fbpx Press "Enter" to skip to content

കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ നെഞ്ചുപിടഞ്ഞ മനുഷ്യസ്നേഹി; ഗോരഖ് പൂരിലെ ദുരന്തത്തിനിടയിലും മനസാന്നിധ്യം നഷ്ടപ്പെടാതെ പ്രവര്‍ത്തിച്ച ഡോ.കഫീല്‍ ഖാന്റെ കഥ

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോരാഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഈ വാര്‍ത്ത രാജ്യം കേട്ടത് ഞെട്ടലോടെയാണ്. വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ഇതിന് പിന്നിലെ രാഷ്ട്രീയമാണ് കൂടുതലായും ചര്‍ച്ചയായത്. എന്നാല്‍ ദുരന്തം കണ്‍മുന്നില്‍ നടക്കുമ്ബോള്‍ അതില്‍ പതറാതെ തന്റെ മനസാന്നിധ്യം കൊണ്ട് പ്രവര്‍ത്തിച്ച ആശുപത്രിയിലെ ഡോക്ടര്‍ കഫീല്‍ ഖാനാണ് ഉത്തര്‍പ്രദേശിലെ പുതിയ താരം.

കുടിശിക മുഴുവന്‍ നല്‍കാതെ ഓക്സിജന്‍ വിതരണം ചെയ്യില്ലെന്ന് ഏജന്‍സികള്‍ പറഞ്ഞപ്പോള്‍ സ്വന്തം റിസ്കില്‍ സുഹ്യത്തുക്കളായ ഡോക്ടര്‍മാരുടെ ആശുപത്രിയില്‍ പോയി ഡോക്ടര്‍ എത്തിച്ചത് പതിനഞ്ചോളം ഓക്സിജന്‍ സിലിണ്ടറുകളാണ്.കുട്ടികളും നവജാത ശിശുക്കളുമായ അറുപതോളം മരണമാണ് ഓഗസ്റ്റ് പത്തിന് ഗൊരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിച്ചത്. ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പില്‍ നിന്ന് അപായ മണി മുഴങ്ങാന്‍ തുടങ്ങി. ഓക്സിജന്റെ അളവ് കുറയുമ്ബോഴാണ് ഇത്തരം ബീപ്പ് ശബ്ദമുണ്ടാകുക.

കഫീല്‍ ഖാന്‍ ഉടന്‍ തന്നെ കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഓക്സിജന്‍ വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ നിലക്കുമെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം അദ്ദേഹം അറിയുന്നത്. ആശുപത്രിയിലെ തന്നെ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഓക്സിജന്‍ സിലിണ്ടറിനാണെങ്കില്‍ വിതരണം ചെയ്യാന്‍ കഴിയുക രണ്ടു മണിക്കൂര്‍ മാത്രമാണെന്നും അദ്ദേഹം അറിഞ്ഞു.

അതു കഴിഞ്ഞാല്‍ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞങ്ങള്‍ക്ക് പ്രാണവായു എത്തിച്ചു നല്‍കാന്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും അറിവുണ്ടായിരുന്നില്ല. വരാനിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് അപ്പോഴേക്കും കഫീല്‍ ഖാന്‍ തിരിച്ചറിഞ്ഞിരുന്നു. പകച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് മുമ്ബില്‍ സമയമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹം ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കുടിശിക നല്‍കാതെ വിതരണം പുനഃസ്ഥാക്കില്ലെന്ന പിടിവാശിയില്‍ ഏജന്‍സി ഉറച്ചുനിന്നു.

ഇതോടെ മറ്റു ഡോക്ടര്‍മാര്‍ ഭയപ്പാടിലായി. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ കഫീല്‍ ഖാന്‍ ഒരുക്കമായിരുന്നില്ല.
രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച്‌ അദ്ദേഹം കാറുമായി തന്റെ സുഹൃത്തിന്റെ സ്വകാര്യ നഴ്സിങ് ഹോമിലേക്ക് പറന്നു. മൂന്നു ഓക്സിജന്‍ സിലിണ്ടറുമായാണ് അദ്ദേഹം ബിഡിആര്‍ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. ഓക്സിജന്‍ കഴിഞ്ഞാല്‍ ആംബു ബാഗുകള്‍ പമ്ബ് ചെയ്തു കൊണ്ടിരിക്കണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷമായിരുന്ന അദ്ദേഹം ആശുപത്രിയില്‍ നിന്ന് പോയത്.

കഫീല്‍ ഖാന്‍ കടംവാങ്ങിക്കൊണ്ടുവന്ന മൂന്നു സിലിണ്ടറുകള്‍ക്കും അരമണിക്കൂറിലേറെ ഓക്സിജന്‍ വിതരണം ചെയ്യാന്‍ ശേഷിയില്ലായിരുന്നു.അപ്പോഴേക്കും സമയം പുലര്‍ച്ച ആറു മണി. ഓക്സിജന്‍ കുറവായതോടെ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ അസ്വസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതോടെ അദ്ദേഹം വീണ്ടും ആശുപത്രിയില്‍ നിന്ന് പരിചയമുള്ള മറ്റു നഴ്സിങ് ഹോമിലേക്ക് കാറുമായി പാഞ്ഞു.

ഒടുവില്‍ തിരിച്ചെത്തിയത് 12 ഓക്സിജന്‍ സിലിണ്ടറുകളുമായി ആയിരുന്നു. നാലു തവണയായാണ് അദ്ദേഹം തന്റെ സ്വന്തം കാറിലായി ഈ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്.അപ്പോഴേക്കും പ്രാദേശിക വിതരണക്കാരന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. പണം തന്നാല്‍ സിലിണ്ടറുകള്‍ എത്തിക്കാമെന്ന് ഉറപ്പുനല്‍കി. പിന്നെയൊന്നും കഫീല്‍ ഖാന് ചിന്തിക്കാനുണ്ടായിരുന്നില്ല. ആശുപത്രി ജീവനക്കാരില്‍ ഒരാളെ വിളിച്ച്‌ അദ്ദേഹം തന്റെ എടിഎം കാര്‍ഡ് നല്‍കി. പതിനായിരം രൂപ എടുത്തു വരാനായിരുന്നു നിര്‍ദ്ദേശം.

ഈ പണം നല്‍കിയാണ് അദ്ദേഹം കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും നില മെച്ചപ്പെട്ടിരുന്നു. മനസാന്നിധ്യം വെടിയാതെ തക്കസമയത്ത് കാരുണ്യത്തിന്റെ പ്രതിരൂപമായി മാറാന്‍ കഫീല്‍ ഖാന് കഴിഞ്ഞപ്പോള്‍ രക്ഷപെട്ടത് നിരവധി ജീവനുകളായിരുന്നു.ഒരു ഡോക്ടറുടെ ജോലിയായിരുന്നില്ല കഫീല്‍ ഖാന്‍ ചെയ്തത്. ഏതൊരു മനുഷ്യസ്നേഹിയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രയത്നം.

തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി കബളിപ്പിക്കുന്ന ഭരണവര്‍ഗം, കഫീല്‍ ഖാന്‍ കാണിച്ച ജാഗ്രതയുടെ പകുതി പ്രകടിപ്പിച്ചിരുന്നെങ്കില്‍ ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.

 

കടപ്പാട്

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!