fbpx Press "Enter" to skip to content

രാമൻ രാഘവൻ എന്ന സീരിയൽ കില്ലറെ കുറിച്ച്…….

രാമൻ രാഘവൻ (The Serial Killer )
——————
1968 ആഗസ്റ്റ്.

ഇടവിട്ടുപെയ്യുന്ന മൺസൂൺ മഴയിൽ നനഞ്ഞ് കുതിർന്നിരിയ്ക്കുകയാണു മുംബൈ നഗരം.
പഴയ മുംബൈയുടെ വടക്കൻ പ്രാന്തത്തിലുള്ള രായ്വൽപഡയിലെ, ഗല്ലികൾ അതിരിടുന്ന ഇടുങ്ങിയൊരു തെരുവ്. സമയം രാത്രി ഏറെ വൈകിയിരിയ്ക്കുന്നു. ചാറ്റൽ മഴ തീർത്ത മൂടലിൽ പ്രഭ മങ്ങി മുനിഞ്ഞു കത്തുന്ന തെരുവുവിളക്കുകൾ. വിഴുങ്ങാനെന്നോണം വാ പിളർത്തി നിൽക്കുന്ന വലിയ ഇരുണ്ട മൂലകളാണെങ്ങും.

മഴ തീർത്ത കുളിരിലും മുഷിപ്പിലും മനം മടുത്ത് തെരുവ് വിജനം. ഗല്ലിവാസികൾ അധികവും കട്ടിത്തുണികൾ വലിച്ചിട്ട് അതിലുള്ളിലേയ്ക്ക് നൂഴ്ന്നിറങ്ങിക്കഴിഞ്ഞിരുന്നു.പാൽക്കാരൻ ലക്ഷ്മൺ ജേത്ത ഇന്നു വളരെ വൈകിയിരുന്നു. നനഞ്ഞ തെരുവിലൂടെ അയാളും വളർത്തുപട്ടിയും ഏന്തിവലിഞ്ഞു ഗല്ലി ലക്ഷ്യമാക്കി നടക്കുയാണ്. കൈയിലിരിയ്ക്കുന്ന പഴയ ടോർച്ചിലെ ദുർബലവെളിച്ചം അവർക്കു വഴികാട്ടുന്നു.

ഇരുളിനെ കഴിയുന്നിടത്തോളം അകറ്റാനെന്ന വണ്ണം അയാൾ റ്റോർച്ച് ചുഴറ്റിയടിയ്ക്കുന്നുണ്ട്. മുൻപേ നടന്നിരുന്ന പട്ടി പെട്ടെന്ന് ഇരുളിലേയ്ക്കു നോക്കു കുരച്ചു. ലക്ഷ്മൺ ജേത്ത നടപ്പു നിർത്തി. അങ്ങോട്ടേയ്ക്ക് ടോർച്ച് അടിച്ചു നോക്കി. ഒന്നും കാണാനുണ്ടായിരുന്നില്ല. പട്ടിയെ ശാസിച്ച് അയാൾ മുന്നോട്ടു നീങ്ങി. അപ്പോൾ ഇരുട്ടിൽ നിന്നും രണ്ടു കണ്ണുകൾ അവരെ പിന്തുടരുകയായിരുന്നു.

ലക്ഷ്മൻ ജേത്തയുടെ ഒറ്റമുറി വീടിനു സമീപം തന്നെയാണു ബന്ധുവും പാൽക്കാരനുമായ ദേവ് റാം ബർവാഡും താമസിയ്ക്കുന്നത്. അയാൾ തനിച്ചാണു താമസം. ഭക്ഷണമെല്ലാം കഴിഞ്ഞ് ദേവ്റാം ഉറക്കം പിടിച്ചിരുന്നു..മണിക്കൂറുകൾ മെല്ലെ നീങ്ങി. ലക്ഷ്മൺ ജോത്തയുടെ പട്ടി ഒരു മൂലയിൽ കിടന്ന് ഉറക്കമായി, അകത്ത് ജോത്തയും. അപ്പോൾ പുറത്ത്, ഈ സമയമത്രയും ഇടവിടാതെ അവിടം നിരീക്ഷിച്ചുകൊണ്ടിരുന്ന ആ കണ്ണുകളുടെ ഉടമ ഇരുളിൽ നിന്നും മെല്ലെ ചലിച്ചു.

അയാളുടെ കൈയിൽ “L” രൂപത്തിലുള്ള ഒരു കനത്ത ഇരുമ്പുപാര ഉണ്ടായിരുന്നു. മൺസൂൺ മഴ പിന്നെയും വരുന്നുണ്ടായിരുന്നു. അതു വകവെയ്ക്കാതെ അയാൾ മെല്ലെ ഗല്ലിയിലേയ്ക്കു കടന്നു. ദേവ്റാം ബർവാഡിന്റെ ഒറ്റമുറി വീടിന്റെ വാതിൽ ഒരു പലക കൊണ്ടു മറച്ചിട്ടേ ഉണ്ടായിരുന്നുള്ളു. മെല്ലെ അതു നീക്കി അയാൾ അകത്തു കടന്നു. അരണ്ട വെളിച്ചത്തിൽ തന്റെ ഇര കൂർക്കം വലിച്ചുറങ്ങുന്നതു അയാൾ കണ്ടു. ഇരുമ്പുപാരയ്ക്കുള്ള അഞ്ചാമത്തെ അടിയിൽ ദേവ്റാമിന്റെ ജീവൻ ശരീരത്തിൽ നിന്നും അറ്റുപോയി.

രക്തം ചിതറി ആ ശരീരം അവിടെ നിശ്ചലമായി കിടന്നു. കൊലയാളി ശാന്തനായിരുന്നു. അവിടെ പ്രത്യേകമായി എന്തെങ്കിലും സംഭവിച്ചതായി അയാൾ ഭാവിച്ചില്ല. വിളയ്ക്ക് തെളിയിച്ച് ആ മുറിയിൽ ഒരു പരിശോധന നടത്തി. മൂലയിൽ ഒരു പാത്രത്തിൽ ബാക്കി വന്ന ചോറും റോട്ടിയും കറിയും അല്പം തൈരുമുണ്ടായിരുന്നു. അയാൾ ഭക്ഷണമെടുത്ത് ആസ്വദിച്ച് കഴിച്ചു.

പിന്നീട് ദേവ്റാമിന്റെ അരികത്തു തന്നെയുണ്ടായിരുന്ന ബീഡിയും തീപ്പെട്ടിയുമെടുത്ത് പുകവലിച്ചു. ബാക്കിയുണ്ടായിരുന്ന ബീഡി തന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ വെച്ചു. ഭിത്തിയിൽ തൂങ്ങിക്കിടന്ന ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്നും ഒരു വെള്ളിമോതിരം കിട്ടി. അതും സഞ്ചിയിലിട്ടു.

ഗല്ലിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ പുലർച്ചയോടടുത്തിരുന്നു. കൈയിലിരുന്ന കുടയിൽ ഇരുമ്പുപാര തിരുകിവെച്ച് അതു കക്ഷത്തിൽ വെച്ചാണു നടക്കുന്നത്. മഴ തോർന്നിരുന്നു. അല്പം നടന്നപ്പോൾ മൂടിപ്പുതച്ച ഒരു സ്ത്രീയെ കണ്ടു. റോഡ്സൈഡിലെ പേവ്മെന്റിൽ കിടന്നുറങ്ങുകയായിരുന്നു അവളും രണ്ടു കുഞ്ഞുങ്ങളും. മൂത്രമൊഴിയ്ക്കാനായി എഴുനേറ്റതാണവൾ.

പാതി ഉറക്കത്തിലായിരുന്ന അവളുടെ മുന്നിൽ അയാൾ കുറുകെ നിന്നു. അവളുടെ കണ്ണുകളിലേയ്ക്കു തുറിച്ചുനോക്കി. കൈകൾ മെല്ലെ കുടയ്ക്കുള്ളിലേയ്ക്കു പോയി. ഇരുമ്പുപാരയ്ക്ക് മൂന്നടി.. തല തകർന്ന് ആ സാധു യുവതി പിടഞ്ഞുമരിച്ചു.. അയാൾ അവൾ പുതച്ചിരുന്ന വസ്ത്രം മാറ്റി നോക്കി. നഗ്നമായിരുന്നു… ആ ശരീരത്തെ ഇരുളിലേയ്ക്കയാൾ വലിച്ചു കൊണ്ടുപോയി…

മുംബൈ നഗരം ഞെട്ടലോടെയാണു അന്നു പുലർന്നത്. ഒരു രാത്രിയിൽ തന്നെ അടുത്തടുത്തായി രണ്ടു കൊലകൾ. ഏതാനും ആഴ്ചകൾക്കിടയിലായി ഇതിപ്പോൾ ഇരുപതാമത്തെയോ ഇരുപത്തൊന്നാമത്തെയോ കൊലകളായിരുന്നു. മുംബൈ പൊലീസ് ഡെപ്യുട്ടി കമ്മീഷണർ – CID (ക്രൈം) രമാകാന്ത് കുൽക്കർണിയുടെ ഓരോ പ്രഭാതവും ആശങ്കയുടേതും ഭീതിയുടേതുമായിരുന്നു. ഇന്നെവിടെ നിന്നാവും അടുത്ത കൊലയുടെ വാർത്ത എന്ന ഭീതിയായിരുന്നു അദ്ദേഹത്തിന്.

തുടർച്ചയായി നടന്നുകൊണ്ടിരുന്ന ഈ കൊലകൾക്കൊന്നിനും ഒരു തുമ്പുണ്ടാക്കാനോ ആരാണിതിനു പിന്നിലെന്നു തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല എന്നത് മുംബൈ പൊലീസിനെ സംബന്ധിച്ചിടത്തോളം അപമാനത്തിന്റെ അങ്ങേ അറ്റത്ത് അവരെ എത്തിച്ചിരുന്നു.

ഏതാനും ആഴ്ചകളായി തുടരുന്ന ഈ കൊലപാതകങ്ങളുടെ ഇരകൾ ചേരികളിലോ റോഡരുകിലോ കിടന്നുറങ്ങുന്ന പാവങ്ങളായിരുന്നു. പ്രത്യേകമായ ഒരു കാരണം ചൂണ്ടിക്കാട്ടാനാകാത്ത കൊലകൾ. പലപ്പോഴും മോഷ്ടിയ്ക്കപ്പെടുന്നത് വിചിത്ര വസ്തുക്കളായിരുന്നു. ചന്ദനത്തിരി സ്റ്റാൻഡ്, ഡാൽഡാ ടിൻ, പത്തു പൈസ നാണയം, ഗ്യാസ് സ്റ്റൌ, വാച്ച്, മുഖക്കണ്ണട, ചിലപ്പോൾ മാത്രം സ്വർണാഭരണങ്ങൾ, ചിലയിടത്ത് കൊല നടത്തിയ ശേഷം ഭക്ഷണം കഴിയ്ക്കും. സ്ത്രീകളെ കൊല ചെയ്തശേഷം ബലാത്സംഗം ചെയ്തിരുന്നു.

വിരലടയാളങ്ങളോ മറ്റു തെളിവുകളോ ഒരിടത്തു നിന്നും കണ്ടെടുക്കാനായില്ല. മുംബൈയുടെ വിവിധ ഭാഗങ്ങളിലായാണു കൊലകൾ നടന്നത്. അതുകൊണ്ടു തന്നെ ഇതു ഒരാളാണോ ഒന്നിലേറെ ആൾക്കാരാണൊ ചെയ്തതെന്നു ഉറപ്പിയ്ക്കാനായില്ല. കൊലയാളിയെ നേരിൽ കണ്ടവർ ആരുമില്ല.

കഴുത്തിന്നു മുകളിൽ മാത്രമാണു എല്ലാ ഇരകൾക്കു പ്രഹരമേറ്റിരിയ്ക്കുന്നത്. ഘനമുള്ള ആയുധംകൊണ്ടാണു പ്രഹരം. മിക്ക കേസുകളിലും ആദ്യ പ്രഹരത്തിൽ തന്നെ ഇര നിശ്ചേഷ്ടമായി കഴിഞ്ഞിരിയ്ക്കും. കൊല നടന്ന സ്ഥലമെല്ലാം രക്ഷക്കളമായിരുന്നു. യാതൊരു പരിചയമോ പ്രതികാരമോ ഇല്ലാതെ ഇത്ര ക്രൂരമായ പ്രവർത്തി ചെയ്യുന്ന ആൾ തീർച്ചയായും സാധാരണക്കാരനായ ഒരാളായിരിയ്ക്കില്ല എന്നു പൊലീസ് ഉറപ്പിച്ചു.

ഇതിനിടെ ജനങ്ങൾക്കിടയിൽ ചില കിംവദന്തികൾ പടർന്നു. മനുഷ്യനല്ല ഈ കൊലകൾ ചെയ്യുന്നത്, മറിച്ച് ഏതോ ദുഷ്ട ശക്തിയാണത്രേ. പൂച്ചയായും കാക്കയായും മൂങ്ങയായുമൊക്കെ രൂപം മാറാൻ കഴിവുള്ള ശക്തിയാണത്രേ. ചിലസമയത്ത് അത് മനുഷ്യരൂപത്തിൽ നടക്കും. ചിലപ്പോൾ സന്യാസി രൂപത്തിൽ.. ഇഷ്ടമുള്ള ഏതു രൂപവും സ്വീകരിയ്ക്കാൻ അതിനു കഴിയുമത്രേ.

ഒരു ദിവസം പഴയൊരു കുടിലിലേയ്ക്കു ഒരു മനുഷ്യൻ കയറിപ്പോയി. അല്പം കഴിഞ്ഞ് അവിടെ നിന്നു ഒരു പട്ടിയാണു ഇറങ്ങിപ്പോയതത്രേ..! ജനം ആകെ ഭീതിയിലായി. സ്വന്തമായി കിടപ്പാടമില്ലാത്ത പാവങ്ങൾ അധികൃതരോട് ജീവഭയമില്ലാതെ കിടക്കാൻ സൌകര്യം ആവശ്യപ്പെട്ടു. രാത്രിയിൽ ഊഴമിട്ട് കാവലിരുന്നാണു അവർ നേരം വെളുപ്പിച്ചത്.

ആഗസ്റ്റ്മാസം അക്ഷരാർത്ഥത്തിൽ മരണഭീതിയുടേതായിരുന്നു.. ഒരഴ്ചയിലെ ഏഴുദിവസവും ഓരോ കൊലകൾ നടക്കുന്ന അവസ്ഥ വരെയുണ്ടായി. ഇത്രയൊക്കെ ആയിട്ടും കൊലയാളിയുടേതായ യാതൊരു തെളിവും പൊലീസിനു ലഭിച്ചില്ല. പത്രങ്ങളും ജനപ്രതിനിധികളും പൊലീസിനെ അതികഠിനമായി വിമർശിച്ചു.

മലാഡിലുള്ള ദൻജീവാഡി തെരുവ്. അവിടെയുള്ള ഒരു കുടിലിലായിരുന്നു അന്നു മരണം കടന്നുവന്നത്. മാട്ടിൻ തോൽ പോളീഷ് ചെയ്യുന്ന ജോലിചെയ്യുന്ന ഒരു യുവതിയും അവളുടെ കുഞ്ഞുമായിരുന്നു അവിടെ കൊല്ലപ്പെട്ടത്. പതിവുപോലെ പൊലീസും ഫോറെൻസിക് സംഘവും അവിടെ എത്തി.

സാധാരണയിൽ നിന്നു വ്യത്യസ്ഥമായി സംഭവസ്ഥലത്ത് ഒരു കുടയും കൊലയാളി ഉപയോഗിച്ച കമ്പിപ്പാരയും ഒരു ഭിത്തിയിൽ ചാരിവെച്ച നിലയിൽ ഉണ്ടായിരുന്നു. പൊലീസ് അവ ആകെ പരിശോധിച്ചെങ്കിലും വിരലടയാളമൊന്നും കിട്ടിയില്ല. എന്നാൽ ഭിത്തിയിൽ നിന്നും താഴെ വീണ നിലയിൽ കണ്ട, ശിവഭഗവാന്റെ ഒരു ഫോട്ടോഫ്രെയിമിൽ നിന്നും അവർ കാത്തുകാത്തിരുന്ന ആ തെളിവ് കിട്ടി. ഇടതുകൈയിലെ നടുവിരലിന്റെ ഒരു ഫിംഗർ പ്രിന്റ്..!

മുംബൈ പൊലീസ് സകല ശക്തിയുമെടുത്ത് കൊലയാളിയെ വേട്ടയാടാനാരംഭിച്ചു. ഇതിനിടെ, അന്വേഷണ സ്ക്വാഡിലെ ഇൻസ്പെക്ടർ വി.വി വാകട്കർ പൊലീസ് ക്രൈം റിക്കാർഡിലെ പഴയ ചില ഫയലുകൾ പരതുകയായിരുന്നു. 1956 നും 65 നും ഇടയിൽ മുംബൈയുടെ കിഴക്കൻ പ്രാന്തങ്ങളിൽ 9 പേർ കൊല്ലപ്പെടുകയുണ്ടായിരുന്നു.

അവരെല്ലാം തന്നെ തലയിൽ ആയുധം കൊണ്ടുള്ള ശക്തമായ പ്രഹരമേറ്റാണു മരിച്ചിരുന്നത്. 10 പേർക്ക് തലയിൽ മാരകമായ പരുക്കേറ്റിരുന്നു.“ ഡക്റ്റ് ലൈൻ കേസുകൾ” എന്നു പൊലീസ് രേഖകളിൽ പരാമർശിച്ചിരുന്ന ഈ കേസുകളിൽ സംശയിയ്ക്കപ്പെട്ടു പിടിച്ചവരിൽ രാമൻ രാഘവൻ എന്നൊരാളുണ്ടായിരുന്നു.

തമിഴുനാട്ടിൽ നിന്നും കുറ്റിയേറിയ ഒരാളായിരുന്നു അയാൾ. അണ്ണൻ, തമ്പി, വേലുസാമി, സിന്ധി തലൈവ എന്നിങ്ങനെ പലപേരിൽ അയാൾ അറിയപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അയാളുടെ ഫിംഗർ പ്രിന്റുകൾ രേഖപ്പെടുത്തിയിരുന്നു. കേസ് കോടതിയിലെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ അയാളെ വെറുതെ വിടുകയാണുണ്ടായത്.

പൊലീസ് ഈ ഫിംഗർ പ്രിന്റ്, അവർക്കു പുതിയതായി ലഭിച്ച പ്രിന്റുമായി മാച്ച് ചെയ്തു നോക്കി. അത്ഭുതകരം, രണ്ടും ഒന്നു തന്നെ..! അയാളുടെ ഒരു ഫോട്ടൊയും ഫയലിൽ ഉണ്ടായിരുന്നു. ആളെ തിരിച്ചറിഞ്ഞെങ്കിലും കൃത്യമായ അഡ്രസ്സോ താമസമോ ഇല്ലാത്ത ഒരാളെ കണ്ടെത്തുക പ്രയാസകരം തന്നെയായിരുന്നു. പൊലീസ് തെരുവുകൾ തോറും അരിച്ചു പെറുക്കി. സംശയമുള്ളവരെയെല്ലാം കസ്റ്റഡിയിലെടുത്തു. പക്ഷേ അവരാരും രാമൻ രാഘവനായിരുന്നില്ല. പൊലീസ് കൊലയാളിയെപറ്റിയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തി.

ആഗസ്റ്റ് 24. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തത്തിലുള്ള പൊയ്സാർ പ്രദേശത്തുനിന്നും ഒരു സ്ത്രീയുടെ സന്ദേശം പൊലീസിനു ലഭിച്ചു. പൊലീസ് വെളിപ്പെടുത്തിയതിനോടു സാമ്യമുള്ള ഒരാളെ താൻ ഈ പ്രദേശത്തു കണ്ടു എന്നായിരുന്നു അത്. കാക്കി ട്രൌസർ ധരിച്ച അയാൾ താടിയും മുടിയും വളർത്തിയിരുന്നു. കക്ഷത്തിൽ ഒരു കുടയുമുണ്ടായിരുന്നു.

ആഗസ്റ്റ് 26. മലാഡിൽ തന്നെയുള്ള ചിഞ്ചിവ്ലി എന്ന പ്രദേശം. അവിടെ, കന്നുകാലികളെ പരിപാലിയ്ക്കുന്ന ലാൽ ചന്ദ് , ജഗ്ഗി യാദവ് എന്നീ രണ്ട് കൂലിപ്പണിക്കാർ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി. തെളിവുകളൊന്നും അവശേഷിച്ചിരുന്നില്ല.

എന്നാൽ അടുത്ത ഗലിയിൽ താമസിച്ചിരുന്ന 13 വയസ്സുകാരനായ ഒരു കുട്ടി പൊലീസിനോടു ഒരു കാര്യം പറഞ്ഞു. കഴിഞ്ഞ രാത്രിയിൽ, ഒരാൾ തൊഴുത്തിലേയ്ക്ക് വരുന്നതു കണ്ടു എന്നായിരുന്നു അത്. ഒരു ട്രൌസർ ധരിച്ചിരുന്ന, സന്യാസിയെപ്പോലെ താടിവെച്ചിരുന്ന ഒരാളായിരുന്നത്രേ അത്. അയാളുടെ കക്ഷത്തിൽ ഒരു കുട അടക്കിപ്പിടിച്ചിരുന്നു.

പൊലീസിനെ സംബന്ധിച്ച്, കൊലയാളിയെപ്പറ്റി ഒരു ദൃക്സാക്ഷി വിവരണം ക്രൈം സ്പോട്ടിൽ നിന്നു ലഭിയ്ക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്നാൽ ഇത് ജനങ്ങൾക്കിടയിൽ നേരത്തേ പരന്നിരുന്ന കിംവദന്തി കൂടുതൽ ഉറപ്പിയ്ക്കുകയാണുണ്ടായത്. അവർ സംഘമായി തെരുവുകളിൽ തിരച്ചിൽ നടത്താനാരംഭിച്ചു. താടി വെച്ച സന്യാസവേഷക്കാരെയും ഫക്കീർമാരെയും പിടികൂടി.

പലർക്കും അതികഠിനമായ മർദ്ദനമേറ്റു. സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്ന ആരെയും പിടികൂടുകയും മർദ്ദിയ്ക്കുകയും ചെയ്തു. അതോടൊപ്പം ഭീതി വർധിച്ച തെരുവുമക്കൾ നഗരത്തിലെ തെളിഞ്ഞ പ്രദേശങ്ങളിലേയ്ക്കു കൂട്ടമായി മാറിത്താമസിച്ചു. ഓരോ രാത്രിയും അവരെ സംബന്ധിച്ച് ഭീകര രാത്രികളായിരുന്നു. മരണം ആരെയാണു കൊത്തിയെടുക്കുന്നതെന്ന ഭീതിയിൽ ഉറങ്ങാത്ത രാത്രികൾ.

ഓഗസ്റ്റ് 27. മുംബൈയിലെ ബേണ്ടി ബസാർ. നല്ല തെളിഞ്ഞ കാലാവസ്ഥ. കാക്കി ട്രൌസർ ധരിച്ച ഒരാൾ നടന്നു പോകുകയായിരുന്നു. കക്ഷത്തിൽ ഒരു കുടയുണ്ടായിരുന്നു, അതു പക്ഷേ നനഞ്ഞിരുന്നു. റോഡിനപ്പുറം ജീപ്പിൽ ഇരിയ്ക്കുകയായിരുന്ന ഇൻസ്പെക്ടർ അലെക്സ് ഫിയാലോ യാദൃശ്ചികമായാണു അങ്ങോട്ട് നോക്കിയത്.

അവിടെയെങ്ങും മഴയില്ലാഞ്ഞിട്ടും നനഞ്ഞ കുട.. ചെളി പുരണ്ട കാക്കി ട്രൌസർ. താടി, മുടി. ഇൻസ്പെക്ടർ അങ്ങോട്ട് ചെന്നു. പൊലീസിനെ തൊട്ടു മുന്നിൽ കണ്ടിട്ടും അയാൾ ശ്രദ്ധിച്ചതേയില്ല. ഇൻസ്പെക്ടർ അയാളുടെ മുന്നിലെത്തി ആരാണെന്ന് അന്വേഷിച്ചു.
“രാമൻ രാഘവൻ”. ഒട്ടും കൂസാതെയുള്ള മറുപടി….!!!

രാമൻ രാഘവൻ എന്ന ഈ ക്രൈമിനെ ആസ്പദമാക്കി 2016ൽ ഇറങ്ങിയ സിനിമയുടെ പോസ്റ്റർ

——————
ഭാഗം 2

അയാളെ കസ്റ്റഡിയിലെടുത്തിട്ട്, സ്ഥലത്തെ പ്രധാനപ്പെട്ട രണ്ടു പൌരന്മാരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. ഒരു സെറ്റ് കണ്ണട, രണ്ടു ചീർപ്പുകൾ, രണ്ടു കത്രികൾ, സാമ്പ്രാണി സ്റ്റാൻഡ്, സോപ്പ്, അല്പം വെളുത്തുള്ളി, കുറച്ചു ചായപ്പൊടി, രണ്ടു കടലാസുകളിൽ വരച്ച എന്തോ ചില ജ്യാമിതീയ രൂപങ്ങൾ ഇത്രയുമാണു കണ്ടെടുത്തത്. അയാൾ ധരിച്ചിരുന്ന ട്രൌസറിൽ ചോരപ്പാടുകൾ കാണപ്പെട്ടു. കാലിൽ കിടന്ന പഴകിയ ഷൂവിൽ ചെളിയുണ്ടായിരുന്നു.

അയാളുടെ ഫിംഗർ പ്രിന്റുകൾ പരിശോധിച്ചതിൽ നിന്നും പൊലീസ് തെരയുന്ന കൊലയാളിയായ രാമൻ രാഘവൻ തന്നെയാണെന്നു ബോധ്യമായി. ലാൽ ചന്ദിന്റെയും ജഗ്ഗി യാദവിന്റെയും കൊലപാതകക്കുറ്റത്തിനു അയാളെ അറസ്റ്റു ചെയ്തു.

സ്റ്റേഷനിലെത്തിച്ച അയാളെ പോലീസ് ചോദ്യം ചെയ്യാൻ ആരംഭിച്ചു. എന്നാൽ അയാൾ വായ് തുറക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് പൊലീസ് മർദ്ദനമുറകളിലേയ്ക്ക് കടന്നു. അടി, ഇടി, കെട്ടിത്തൂക്കൽ അങ്ങനെ ഭേദ്യം ചെയ്യൽ തുടർന്നു. പക്ഷേ അതൊന്നും രാമൻ രാഘവന്റെ അടുത്തു വിലപ്പോയില്ല. മർദ്ദിച്ചവർ തളർന്നതു മാത്രം മിച്ചം. ആഴ്ചകളോളം ഇതു തുടർന്നു. അടിയുടെ ഇടവേളകളിൽ ഒന്നിൽ അയാൾ പൊലീസ് ഉദ്യോഗസ്ഥരോട് ഒരു കാര്യം ആവശ്യപ്പെട്ടു.

“എനിയ്ക്ക് ഒരു കോഴിക്കറി വേണം.”

പൊലീസിന്റെ മർദ്ദനം കൂട്ടാനെ ഇതു സഹായിച്ചുള്ളു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. അങ്ങനെയാണു ഡിസിപി കുൽക്കർണിയ്ക്ക് ആ ഐഡിയ തോന്നിയത്. അദ്ദേഹം ഒരു ഫുൾ ചിക്കൻ കറി വരുത്തി. അതു ലോക്കപ്പിലേയ്ക്ക് നീക്കിവെച്ചു കൊടുത്തു. ആർത്തിയോടെ രാമൻ രാഘവൻ അതു അകത്താക്കി. ഭക്ഷണം കഴിഞ്ഞതോടെ അയാൾ ഡെ.കമ്മീഷണറെ കൈകാട്ടി വിളിച്ചു. എന്തൊക്കെയാണു അറിയേണ്ടെതെന്നു വെച്ചാൽ ചൊദിച്ചോളു എല്ലാത്തിനും മറുപടി തരാം..അയാൾ വാഗ്ദാനം ചെയ്തു.

അവിശ്വനീയതോടെ ഡി സി പി അയാളെ തുറിച്ചു നോക്കി. പിന്നീടുള്ള പൊലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും അയാൾ കൃത്യമായ മറുപടികൾ കൊടുത്തു.

ദിവസങ്ങളോളമുള്ള ആ ചോദ്യം ചെയ്യലിന്റെ ഇടവേളകളിൽ അയാളുടെ ഇത്തരം ആഗ്രഹങ്ങൾ പൊലീസ് നിറവേറ്റിക്കൊടുത്തു. മൊത്തം 41 കൊലപാതകങ്ങൾ അയാൾ ചെയ്തതായി സമ്മതിച്ചു. അവ എവിടെയൊക്കെ ആണെന്നും പറഞ്ഞുകൊടുത്തു. കൊലയ്ക്കു ശേഷം അവിടെ കിട്ടുന്ന ഭക്ഷണം കഴിയ്ക്കുക അയാളുടെ ഒരു ശീലമായിരുന്നു. സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ബലാത്സംഗം ചെയ്യും.

ഇതൊക്കെ എന്തിനു ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം, ഏതോ ഒരു അദൃശ്യ ശക്തി തന്നെക്കൊണ്ട് ചെയ്യിയ്ക്കുന്നതാണെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസ് അയാളെ കൊലപാതകം നടന്ന സ്ഥലങ്ങളിൽ കൊണ്ടു പോയി തെളിവെടുത്തു. താൻ ഉപയോഗിച്ച ആയുധങ്ങൾ അവർക്കു കാട്ടിക്കൊടുത്തു. ഒരു ലോറിയുടെ ഒടിഞ്ഞ ലീഫ് നന്നായി പരുവപ്പെടുത്തിയെടുത്തതായിരുന്നു ഒരു ആയുധം. മറ്റൊന്ന്, നിർമ്മാണ ജോലികൾക്ക് ഉപയോഗിയ്ക്കുന്ന ഇരുമ്പു പാര. അത് “L” ആകൃതിയിൽ പരുവപ്പെടുത്തിയിരുന്നു.

കുറ്റപത്രം തയ്യാറാക്കി കേസ് ചീഫ് മജിസ്റ്റ്രേറ്റ് കോടതിയിൽ സമർപ്പിച്ചു. അവിടെ നിന്നും മുംബൈ സെഷൻസ് കോടതിയിലേയ്ക്കു കമിറ്റ് ചെയ്തു. രാമൻ രാഘവനു അഭിഭാഷകൻ ഇല്ലാത്തതിനാൽ കോടതി തന്നെ ഒരാളെ ഏർപ്പാടാക്കി.

1969 ജൂൺ 2 നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചു. തന്റെ കക്ഷിയ്ക്ക് വിചാരണയെ നേരിടാനുള്ള മാനസികാരോഗ്യം ഇല്ലാ എന്നായിരുന്നു അത്. തന്നെയുമല്ല, അയാളിൽ ആരോപിയ്ക്കപ്പെട്ട കൊലകൾ ചെയ്യുമ്പോൾ അയാൾ മാനസികരോഗാവസ്ഥയിലായിരുന്നു എന്നും കുറ്റത്തെക്കുറിച്ചോ നിയമത്തെക്കുറിച്ചോ യാതൊരു തിരിച്ചറിവും ഇല്ലാത്ത സ്ഥിതിയിലായിരുന്നു എന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇക്കാര്യം പരിശോധിയ്ക്കുവാനായി കോടതി, പൊലീസ് സർജനോട് നിർദേശിച്ചു. ജയിലിലുള്ള രാമൻ രാഘവനെ ഒരു മാസത്തോളം നിരീക്ഷിച്ച ശേഷം പൊലീസ് സർജൻ കോടതിയ്ക്ക് റിപ്പോർട്ട് നൽകി. “രാമൻ രാഘവനു യാതൊരു മാനസികാരോഗ്യപ്രശ്നങ്ങളും ഇല്ലാ എന്നും അയാൾ പൂർണമായും ആരോഗ്യവനാണ്” എന്നുമായിരുന്നു റിപ്പോർട്ടിൽ.

ഇതേ തുടർന്ന് വിചാരണ ആരംഭിച്ചു. പ്രതിയെ നിരീക്ഷിയ്ക്കാനായി, മുംബൈ നായർ ഹോസ്പിറ്റലിലെ ഒരു സൈക്യാട്രിസ്റ്റിനെ കോടതി നിയോഗിച്ചു. അയാൾ രാമൻ രാഘവനെ ജയിലിൽ പോയി കണ്ട് സംഭാഷണം നടത്തി. തുടർന്ന് കോടതിയ്ക്ക് ഒരു റിപ്പോർട്ട് നൽകി. അതിൽ പറഞ്ഞത്, രാമൻ രാഘവൻ “ക്രോണിക് പരനോയിഡ് സ്കിസോഫ്രീനിയ” എന്ന ഭ്രാന്താവസ്ഥയിലാണു എന്നാണ്.

തുടർന്ന് ഒരു മെഡിക്കൽ ബോർഡ് രൂപീകരിയ്ക്കുകയും അവർ അഞ്ചു വ്യത്യസ്ഥ സാഹചര്യങ്ങളിൽ അയാളുടെ പ്രതികരണങ്ങൾ പഠിയ്ക്കുകയും ചെയ്തു. തുടർന്ന് അവർ ഒരു റിപ്പോർട്ട് നൽകി. അതിൽ പറഞ്ഞ ചില വിവരങ്ങൾ:

“രാമൻ രാഘവന്റെ ബാല്യകാലത്തെ പറ്റി കാര്യമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. യാതൊരു വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല. ചെറുപ്രായത്തിൽ മോഷ്ടിയ്ക്കുന്ന ശീലം ഉണ്ടായിരുന്നു. ആരോടും അടുത്തിടപഴകാറില്ല. മുംബയിലെത്തിയ ആദ്യ കാലത്ത് പ്രാന്തപ്രദേശങ്ങളിലെ കാട്ടിലും കുറ്റിക്കാട്ടിലുമാണു അയാൾ ജീവിച്ചത്.

മെഡിക്കൽ ടെസ്റ്റുകളിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. അതുകൊണ്ടു തന്നെ ശാരീരിക അവസ്ഥകളല്ല മാനസികരോഗത്തിനു കാരണം.

രാമൻ രാഘവൻ എന്ന ഈ ക്രൈമിനെ ആസ്പദമാക്കി 2016ൽ ഇറങ്ങിയ സിനിമയുടെ ട്രൈലർ

————————————————————————————-

അഞ്ചു വ്യസ്ത്യസ്ത സാഹചര്യങ്ങളിൽ നടത്തിയ സംഭാഷണങ്ങളിൽ നിന്നും രാമൻ രാഘവന്റെ ചിന്തകളെയും സങ്കല്പങ്ങളെയും പറ്റി ചില സൂചനകൾ ലഭിച്ചു. അതിങ്ങനെയാണ്:
രണ്ടു വ്യത്യസ്ത ലോകങ്ങളുണ്ട്. കാനൂൺ-ന്റെ ലോകവും ഇപ്പോൾ ജീവിയ്ക്കുന്ന ലോകവും. കാനൂൺ ലോകത്തു നിന്നുള്ള ആജ്ഞകളനുസരിച്ചാണു താൻ പ്രവർത്തിയ്ക്കുന്നത്.

സ്ത്രീകൾ പാപികളാണ്. വിശ്വസിയ്ക്കാൻ കൊള്ളാത്തവരാണ്. താൻ വിവാഹം ചെയ്യാനിരുന്ന സ്ത്രീ മറ്റൊരാളോടൊപ്പം ഓടിപ്പോയതോടെയാണു അങ്ങനെ വിശ്വസിയ്ക്കാനാരംഭിച്ചത്. അതുകൊണ്ടാണു താൻ സ്ത്രീകളെ കൊല്ലുന്നത്. കൊന്ന ശേഷം അവരെ ബലാത്സംഗം ചെയ്താൽ തന്റെ പുരുഷഭാവം നശിയ്ക്കാതെ ഇരിയ്ക്കുമത്രേ.

ലോകത്തുള്ള മറ്റു ആണുങ്ങളെയും വിശ്വസിയ്ക്കാൻ കൊള്ളാത്തവരാണു. അവർ തന്റെ പുരുഷത്വം നശിപ്പിച്ച് സ്ത്രീയോ ഹിജഡയോ ആക്കിമാറ്റാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്നാൻ തനിയ്ക്ക് കാനൂൺ ലോകത്തിന്റെ ശക്തി ഉള്ളതിനാൽ അവർക്കു വിജയിയ്ക്കാനാവില്ല.

രാജ്യത്ത് മൂന്നു ഗവണ്മെന്റുകളുണ്ട്. അക്ബറിന്റെ സർക്കാർ, ബ്രിട്ടീഷുകാരുടെ സർക്കാർ, കോൺഗ്രസ് സർക്കാർ. ഈ മൂന്നു സർക്കാരുകളും തന്നെ ശിക്ഷിയ്ക്കാൻ ശ്രമിയ്ക്കുകയാണ്.!

ഇത്തരം വിചിത്ര ആശയങ്ങളുണ്ടായിരുന്നെങ്കിലും ജയിലിലെ അയാളുടെ പെരുമാറ്റം തികച്ചും ഉറച്ച മനസ്സുള്ള ഒരാളെ പോലെ തന്നെയായിരുന്നു. ആരും തന്റെ മുന്നിൽ കാൽ മടക്കിവെച്ച് ഇരിയ്ക്കുന്നത് അയാൾക്കു ഇഷ്ടമായില്ല. തന്റെ ആവശ്യങ്ങൾക്കായി രണ്ടു വേശ്യകളെ ഏർപ്പെടുത്തിത്തരണമെന്ന് അയാൾ ആവശ്യപ്പെട്ടു. ജയിലിൽ വെച്ച് അയാളുടെ നീണ്ട താടിയും മുടിയും മുറിച്ചു. കഠിനമായ പ്രതിഷേധങ്ങൾക്കിടെ ബലമായാണു അതു ചെയ്തത്. തന്നെ സ്ത്രീയാക്കുവാനുള്ള ശ്രമമാണിതെന്നാണു അയാൾ പറഞ്ഞത്.

1969 ആഗസ്റ്റ് 13 രാമൻ രാഘവനെ തൂക്കിക്കൊല്ലാൻ സെഷൻ കോടതി വിധിച്ചു. എന്നാൽ 1987 ൽ മുംബൈ ഹൈക്കോടതി ഈ വിധി ജീവപര്യന്തമായി ഇളവു ചെയ്തു. പൂനയിലെ യെർവാദാ സെൻട്രൽ ജയിലിലാണു അയാളെ പാർപ്പിച്ചത്. 1995 ൽ വൃക്ക രോഗം മൂലം രാമൻ രാഘവൻ മരിച്ചു.
(അവസാനിച്ചു

( റെഫറൻസുകൾ : ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, വിക്കി പീഡിയ)

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!