fbpx Press "Enter" to skip to content

‘ഒരു CBI ഡയറി കുറിപ്പ്’ നടന്ന ക്രൈം ആണെന്ന് നിങ്ങൾക്കറിയുമോ ?

പോളക്കുളം കേസും ..വിചിത്രമായ ചില ‘ഡമ്മി’ പരീക്ഷണങ്ങളും
——————————————————————————–
അബ്കാരി നേതാവും ജുവലറി ഉടമയുമോക്കെയായ പി കെ നാരായണന്‍ 1982 ല്‍ ഏറണാകുളം പാലാരിവട്ടത്ത് കെട്ടിപൊക്കിയ അഞ്ചു നിലയുള്ള കെട്ടിട സമുച്ചയമായിരുന്നു ‘പോളക്കുളത്ത് ടൂറിസ്റ്റ് ഹോം ‘ ..ഇത് കൂടാതെ വേറെയും രണ്ടു ലോഡ്ജുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.. പ്രവര്‍ത്തനമാരംഭിച്ച വേളയില്‍ റിസപ്ഷനിസ്റ്റ് ആയി പീതാംബരന്‍ എന്ന യുവാവിനെ നിയമിച്ചു ….അദ്ദേഹത്തിന്റെ അച്ഛന്‍ ദാമോദരനും നാരായണന്റെ ജുവലറിയില്‍ ജോലിക്കാരനായിരുന്നു …

1983 ഏപ്രില്‍ 21 ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് …..പുലര്‍ച്ചെ ഒരു നാലര മണി ആയിട്ടുണ്ടാവും.. എന്തോ താഴേയ്ക്ക് ശക്തമായി നിലംപതിക്കുന്ന ശബ്ദവും ഒരു നിലവിളിയും കേട്ട് ആദ്യം സ്റെയര്‍ കേസ് ചാടി ഇറങ്ങി ഓടിയെത്തിയത് അന്ന് അവിടെ തങ്ങിയിരുന്ന ട്രെയിനികളായ രണ്ടു പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരാണ് ..കോൺ ക്രീറ്റ് സ്ലാബുകള്‍ പാകിയ തറയില്‍ അറുപതടി ഉയരമുള്ള കെട്ടിടത്തില്‍ നിന്നും തലയും മുഖവും അടിച്ചു വീണു ഗുരുതര പരുക്കുകളുമായി ഞെരങ്ങുന്ന ഒരു മനുഷ്യനെ അവര്‍ കണ്ടെത്തി

ഒറ്റനോട്ടത്തില്‍ റിസപ്ഷനിസ്റ്റ് ആയ പീതാംബരനാണ് അതെന്നു അവര്‍ക്ക് മനസ്സിലായി ..ജീവനുണ്ട് …!അയാൾക്ക് അല്‍പ്പം കുടിവെള്ളം നൽകാൻ അവരില്‍ ഒരാള്‍ അകത്തേയ്ക്ക് പാഞ്ഞു …. നിലവിളികേട്ട് ആ സമയംകൊണ്ട് അയല്‍വാസികളും ഓടിയെത്തിയിരുന്നു ….പ്രാണനോട് മല്ലടിച്ചു കൊണ്ടിരുന്ന ആ യുവാവു അവിടെയുള്ള ആ പോലീസ്കാരനോട് ഇപ്രകാരം മന്ത്രിച്ചു ..”എന്നെ കൊന്നു ”………!!!

കാല്‍നൂറ്റാണ്ടിനു മുന്‍പുണ്ടായ പോളക്കുളം കൊലക്കേസ് ഇന്നും ജനങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട് .. മലയാള സിനിമയില്‍ കുറ്റാന്വേഷണ ചിത്രങ്ങളുടെ ഗണത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയ ‘ഒരു സി ബി ഐ ഡയറി കുറിപ്പ് ‘ എന്ന സിനിമയ്ക്ക് ആസ്പദമായ സംഭവം …അതിലെ ശ്രദ്ധ നേടിയ ഡമ്മി പരീക്ഷണങ്ങള്‍ ഒക്കെ യഥാര്‍ത്ഥത്തില്‍ സി ബി ഐ പരീക്ഷിച്ചിരുന്നു .. പക്ഷെ തെറ്റായ തെളിവുകള്‍ നല്‍കി സി ബി ഐയെ തെറ്റിദ്ധരിപ്പിച്ചു, ഒടുവില്‍ കോടതി പ്രതികളെ വെറുതെ വിടുകയാണ് ഉണ്ടായത് …ഹൈക്കോടതി ശരിവെച്ച വിധി സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ തിരുത്തപ്പെട്ടു …..

കേസ് ഡയറി
——————–
മുകളില്‍ നിന്നും വീണ പീതാംബരനെ ആശുപത്രിയില്‍ എത്തിക്കുപോള്‍ മരണം സംഭവിച്ചിരുന്നു ..മൃതദേഹം ആദ്യം പരിശോധിച്ച ഫോറന്‍സിക് വിദഗ്ദന്‍ നെഞ്ചിലെയും കവിള്‍ത്തടത്തിലെയും മുറിവുകള്‍ പരിശോധിച്ച് ആരോ ശക്തമായി മര്‍ദ്ധിച്ചാല്‍ മാത്രം ഉണ്ടാകുന്ന മുറിവുകള്‍ എന്ന് കണ്ടെത്തി ..തന്നെയുമല്ല ആരോ മുകളില്‍ നിന്നും എടുത്ത് എറിഞ്ഞാല്‍ സംഭവിക്കാവുന്ന മുറിവുകള്‍ ആണ് മറ്റുള്ളവയെന്നും അഭിപ്രായപ്പെട്ടു ..എന്നാല്‍ ലോക്കല്‍ പോലീസ് ഇതൊന്നും വിശ്വസിച്ചില്ല.

അന്നത്തെ പോലീസ് സൂപ്രണ്ട് ആയിരുന്ന ഡോ .സിബി മാത്യൂസിനോടു പിന്നീട് കേസ് അന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥന്‍ രാധ വിനോദ് രാജു ചോദിച്ച ഒരു ചോദ്യം എല്ലാറ്റിലും മേല്‍ പ്രസക്തമാണ്‌ …”ഞങ്ങള്‍ കൊച്ചി സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിച്ചു ..എല്ലാം പോളക്കുളം നാരായണനുമായി ബന്ധം ഉള്ളവരാണ് ..നിങ്ങളുടെ ഡി ഐ ജി പോലും …..”

സംഭവം നടന്ന ദിവസം പീതാംബരന് ഒപ്പമുണ്ടായിരുന്ന റൂം ബോയ്‌ ശിവദാസനെ മൂന്നാമുറ അടക്കം പ്രയോഗിച്ചു പോലീസ് ചോദ്യം ചെയ്തുവെങ്കിലും പങ്കുള്ളതായി തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല … അന്വേഷണം വഴി മുട്ടി ..ആത്മഹത്യായെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ മാസങ്ങള്‍ ഇഴഞ്ഞു നീങ്ങിയ അന്വേഷണം പിന്നീട് പുനരാരംഭിക്കുന്നത് മാര്‍ക്സ്സിറ്റ് പാര്‍ട്ടിയുടെ നേതൃത്തത്തില്‍ പ്രക്ഷോഭങ്ങളും ധര്‍ണ്ണയും നടത്തിയ ശേഷമായിരുന്നു ..ക്രൈം ബ്രാഞ്ച് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തുടര്‍ന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മുറിവുകള്‍ വീണ്ടും പോലീസ് സര്‍ജന്‍ ഡോ. ഉമാദത്തന്‍റെ നേതൃത്തത്തില്‍ വിശകലനം ചെയ്യുന്നത് ..മൃതദേഹം ആദ്യം പരിശോധിച്ച ഡോക്ടര്‍മാരുടെ നിഗമനങ്ങളെ, അല്ലെങ്കില്‍ ഇതൊരു കൊലപാതകമായിരിക്കാം എന്നാ സംശയങ്ങളെ ശാസ്ത്രീയമായ നിര്‍വ്വചനങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ”കീറി മുറിച്ചു തള്ളി ”…….വൃഷ്ണത്തിലും ജനനേന്ദ്രിയത്തിലും വരെ സംഭവിച്ച മുറിവുകള്‍ പാദങ്ങള്‍ ഇടിച്ചുള്ള പ്രാഥമിക ആഘാതത്തിനു ശേഷം ഉരഞ്ഞു നീങ്ങി സംഭവിച്ചു പോകാമെന്ന അനുമാനത്തില്‍ അദ്ദേഹം ഉറച്ചു നിന്നു

…..മറ്റൊരു സുപ്രധാന തെളിവ് മരിച്ച പീതാംബരന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡോക്ടര്‍മാരുടെ ചില കുറിപ്പടികള്‍ ആയിരുന്നു ….ചില മരുന്നുകളും അവര്‍ കണ്ടെത്തി …’ഷീസോഫ്രീനിയ’ എന്ന ആത്മഹത്യാ പ്രവണത സൃഷ്ടിക്കുന്ന മാനസിക രോഗമുള്ള വ്യക്തിയായിരുന്നു പീതാംബരന്‍… …..’മരണമേ സ്വാഗതം’ എന്ന് തുടങ്ങുന്ന പലതരത്തിലുള്ള അര്‍ത്ഥശൂന്യമായ ചില കവിത ശല്‍ക്കങ്ങളും ലഭിച്ചതോടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യാ ചെയ്തതാണ് അയാളെന്നു അവര്‍ പൂര്‍ണ്ണമായും ഉറപ്പിച്ചു

ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്ന അയാള്‍ ,ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം മറ്റൊരു പുരുഷനുമായി നടത്തുമെന്ന സാഹചര്യം വന്നപ്പോള്‍ രോഗം മൂര്ചിക്കുകയും ആത്മഹത്യാ ചെയ്യുകയുമായിരുന്നു എന്ന നിഗമനത്തില്‍, അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി അന്നത്തെ ആലുവ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ സമര്‍പ്പിച്ചു …..എന്നാല്‍ കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടു പീതാംബരന്റെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി …അദ്ദേഹത്തിന്റെ പരാതി ഹൈക്കോടതി അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഇടയായി …..

തുടര്‍ന്ന് കേസ് സി ബി ഐ യോ കേരളപോലീസിലെ മറ്റൊരു ഉദ്യോഗസ്ഥനോ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു ..പക്ഷെ ക്ലോസ് ചെയ്ത ഈ കേസില്‍ പുനരന്വേഷണം നടത്തുന്നത് കേരള പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന് ആരോപിച്ചു സര്‍ക്കാര്‍, ഈ ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി …എന്നാല്‍ കോടതി ഈ കേസ് സി ബി ഐ അന്വേഷിക്കാന്‍ തന്നെ നിര്‍ദ്ദേശിച്ചു ….

സി ബി ഐ യുടെ വരവ്
————————————-
1986 march 19, ഗൌഡ സാര സ്വത ബ്രാഹ്മണന്‍ , മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി ,മട്ടാഞ്ചേരിക്കാരനായ മാന്യനും ശാന്തനുമായ രാധ വിനോദ് രാജുവിനെ കുറിച്ച് ആദ്യം പരാമര്‍ശിച്ചിരുന്നല്ലോ …സി ബി ഐ പോലീസ് സൂപ്രണ്ട് ആയ അദ്ദേഹവും ,ഡി വൈ എസ് പി വര്‍ഗീസ്‌ തോമസുമാണ് കേസ് അന്വേഷണത്തിനു നിയോഗിക്കപ്പെട്ടത് ….( ഈ ബ്രാഹ്മണ ഉദ്യോഗസ്ഥന്‍ ആണ് സി ബി ഐ സിരീസിലെ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ക്ക് പ്രചോദനമായതെന്നു അണിയറക്കാര്‍ അവകാശപ്പെട്ടിരുന്നു )

ക്രൈം ബ്രാഞ്ചിന്റെ നടപടി പിശകുകള്‍ പരിശോധിച്ച് എങ്ങനെയെങ്കിലും ഇതൊരു കൊലപാതകമാക്കണമെന്നുള്ള യാതൊരു നിര്‍ബന്ധവും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല …പക്ഷെ കേരളപോലീസിന് സി ബി ഐയോടുള്ള നീരസം അക്ഷരാര്‍ഥത്തില്‍ പ്രകടമായിരുന്നു ….വളരെ വേഗത്തില്‍ തന്നെ അവരുടെ ഇന്‍വെസ്റ്റിഗേഷന്‍ പുരോഗമിച്ചു ……

അന്വേഷണം പിന്നിടുന്ന നാളുകളില്‍ ഒരു ദിവസം കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന്
65 കിലോ ഭാരം വരുന്ന രണ്ടു ഡമ്മികളുമായി ( ഇത് മരിച്ച വ്യക്തിയുടെ ഉദ്ദേശ്യ ഭാരം )ഡി വൈ എസ് പി വര്‍ഗ്ഗീസ് തോമസും ടീമും പോളക്കുളത്ത് ടൂറിസ്റ്റ് ഹോമിന്റെ മുകള്‍ ഭാഗത്തെയ്ക്ക് നീങ്ങി .. ….ശേഷം ഒരാള്‍ തനിയെ ചാടിയാലോ ..മറ്റൊരാളാല്‍ എടുത്തെറിയപ്പെട്ടാലോ സംഭവിച്ചേക്കാവുന്ന സാമ്യതകള്‍ പരിശോധിക്കാന്‍ ‘ഡമ്മി പരീക്ഷണം’ തുടങ്ങി ..ആദ്യമായി ഡമ്മിയെ പൊക്കി താഴേയ്ക്ക് എടുത്ത് എറിഞ്ഞു

ആകാശത്തില്‍ കീഴ്മേല്‍ മറിഞ്ഞു …കെട്ടിടത്തിന്‍റെ ചുവട്ടില്‍ നിന്നും നാലു മീറ്റര്‍ അകലെ തലയും മുതുകും ഇടിച്ചാണ് വീണത് .. അടുത്തത് ഒരാള്‍ തനിയെ ചാടിയാല്‍ എങ്ങനെ എന്ന പൊസിഷനില്‍ വെറുതെ താഴേയ്ക്ക് ഇട്ടു …പക്ഷെ അപ്പോള്‍ കെട്ടിടത്തിന്റെ ചുവട്ടില്‍ നിന്നും വെറും ഒന്നര മീറ്ററില്‍ മൃതദേഹം വന്നു വീണു …
(സിനിമയില്‍ കാണുന്ന രംഗങ്ങളുമായി ഇതിനു ഏറെ സാമ്യമുണ്ട് ……)

‘അശാസ്ത്രീയമായ ഡമ്മി പരീക്ഷണമെന്ന്’ ഫോറന്‍സിക് വിദഗ്ദന്മാരില്‍ ചിലര്‍ ഇത് സ്ഥാപിച്ചു എടുക്കുമ്പോള്‍ ആ ഉദ്യമത്തിന്റെ നല്ല വശങ്ങള്‍ അംഗീകരിക്കാന്‍ ആരും ഇന്നും തയ്യാറായിട്ടില്ല എന്നത് വളരെ വിചിത്രവും രസകരവുമാണ്‌ …പക്ഷെ അവരുടെ അറിവിനെ നിരാകരിച്ചു കാണുകയുമല്ല …ലോകത്ത് എല്ലായിടത്തും ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട് ,,അതിനു അനുകൂലവും പ്രതികൂലവുമായ വാദഗതികളും നിലനില്‍ക്കുന്നിടത്തോളം കാലം ഒന്നും തള്ളിക്കളയാന്‍ കഴിയില്ലല്ലോ ……

വിചാരണ കോടതി ഈ നീക്കത്തെ തള്ളിയെങ്കിലും ..സുപ്രധാനമായ ചില തെളിവുകളുമായാണ് സി ബി ഐ നീങ്ങിയത് …സംശയം ഉള്ളവരെ പോളിഗ്രാഫ് പരിശോധന അഥവാ നുണ പരിശോധനയ്ക്ക് വിധേയമാക്കി … തുടര്‍ന്ന്‍ വളരെ കൃത്യമായ വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചു ….!!

അതില്‍ പറയുന്ന പ്രകാരം …പോളക്കുളം നാരായണന്‍ ,പീതാംബരന്റെ വീട്ടില്‍ ചില രഹസ്യ കണക്കുകള്‍ അടങ്ങിയ രേഖകള്‍ സൂക്ഷിച്ചിരുന്നു ,ആ രേഖകള്‍ പീതാംബരന്‍ തിരികെ കൊടുക്കാതിരുന്നതും ,ഈ വിവരങ്ങള്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെ എല്പ്പികുമെന്ന ഭയവുമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്….നാരായണന്‍റെ ഗൂഢാലോചന പ്രകാരം ശിങ്കിടിയായ ഡ്രൈവര്‍ ശശിയും ,റൂം ബോയ്‌ ശിവദാസനും ചേര്‍ന്ന് മുകളില്‍ വെച്ചു മര്‍ദ്ദിച്ചു ,ശേഷം ശശി മുകളില്‍ നിന്നും പീതാംബരനെ എറിഞ്ഞു കൊന്നു

പീതാംബരന്റെ മരണമൊഴി കേട്ട പോലീസുകാരായ രണ്ടു പേരെയും …പ്രസന്നന്‍ എന്ന മറ്റൊരു വ്യക്തിയും സാക്ഷികളായി ചേര്‍ത്ത് ,ഒരു വര്ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു ….കൂടാതെ കൃത്യത്തിനു ശേഷം ഡ്രൈവര്‍ ശശി മതില്‍ ചാടി കിടന്നു ഓടുന്നത് കണ്ട മറ്റൊരാളെയും സാക്ഷിയായി ചേര്‍ത്തിരുന്നു …വിചാരണക്കോടതി തള്ളിയ ‘ഡമ്മി പരീക്ഷണത്തെ’ ന്യൂനതകള്‍ ഇല്ലാത്ത സ്വീകാര്യമായ നീക്കമായാണ് ഹൈക്കോടതി സ്വാഗതം ചെയ്തത് ….

ഇതില്‍ പറയുന്ന പ്രകാരം ഒന്നുമുതല്‍ മൂന്ന് വരെ പ്രതികള്‍ക്ക് ജീവപര്യന്തവും ,നാലാം പ്രതി നാരായണന്റെ മാനേജർ സുബ്രമണ്യനെ നിരുപാധികം വിട്ടയക്കുകയും ചെയ്തു ….എന്നാല്‍ പിന്നീട്‌ റൂം ബോയ്‌ ശിവദാസന്റെ കുറ്റകൃത്യത്തിലെ ബന്ധം തെളിയിക്കാന്‍ കഴിയാതെ വരുകയും തുടര്‍ന്ന് അയാളെ കുറ്റ വിമുക്തനാക്കുകയും ഒന്നും രണ്ടും പ്രതികളുടെ ശിക്ഷ ശെരി വയ്ക്കുകയും ചെയ്തു ….

അവിടെ നിന്നാണ് പ്രതികളുടെ അപ്പീല്‍ വാദം സുപ്രീം കോടതിയിലേക്ക് പറക്കുന്നത് ….രണ്ടും മൂന്നും പ്രതികള്‍ ടെറസ്സില്‍ നിന്ന് പ്രതിയെ മര്‍ദ്ധികുന്നതിനു നിലവില്‍ ഉണ്ടായിരുന്ന പ്രത്യക്ഷ തെളിവുകള്‍ ആണ് കോടതി ആദ്യം പരിശോധിച്ചത് ….ഡ്രൈവര്‍ ശശി ഓടിപോകുന്നത് കണ്ടുവെന്നു പറഞ്ഞ വ്യക്തി അന്വേഷണത്തിന്റെ പ്രാരംഭ ദിശയില്‍ ഇത് ആരോടും പറഞ്ഞിരുന്നില്ല എന്നത് കോടതി കണ്ടെത്തി…..

സുപ്രസിദ്ധ അഭിഭാഷകനായ രാംജത് മലാനി ആയിരുന്നു അന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് പ്രത്യക്ഷമായ തെളിവുകളോ ,സാഹചര്യ തെളിവുകളോ ഇല്ലാതേയാണ് വിചാരണ കോടതിയും ഹൈക്കോടതിയും പ്രതികളെ ശിക്ഷിച്ചതെന്നു അദ്ദേഹം വാദിച്ചു …തൃപ്തികരമല്ലാത്ത തെളിവുകളുടെ പ്രഭാവത്തില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ല എന്നു ഒടുവില്‍ കോടതിക്ക് ബോധ്യമായി .. മൃതദേഹത്തിലെ മുറിവുകള്‍ ആദ്യം പരിശോധിച്ച ഡോക്ടര്‍മാരുടെ മര്‍ദ്ദനം നടന്നുവെന്ന സംശയങ്ങള്‍ ക്രോസ് വിസ്താരത്തില്‍ ‘ഉള്ളി പൊളിച്ചത്’ പോലെയായി ..

‘കറുത്തത് ചര്ദ്ധിച്ചുവെന്നത് കാക്കയെ ചര്ദ്ധിച്ചുവെന്നു’ വരുത്തി തീര്‍ക്കാന്‍ പോന്ന സമര്‍ത്ഥരായ വക്കീലന്മാര്‍ കേസിനെ ചുരുട്ടി ക്കെട്ടിയെന്നു പറയുന്നതാവും ശെരി …..ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്നു വരുത്തി തീര്‍ക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ വന്ന സാഹചര്യത്തില്‍ പ്രതികളെ നിരുപാധികം വിട്ടയയ്ക്കാന്‍ നീതി പീഠം ഉത്തരവിട്ടു …..പീതാംബരന്റെ മരണം പൂര്‍ണ്ണമായും ആത്മഹത്യാ എന്ന് കോടതി കണ്ടെത്തി

കേസില്‍ സി ബി ഐ അക്ഷരാര്‍ഥത്തില്‍ പരാജയമടയുകയായിരുന്നു ….അത്യുന്നത നീതിപീഠത്തിന്റെ വിധിയെ പരിഹസിച്ചു ഇതൊരു കൊലപാതകമെന്ന് ഉറപ്പിക്കുകയല്ല …..പക്ഷെ തെറ്റായ നിഗമനങ്ങളില്‍ ആദ്യം മുതല്‍ക്കേയുള്ള പോലീസിന്റെ ഇടപെടല്‍ തന്നെയാണ് തൃപ്തികരമല്ലാത്ത ഒരു രീതിയില്‍ പരിസമാപ്തിയടയാന്‍ പോളക്കുളം കേസിനു വിനയായത് .. കോളിളക്കം സൃഷ്‌ടിച്ച നിരവധി കേസുകളില്‍ നിന്നും ഇതിനെ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ നിന്ന് വേറിട്ട്‌ നിര്‍ത്തുന്നതും ഇതുകൊണ്ടുതന്നെ …..

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!