fbpx Press "Enter" to skip to content

പോളണ്ടില്‍ എന്തുസംഭവിച്ചു:നമുക്ക് നോക്കാം

പോളണ്ടില്‍ എന്തുസംഭവിച്ചു
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌=========================

പോളണ്ടിനെക്കുറിച്ചു അരക്ഷരം മിണ്ടരുതു . ശ്രീനിവാസന്‍ കഥാപാത്രം ജയറാമിന്റെ മുന്നില്‍ കീഴടങ്ങുന്നതു പോളണ്ടിനെക്കുറിച്ചു പറഞപ്പോള്‍ മാത്രമായിരുന്നു . എന്തായിരുന്നു പോളണ്ടില്‍ സംഭവിച്ചതെന്നു നോക്കാം

ബാള്‍ട്ടിക് കടലിനെ ചാരി, ജര്‍മ്മനിയും ഉക്രെയ്‌നും ചെക്ക് റിപ്പബ്ലിക്കുമൊക്കെ അതിര്‍ത്തി പങ്കുവെക്കുന്ന ഈ മധ്യ യൂറോപ്യന്‍ രാജ്യമാണു പോളണ്ട് . രണ്ടാം ലോകമഹായുദ്ധാനന്തരം ഒരു സോഷ്യലിസ്റ്റ് രാജ്യമായി മാറിയ പോളണ്ടിനെ ദീര്‍ഘകാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നയിച്ചത്

രണ്ടാം ലോക മഹായുദ്ധം കിഴക്കന്‍ യൂറോപ്പില്‍ വിതച്ച നാശനഷ്ടത്തിന് കണക്കില്ല. തകര്‍ന്ന ആ സാമ്പത്തിക അടിതട്ടിന്റെ മുകളില്‍ ആണ് പോളണ്ട് സോഷ്യലിസം പടുത്തുയര്‍ത്താന്‍ ശ്രമിച്ചത്. ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി വെച്ചു. 1956ല്‍ പൊസ്നാന്‍ (Poznan) നഗരത്തില്‍ കമ്യൂണിസ്റ്റ് പോളണ്ടിലെ ആദ്യത്തെ സമരം നടന്നു. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെട്ട ആ സമരത്തെ സോവിയറ്റ് പട്ടാളം സ്റ്റാലിനിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി.

സമരത്തിന് നല്ല വിഭാഗം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് മനസ്സിലാക്കിയ പോളിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശമ്പളം കൂട്ടുകയും, രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. വ്ലാഡിസ്ലാവ് ഗോമുല്‍ക്കയാണ് (Władysław Gomułka) പോളണ്ടില്‍ ഈ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ വേണ്ടി പാര്‍ട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. ഗോമുല്‍ക്ക സോഷ്യലിസത്തിലോട്ട് ഒരു പോളിഷ് പാത വാഗ്ദാനം ചെയ്തപ്പോള്‍ തന്നെ, സമാനമായ ഒരു നീക്കം ആവശ്യപ്പെട്ട് ഹംഗറിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടങ്ങിയിരുന്നു.

അതിനോട് ഇമ്രെ നാഗി (Imre Nagy) എന്ന ഹംഗേറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കൂറ് പ്രഖ്യാപിച്ചപ്പോള്‍ ആ പ്രക്ഷോഭം ഹംഗറിയിലെ ആഭ്യന്തര കാര്യങ്ങളില്‍ സോവിയറ്റ് കൈകടത്തലുകള്‍ക്കെതിരെ ഉള്ള വിപ്ലവം ആയി മാറി. സോവിയറ്റ് യൂണിയന്‍ ആഞ്ഞടിച്ചു, ആ വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടു. നാഗിയെ വിചാരണ ചെയ്തു, കുറ്റകാരനെന്ന് കണ്ടെത്തി തൂക്കിലേറ്റി.

1989ല്‍ ജനങ്ങള്‍ അദ്ദേഹത്തെ കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് ആദരിച്ചു. ആ ആദരവ് സ്റ്റാലിനിസത്തിനോടുള്ള എതിര്‍പ്പ് ആയിരുന്നിരിക്കാം പക്ഷെ അതിനെ സോഷ്യലിസത്തിനോടുള്ള എതിര്‍പ്പായി മുദ്രകുത്തുന്നത് ശരി അല്ല. കാരണം ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും ഇമ്രെ നാഗി ഒരിക്കല്‍ പോലും മാര്‍ക്സിസത്തില്‍ നിന്ന് വ്യതിചലിച്ചില്ല എന്ന വസ്തുത. അദ്ദേഹം എതിര്‍ത്തത് സ്റ്റാലിനിസ്റ്റ് പ്രവണതകളെയായിരുന്നു.

അദ്ദേഹം ആവശ്യപ്പെട്ടത് ഹംഗറിയിലെ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്ന ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ ആയിരുന്നു. ഹംഗറിയെയും നാഗിയേയും കുറിച്ച് ഇത്രയും പറഞ്ഞതിന് കാരണം ഉണ്ട്. പ്രകാശന്‍ പോളണ്ടിനെക്കുറിച്ച് ചോദിക്കുന്നതിന് മുമ്പായി “മൂരാച്ചി എന്ന് മുദ്രകുത്തപ്പെട്ട 40 കൊല്ലം കുറ്റവാളിയായി ശവപ്പെട്ടിയില്‍ കിടന്ന നേതാവിനെ” കുറിച്ച് വാചാലന്‍ ആകുന്നുണ്ടെല്ലൊ. ആ നേതാവ് ആണ് ഇമ്രെ നാഗി.

ഇനി പോളണ്ടിലെ കഥയിലേക്ക് തിരിച്ച് വരാം. ഇമ്രെ നാഗിയുടെ ഗതി ഗോമുല്‍ക്കയെ അലട്ടി. അദ്ദേഹത്തിന്റെ നയങ്ങള്‍ മാറി തുടങ്ങി. 1968ല്‍ ചെക്കൊസ്ലോവാക്യയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ സോവിയറ്റ് നേതൃത്വത്തില്‍ അടിച്ചമര്‍ത്തിയപ്പോള്‍ അതില്‍ പോളിഷ് സൈന്യവും പങ്കാളികളായിരുന്നു. അറുപതുകളില്‍ പോളണ്ടിന്റെ സാമ്പത്തിക വ്യവസ്ഥ മോശമായി തുടങ്ങി.

ഇതിനെ മറികടക്കാന്‍ വേണ്ടി ഗോമുല്‍ക്ക നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാന്‍ 1970ല്‍ ബാധ്യസ്ഥനായി. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ തുടങ്ങി. പ്രക്ഷോഭങ്ങള്‍ അതിരു കടക്കുന്നു എന്നു വിശ്വസിച്ച പോളിഷ് നേതൃത്വം അവയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജനവികാരം ഗോമുല്‍ക്കയ്ക്ക് എതിരായി. ഗോമുല്‍ക്ക രാജി വച്ചു, എട്വാര്‍ട് ഗിറെക് (Edward Gierek) പുതിയ സെക്രടറി ആയി സ്ഥാനമേറ്റു.വില കുറയ്ക്കപ്പെട്ടു, ശമ്പളങ്ങള്‍ കൂടി, മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടു.

ഗിറെക് ഫ്രാന്‍സില്‍ നിന്നും, പശ്ചിമ ജര്‍മ്മനിയില്‍ നിന്നും കടം വാങ്ങികൂട്ടി ഒരു സാമ്പത്തിക കുതിച്ചുചാട്ടം ആവിഷ്കരിച്ചു. എന്നാല്‍ ഈ കടംവാങ്ങലിലൂടെ കത്തോലിക്ക സഭയോടുള്ള നിലപാടുകളില്‍ അയവ് വരുത്താന്‍ ഗിറെക് ബാദ്ധ്യസ്ഥനായി.പക്ഷെ 1973ല്‍ ഉണ്ടായ എണ്ണ വില വര്‍ദ്ധന ഗിറെക്കിന്റെ പദ്ധതികളെ തകിടം മറിച്ചു. 1976ല്‍ വീണ്ടും വില വര്‍ദ്ധനവ് അനിവാര്യം ആയി. അതു വഴി പ്രക്ഷോഭങ്ങളും. ഇവ അടിച്ചമര്‍ത്തപ്പെട്ടു.

കാര്യങ്ങള്‍ വഷളായിക്കൊണ്ടിരുന്നു. 1980ല്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ പൊട്ടി പുറപ്പെട്ടു.ആ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സോളിഡാരിറ്റി എന്ന തൊഴിലാളി യൂണിയന്‍, അതിന്റെ സിരാകേന്ദ്രം ഗ്ദാന്‍സ്ക് കപ്പല്‍ശാല , അതിന്റെ നേതാവ് ലഹ് വലേസ എന്ന ഇലക്ട്രീഷ്യന്‍. ചരിത്രം ആവര്‍ത്തിച്ചു. ഗോമുല്‍ക്ക പോയ വഴി ഗിറെക്കും പോയി.

പ്രക്ഷോഭങ്ങള്‍ക്ക് അയവ് വരുത്താന്‍ സോളിഡാരിറ്റിയെ അംഗീകരിച്ച് കൊണ്ടുള്ള ഉടമ്പടി പോളിഷ് സര്‍ക്കാര്‍ ഒപ്പിട്ടത് ഗ്ദാന്‍സ്കില്‍ വച്ചായിരുന്നു. പോളണ്ടിലെ സംഭവവികാസങ്ങള്‍ ഒരു സോവിയറ്റ് അടിച്ചമര്‍ത്തലിന് വഴിവയ്ക്കുന്നത് തടയാനാകാം, അതല്ല രാജ്യത്തില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഒരു കലാപം പൊട്ടിപുറപ്പെടുന്നത് തടയാന്‍ വേണ്ടി ആകാം, പോളണ്ടിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം 13 ഡിസംമ്പര്‍ 1981ന് പോളണ്ടില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി.

സോളിഡാരിറ്റി ഒരിക്കലും ഒരു സാധാരണ തൊഴിലാളി യൂണിയന്‍ ആയിരുന്നില്ല. കിഴക്കന്‍ യൂറോപ്പും സോവിയറ്റ് യൂണിയനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ലോകത്തെ ആദ്യത്തെ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ആയിരുന്നു സോളിഡാരിറ്റി. സ്വതന്ത്രമെന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിന് പുറത്തുള്ളത്, എന്നാല്‍ സി.ഐ.എയുടെ കാശും, കത്തോലിക്കാ സഭയുടെ ആശീര്‍വാദവും ഉള്ളത്.

സോളിഡാരിറ്റി രൂപീകരിച്ച് ഒരു വര്‍ഷമാകുമ്പോഴേക്ക് ടൈം മാഗസിന്‍ വലേസയെ “മാന്‍ ഓഫ് ദി ഇയര്‍‘ ആയി തിരഞ്ഞെടുത്തു. 1983ല്‍ സ്വീഡിഷ് അക്കാദമി വലേസയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിക്കൊണ്ട് ലോകത്തെ ഞെട്ടിച്ചു. 1989ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യ പുരസ്‌കാരം ഏറ്റുവാങ്ങിയ വലേസയ്ക്ക് യു.എസ്. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനും അവസരം ലഭിച്ചു.

വലേസയ്ക്ക് പോളണ്ടിനെ നയിക്കാനൊരവസരം കിട്ടിയാല്‍ ബാള്‍ട്ടിക് തീരത്ത് പുതിയ സ്വര്‍ഗ്ഗം പിറക്കുമെന്ന പ്രചരണം ലോകമാകെ അലയടിച്ചുയര്‍ന്നു. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം എടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അതോടെ പോളണ്ടിന്റെ സാമ്പത്തിക രംഗം വീണ്ടും വഷളായി.1989 ആയപ്പോഴേക്കും ആ തകര്‍ച്ച പൂര്‍ണ്ണമായി. കമ്മ്യൂണിസ്റ്റ് പോളണ്ട് ചരിത്രം ആയി.

പിന്നീട് പോളണ്ടില്‍ എന്തുസംഭവിചു ?
================================

1990 ഡിസംബര്‍ 22ന് പോളണ്ടിന്റെ പ്രസിഡണ്ടായി ലെക് വലേസ എന്ന 47കാരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പതിറ്റാണ്ടുകള്‍ നീണ്ട സോഷ്യലിസ്റ്റ് ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ലെക് വലേസയും സോളിഡാരിറ്റിയും പോളണ്ടില്‍ വെന്നിക്കൊടി പാറിച്ചു.

വന്‍ വ്യാമോഹങ്ങള്‍ വാരി വിതറി പോളണ്ടിന്റെ പ്രസിഡണ്ടായ ലെക് വലേസ അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലാവധി കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു . സന്ദേശം സിനിമയില്‍ പറഞ്ഞതുപോലെ “കുതിച്ചുകയറിയ‘ സോളിഡാരിറ്റി പക്ഷേ പിന്നീട് തലകുത്തി താഴെ വീണു. സോളിഡാരിറ്റിയില്‍നിന്നും തൊണ്ണൂറു ശതമാനത്തിലധികം മെമ്പര്‍മാരും പിരിഞ്ഞുപോയി. എവിടെയും അഭയം കിട്ടാതെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് സോളിഡാരിറ്റി ദയനീയമായി പതിച്ചു.

ലഹ് വലേസയും സോളിഡാരിറ്റിയും കുതിച്ച് കേറിയ ഗ്ദാന്‍സ്ക് കപ്പല്‍ശാലയില്‍ പണ്ട് കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ 17,000ല്‍ പരം തൊഴിലാളികളുണ്ടായിരുന്നെങ്കില്‍ ഇന്നു അവിടെ 3500 ല്‍ പരം തോഴിലാളികള്‍ മാത്രമാണുള്ളത് .ഇത് ഗ്ദാന്‍സ്കിലെ മാത്രം കഥ അല്ല. സര്‍ക്കാര്‍ സബ്സിഡികള്‍ അല്ല സ്വകാര്യ മൂലധനം ആണ് തൊഴില്‍ശാലകളെ രക്ഷിക്കാന്‍ ഉള്ള വഴി എന്ന പുതുവിശ്വാസം പോളണ്ടിനെ രക്ഷിച്ചില്ല.

ഷ്റ്ററ്റീന്‍ (Szczecin) കപ്പല്‍ശാല ഒരിക്കല്‍, അതായത് കമ്മ്യൂണിസ്റ്റ്കാരുടെ കാലത്ത്, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കപ്പല്‍ശാലകളില്‍ ഒന്നായിരുന്നു.ഇന്ന് അത് കമ്പോള-ശക്തികള്‍ സഹായിച്ച് അടച്ചു പൂട്ടി, ചുളു വിലയ്ക്ക് ആര്‍ക്കോ വിറ്റു.ആരാ വാങ്ങിയത് എന്ന് ഇന്നും വ്യക്തമല്ല .ഗ്ദിനിയ (Gdynia) കപ്പല്‍ശാലയാകട്ടെ, വില്‍ക്കാന്‍ തീരുമാനിച്ച് ലേലത്തിന് വച്ചിട്ട് ആരും വാങ്ങാന്‍ വന്നില്ല.

പോളണ്ടില്‍ 30,000 തൊട്ട് 150,000 ജനങ്ങള്‍ ഭവനരഹിതരാണ് . ഗ്രാമീണ പോളണ്ടില്‍ തൊഴില്ലായ്മ 30% . 20% ജനങ്ങളാണ് രാജ്യത്തിന്റെ 44% വരുമാനവും കൈയ്യാളുന്നത്. ഏതാണ്ട് 85% ജനങ്ങളുടെ വരുമാനം രാജ്യത്തിലെ ശരാശരി വരുമാനത്തിനെക്കാള്‍ താഴെയാണ്. 10-25% ശതമാനം കുട്ടികള്‍ ഒരു ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കുന്നുള്ളു. പോളണ്ടിന്റെ ദരിദ്രരില്‍ 50%ല്‍ കൂടുതല്‍ 19 വയസ്സിന് താഴെയുള്ളവരാണ്

കടപ്പാട്

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!