മൈദയുടെ ചരിത്രം ‘സിന്പിളും പക്ഷേ പവർഫുളു’മായ കാര്യം
മൈദയുടെ ചരിത്രം…
മൈദയെയും മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ടയെയും എല്ലാവരും വിമർശിക്കുന്നത് കാണാം. പാവം മൈദക്കും പൊറോട്ടക്കും വേണ്ടി വാദിക്കാൻ ഇവിടെ ആരുമില്ല. എല്ലാ ദിവസവും ഒരു നേരത്ത് മാത്രം 6 പൊറോട്ട തിന്നുന്നവനും പൊറോട്ടക്കെതിരെ ‘കെട്ടി ചമച്ച’ നുണ പ്രചാര വീഡിയോകൾ ഷെയർ ചെയ്യും.
ശരിക്കും പൊറോട്ട അത്ര വലിയ അപകടകാരിയാണോ.? ഉറപ്പായും അല്ല എന്നാൺ എന്റെ അഭിപ്രായം.
പൊറോട്ട ഇഷ്ടപ്പെടാത്ത ചില ‘വൈദ്യർമാരും’ മറ്റും വെറും ഒരു ‘ഹൈപ്പി’ന്ന് വേണ്ടി ന്യായീകരണമില്ലാത്ത ചില കുറ്റങ്ങൾ പാവം പൊറോട്ടയുടെ മേൽ അടിച്ചേൽപ്പിക്കുകയാൺ.
ചപ്പാത്തി ഉണ്ടാക്കുന്ന ആട്ടയും പൊറോട്ടയുണ്ടാക്കാൻ ഉപയോഗിക്കുന്ന മൈദയും ഉണ്ടാക്കുന്നത് ഗോതന്പിൽ നിന്നാണല്ലോ. അവിടെ നിന്ന് തുടങ്ങുന്നു അവരുടെ കുറ്റാരോപണങ്ങൾ. ആട്ടയും റവയും എടുത്ത ശേഷമുള്ള ചണ്ടിയായാൺ അവർ മൈദയെ ചിത്രീകരിക്കാർ. ക്രൂഡ് ഓയിൽ നിന്നാൺ ഫ്ലൈറ്റ് ഫ്യൂവലും പെട്രോളും ഡീസലും മണ്ണെണ്ണയും ഉണ്ടാക്കുന്ന പ്രക്രിയ പോലെ ആട്ട യെ ഫ്ലൈറ്റ് ഫ്യൂവലുമായും സൂചി (റവ) യെ പെട്രോളുമായും സാമ്യപ്പെടുത്തി പാവം മൈദയെ മണ്ണെണ്ണയുടെ വില പോലും ഇവർ നൽകുന്നില്ല.
കാര്യം അങ്ങനെയല്ല, ഗോതന്പ് പലതരം പൊടിയായി ഉപയോഗിക്കുന്നതിന്ന് പകരം, പോഷകഗുണത്തിന്ന് കൂടുതൽ നല്ലത് ഗോതന്പ് കഞ്ഞി കഴിക്കുന്നതാണല്ലോ. പക്ഷേ, ക്രൂഡ് ഓയിൽ നമ്മൾക്ക് അങ്ങനെ തനിയെ, റിഫൈൻ ചെയ്യാതെ ഉപയോഗിക്കാൻ പറ്റില്ല. പറഞ്ഞ് വരുന്നത് ഗോതന്പ് മൊത്തം പോഷക സന്പന്നമാവുന്പോൾ മൈദ എങ്ങനെ മോശമാവും?
അടുത്ത ആരോപണം മൈദയുടെ വെള്ള നിറത്തെ പറ്റി. ഒരു ഗോതന്പ് മണി കയ്യിലെടുത്ത് പകുതിയായി മുറിച്ച് നോക്കിയാൽ തന്നെ ഈ ആരോപണം വെറുതെയാണെന്ന് കാണാം. ഗോതന്പിന്റെ അക കാന്പിന്റെ നിറം തൂവെള്ളയാൺ. കൂടാതെ, കിലോക്ക് 2 ദിർഹം മാത്രമുള്ള മൈദയെ അവർ പറയും പോലെ കെമിക്കൽ ഉപയോഗിച്ച് വെള്ള പെയിന്റടിക്കാനൊക്കെ ചിലവില്ലേ.
ഈ ഞാൻ പറയുന്നതൊക്കെ വിശ്വസിക്കാൻ പ്രയാസമാണെങ്കിൽ നിങ്ങളുടെ ബുദ്ധിയിൽ മനസ്സിലാവുന്ന ‘സിന്പിളും പക്ഷേ പവർഫുളു’മായ വേറൊരു കാര്യം പറയാം. ആട്ടയുടെ ബ്രൗൺ നിറം ഇഷ്ടപ്പെടുന്ന നമ്മൾ മൈദക്ക് അതേ നിറമായിരുന്നെങ്കിൽ ഇഷ്ടപ്പെടില്ലേ? പിന്നെ എന്തിന്ന് അവർ ആരോപിക്കുന്നത് പോലെ, കാശ് ചിലവാക്കി ‘വെള്ള വിഷമായ’ കളർ നൽകണം?
അടുത്ത ആരോപണം മൈദ ഉപയോഗിക്കുന്നത് പൊറോട്ട ഉണ്ടാക്കാനും സിനിമാ പോസ്റ്ററും ഒട്ടിക്കാനും മാത്രമാണെന്ന്. ലോകത്ത് ഇന്ത്യയിൽ മാത്രമാൺ മൈദ നിരോധിക്കാൻ ബാക്കിയുള്ളതെന്നും അവർ തട്ടി വിടും. സിനിമയും സിനിമാ പോസ്റ്ററും നോക്കി നടക്കുന്ന ‘വൈച്ച്യർ’ ലോകം കണ്ടിട്ടില്ലായെന്നേ എനിക്ക് പറയാനുള്ളൂ.
ഇന്ന് ലോകത്ത് ആട്ടയെന്ന ഫ്ലോർ നന്പർ 1 (Flour No.1) നെക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് Flour No. 2 എന്ന മൈദയാൺ. കേക്കും ബിസ്കറ്റും പിസ്സയും റുമാലി റൊട്ടിയും ഉണ്ടാക്കുന്നത് തന്നെ മൈദ കൊണ്ടാൺ. ഗൾഫിലെ പൊറോട്ട വിരോധികൾ സ്നേഹത്തോടെ കഴിക്കുന്ന പാക്കിസ്ഥാനി റൊട്ടി ഉണ്ടാക്കാനും ഇപ്പോൾ ആട്ടയക്ക് ആനുപാതികമായി അത്ര തന്നെ മൈദയും ഉപയോഗിക്കുന്നു എന്നും ഇവർ അറിയുന്നില്ല.
പിന്നെ ഒരു കണ്ടുപിടിത്തമായി അവർ പറയുന്നത്, പൊറോട്ട ഉണ്ടാക്കുന്നത് വളരെ ശോചനീയമായ ചുറ്റുപ്പാടിലെന്ന്. കേരളത്തിൽ പൊറോട്ട മാത്രമാണോ വൃത്തിയില്ലാതെ ചുറ്റുപ്പാടിൽ ചുട്ടെടുക്കുന്നത്. വീഡിയോയിൽ കാണിച്ചിരിക്കുന്ന ഹോട്ടലിൽ നിന്ന് പൊറോട്ട മാത്രമല്ല എന്ത് ഉണ്ടാക്കുന്നതും അതേ രീതിയിലായിരിക്കും. ഹോട്ടൽ വൃത്തിയില്ലാത്തത് കൊണ്ട് പൊറോട്ടയെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം? നല്ല സ്റ്റേണ്ടേർഡ് ഹോട്ടലിൽ നിന്ന് കഴിച്ചാൽ ഏത് ഭക്ഷണത്തിലും വിയർപ്പും തോർത്ത് മുണ്ടും ഉണ്ടാവില്ല.
രുചികരമായ പപ്പടം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാത്തവർ അത് അറിയാൻ ശ്രമിക്കുക എന്നേ ഇതിലും എനിക്ക് പറയാനുള്ളൂ.
ഇത്രയൊക്കെ പോരെ, പൊറോട്ടയെ വെറുക്കാതിരിക്കാൻ…? ഇനിയെങ്കിലും ടി.വി. ചാനലിൽ പ്രേക്ഷകരെ കൂട്ടാനുള്ള കള്ള പ്രചരണത്തിൽ ഡുപ്ലിക്കേറ്റ് വൈദ്യർമാരുടെ ജൽപനങ്ങൾക്ക് കാത് കൊടുക്കാതിരിക്കുക.