ചൈനീസ് നിർമിത യുദ്ധവിമാനം തകർന്നു പൈലറ്റ് മരിച്ചു, ഞെട്ടലോടെ പാക്കിസ്ഥാൻ!

പാക്കിസ്ഥാനിൽ ചൈനീസ് നിർമിത പോർവിമാനങ്ങൾ തകർന്നു വീഴുന്നത് തുടരുന്നു. കഴിഞ്ഞ ദിവസവും ചൈനീസ് നിർമിത വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിലാണ് എഫ്-7 വിമാനം തകർന്ന് പൈലറ്റ് ഷഹ്സാദ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

പത്തു വർഷത്തിനിടെ പാക് വ്യോമസേനയുടെ ഇത്തരം പത്തു ചൈനീസ് നിർമിത വിമാനങ്ങൾ‌ ( എഫ്-7പിജിഎസ്, എഫ്ടി-7പിജിഎസ്) തകർന്നിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയർത്തുന്ന പാക്കിസ്ഥാൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തകളല്ല കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ്–സെപ്റ്റംബർ കാലയളവിൽ മൂന്ന് വിമാനങ്ങളാണ് തകർന്നു വീണത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോർവിമാനങ്ങളിലൊന്നായ ജെഫ്–17 തണ്ടർ, എഫ്-7  വിമാനങ്ങളാണ് കൂടുതലായി തകർന്നു വീഴുന്നത്. ചൈനീസ് നിർമിത ജെഎഫ്–17 വിമാനം പാക്കിസ്ഥാൻ മാത്രമാണ് കാര്യമായി ഉപയോഗിക്കുന്നത്. എന്നാൽ ചൈന ഈ വിമാനം ഉപയോഗിക്കുന്നില്ല. പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ സജ്ജമല്ലെന്ന നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പാക്കിസ്ഥാൻ വ്യോമസേനയുടെ ആളില്ലാ വിമാനവും തകർന്നു വീണിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകൾ ചൈനയിൽ നിന്നു വാങ്ങിയതാണ്. ബുറാക്ക് എന്ന ഡ്രോണും പാക്കിസ്ഥാന്റെ കയ്യിലുണ്ട്. ചൈനീസ് നിർമിത യുദ്ധവിമാനങ്ങൾ തുടർച്ചയായി തകർന്നു വീഴുന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പാക്ക് വ്യോമസേന ഉത്തരവിട്ടിരുന്നു. ഇന്ത്യ ആക്രമിച്ചേക്കുമെന്ന ഭീതിയിൽ പാക്കിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇടയ്ക്കിടെ പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്.

നിലവിൽ അമ്പതോളം ചൈനീസ് നിർമിത യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്. സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയിൽ നിന്ന് ഈ വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. നമീബിയ. നൈജീരിയ, സുഡാൻ, താൻസാനിയ, സിംബാബ്‌വെ, അൽബേനിയ, ബെംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എഫ്–7 വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്.

error: Content is protected !!