക്കുകയെന്നത് അസാധ്യമായതിനാല്‍ വൈകുന്നേരം ആറരയോടെ ദുരന്തനിവാരണ സേനാംഗങ്ങള്‍ മടങ്ങി. ഏഴ് പന്നികള്‍, കുഞ്ഞുങ്ങളുള്‍പ്പെടെ ആറ് നായകള്‍, രണ്ട് പൂച്ചകള്‍, രണ്ട് കോഴികള്‍ എന്നിവയ്ക്കായി ഒരാഴ്ചത്തേക്കുള്ള ഭക്ഷണം എത്തിച്ചുനല്‍കിയ ശേഷമായിരുന്നു ഇവരുടെ മടക്കം. മൃഗങ്ങളെ കരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം സംബന്ധിച്ച്‌ തിങ്കളാഴ്ച വീണ്ടും ആലോചിക്കുമെന്ന് ഇടുക്കി എഡിഎം പിജി രാധാകൃഷ്ണന്‍ പറഞ്ഞു.
വെള്ളക്കയം കുറ്റാക്കുഴിയില്‍ മോഹനന്റെയും അമ്ബിളിയുടെയും മകന്‍ അഭിലാഷിന്റെയും വളര്‍ത്തുമൃഗങ്ങളാണിവ. വെറും 10 സെന്റ് വീട്ടില്‍ കഴിയുന്ന ഇവരുടെ ഏക ആശ്രയമായിരുന്നു പെരിയാറിലെ ഈ തുരുത്ത്. ഇവിടെ തൊഴുത്തും പന്നിക്കൂടും സ്ഥാപിച്ചാണ് മോഹനന്‍ കുടുംബം പോറ്റിയിരുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ മൂന്നു പശുക്കളുമായി മോഹനനും അഭിലാഷും ഇക്കരയെത്തി. മറ്റു മൃഗങ്ങളെ കരയിലെത്തിക്കാന്‍ ശ്രമിക്കുമ്ബോഴേക്കും വെള്ളം ഉയര്‍ന്നു. ഒടുവില്‍ നീന്തിയാണ് ഇരുവരും തുരുത്തില്‍നിന്ന് രക്ഷപ്പെട്ടത്.

ശനിയാഴ്ച മുഴുവന്‍ മൃഗങ്ങള്‍ പട്ടിണിയായിരുന്നു. ഞായറാഴ്ച രാവിലെ ഭക്ഷണം ഇക്കരെനിന്ന് എറിഞ്ഞുനല്‍കിയെങ്കിലും അത് മുഴുവന്‍ അക്കരെയെത്തിയില്ല. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു 12 മണിയോടെ സ്ഥലത്ത് എത്തി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ആദ്യം കയറില്‍ കൊളുത്ത് കുടുക്കി എറിഞ്ഞ് അക്കരെ പിടിപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് തുരുത്തില്‍നിന്നു കുടിവെള്ളം എത്തിക്കുന്ന പൈപ്പില്‍ തൂങ്ങി തുരുത്തിലെത്തിയാണ് ഭക്ഷണം നല്‍കിയത്.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!