fbpx Press "Enter" to skip to content

അറബ് ലോകത്തിന്റെയും മലബാറിന്റെയും പുരോഗതിയിലേക്ക് നയിച്ച അത്ഭുത വാതില്‍

ജബല്‍ അദ്ദുഖാന്‍(പുകയുന്ന മലനിരകള്‍)

—————————-

അതാണ് അറബ് ലോകത്തിന്റെ അത്ഭുതങ്ങളിലേക്കുള്ള വാതില്‍. കഠിനജോലികളാല്‍ കരുവാളിച്ച മുഖമുള്ള മിസ്‌രി ജബല്‍ അദ്ദുഖാനിലേക്ക് കൈചൂണ്ടി. ജബല്‍ അദ്ദുഖാനെന്നാല്‍ പുകയുന്ന മലനിരകള്‍ എന്നര്‍ത്ഥം. കുന്നുകള്‍ക്കപ്പുറത്തെ ചെറിയ താഴ്‌വരയില്‍ അറബ് ലോകത്തിന്റെ അത്ഭുവാതിലുണ്ടായിരുന്നു. ഗള്‍ഫിലെ ആദ്യത്തെ എണ്ണക്കിണര്‍. ഗള്‍ഫിനെ ഇന്നിന്റെ സമ്പന്നതയിലേക്ക് നയിച്ച എണ്ണക്കൊഴുപ്പിന്റെ തുടക്കം. അത് അറബ് ലോകത്തിന്റെ മാത്രമല്ല, മലബാറിന്റെയും സാമ്പത്തിക ശാസ്ത്രം മാറ്റിയെഴുതി.

പൊടിക്കാറ്റു വീശുന്നൊരു ശൈത്യകാലത്ത് ബഹ്‌റയ്‌നിലെ ജബല്‍ അദ്ദുഖാനിലെത്തുമ്പോള്‍ മൂടിക്കെട്ടിയ ശൈത്യത്തിലും ദുരൂഹമായ കുന്നുകളും ഗുഹകളുമുള്ള സാഖിറിലെ ആകാശത്തിന് നീലനിറമായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന 440 അടി ഉയരത്തിലുള്ള ജബല്‍ അദ്ദുഖാനിലേക്കുള്ള യാത്രയില്‍ പലതവണ വഴിതെറ്റി. പൂമ്പാറ്റയെപ്പിടിക്കാനുള്ള വലയുമായി മരുഭൂമിയില്‍ എണ്ണതേടിയലഞ്ഞ മേജര്‍ ഫ്രാങ്ക് ഹോംസാണത്രെ 1927ല്‍ ബഹ്‌റയ്‌ന്റെ ഭൂരിക്കടിയിലെ അദ്ഭുത നിധിയെ ആദ്യം അറിയുന്നത്.

പാശ്ചാത്യരുടെ അറേബ്യയിലെ സാന്നിദ്ധ്യം ഭരണാധികാരികള്‍ സംശയത്തോടെ കണ്ടിരുന്നതിനാല്‍ പൂമ്പാറ്റഗവേഷണമെന്ന വ്യാജേനയായിരുന്നു ഹോംസ് അറേബ്യയില്‍ എണ്ണ കണ്ടെത്താനുളള ശ്രമം നടത്തിയിരുന്നത്. 1932ല്‍ ഡ്രില്ലിങ് തുടങ്ങി. 1,250 അടിയിലെത്തിയപ്പോള്‍ തന്നെ എണ്ണയുടെ ഗന്ധമടിച്ചു. 1930കളില്‍ യുറോപ്പ് രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിയിലേക്ക വീഴുമ്പോള്‍ അറബ് ലോകം എണ്ണ കണ്ടെത്തിയ ആവേശത്തിലായിരുന്നു.

ലോകത്തെ യൂറോപ്യന്‍മാര്‍ പങ്കിട്ടെടുത്ത അക്കാലത്ത് അറബ് ലോകത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എണ്ണ തുണച്ചു. അത് അറബ് ലോകത്തിന് ശക്തിയും ഉണര്‍വ്വും നല്‍കി.

****** *********

നിങ്ങളുടെ രാജ്യം ദരിദ്രമാണ്. എന്നാല്‍ അതിന്റെ മണ്ണിനടിയില്‍ അത്ഭുതനിധിയൊളിപ്പിച്ച് വച്ചിട്ടുണ്ട്. അതു കണ്ടെത്താന്‍ ഞാന്‍ നിങ്ങളെ സഹായിക്കട്ടെ. ചാള്‍സ് ആര്‍ ക്രാണെ ശെയ്ഖ് ഫൗസാന്‍ ആല്‍ സാബിഖിനോട് ചോദിച്ചു. അറബ് മേഖലയില്‍ ശുചിമുറി ഉപകരണങ്ങള്‍ വില്‍ക്കാന്‍ വന്ന അമേരിക്കന്‍ വ്യവസായി ക്രാണെ സൗദി രാജാവ് അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ ഈജിപ്തിലെ പ്രതിനിധി സാബിഖിനോടുന്നയിച്ച ഈ ചോദ്യത്തിന് അലാവുദ്ദീന്‍ കഥകളിലെ അത്ഭുതവിളക്കിന്റെ മാന്ത്രികശക്തിയുണ്ടെന്ന് ആരും കരുതിയിരുന്നില്ല.

മരുഭൂമിയും നൊമാഡുകളും വരണ്ടകുന്നുകളും പൊടിക്കാറ്റും മാത്രമുണ്ടായിരുന്ന അറേബ്യയിലെ മണല്‍ക്കുനകള്‍ക്കടിയില്‍ മറഞ്ഞുകിടക്കുന്ന മായാലോകം ഉയര്‍ത്തിയെടുക്കാനുള്ള അത്ഭുതമന്ത്രം ക്രാണെയ്ക്കറിയാമായിരുന്നു. ഒരു വ്യാഴവട്ടം കാത്തു നിന്നില്ല, അറബ് ലോകത്തെ തെളിഞ്ഞ ആകാശത്തിന് താഴെ മായക്കൊട്ടാരങ്ങളുയര്‍ന്നു. പ്രാപ്പിടിയനുമായി ലോകത്തിനു മുഖം കൊടുക്കാതെ മരുഭൂമി ചുറ്റിയിരുന്ന അറബികള്‍ ലോകത്തിനു മുന്നില്‍ നെഞ്ചുയര്‍ത്തി നിന്നു.

സാബിഖ് സമ്മാനമായി നല്‍കിയ രണ്ട് കുതിരകള്‍ക്കു പകരമായിരുന്നു ക്രാണെ സൗദിയില്‍ എണ്ണകണ്ടെത്താനുള്ള സൗജന്യ ജിയോളജിക്കല്‍ സര്‍വ്വേ നടത്താന്‍ സഹായിക്കാമെന്ന ഓഫര്‍ മുന്നോട്ടുവയ്ക്കുന്നത്. സാബിഖിന്റെ മജ്‌ലിസില്‍ കുതിരകളെ വാങ്ങാന്‍ ചെന്നതായിരുന്നു ക്രാണെ. നിങ്ങള്‍ക്ക് ഏത് കുതിരയാണ് വേണ്ടത്. സാബിഖ് ചോദിച്ചു. കരുത്തുറ്റ രണ്ടു കുതിരകളെ ക്രാണെ തിരഞ്ഞെടുത്തു. ഇതെന്ത് വിലയാകും. ക്രാണെ ചോദിച്ചു. എടുത്തുകൊള്ളുക. അത് സമ്മാനമാണ്.

അറബ് ദാനശീലത്തെക്കുറിച്ച് ഏറെയൊന്നുമറിയാത്ത ക്രാണെ നിശ്ശബ്ദനായി നിന്നു. തുടര്‍ന്നായിരുന്നു ക്രാണെയുടെ ചോദ്യം. സാബിഖിന് മറുപടിയില്ലായിരുന്നു. കുറെക്കാലമായി സൗദി രാജാവ് അബ്ദുല്‍ അസീസ് ആല്‍ സുഊദ് അമേരിക്കക്കാരെ തന്റെ മണ്ണിലേക്ക് അടുപ്പിച്ചിരുന്നില്ല. താന്‍ റിയാദിലേക്ക് എഴുതാം. പ്രതീക്ഷയൊന്നുമില്ലായിരുന്നെങ്കിലും സാബിഖ് മറുപടി നല്‍കി. സാബിഖിനെ അമ്പരപ്പിക്കുന്നതായിരുന്നു അബ്ദുല്‍അസീസിന്റെ മറുപടി.

ക്രാണെയെ തന്റെ കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായിരുന്നു അത്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തിന് പണം കണ്ടെത്താന്‍ കഴിയാത്ത വിധം ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു അക്കാലത്ത് അബ്ദുല്‍ അസീസ് ആല്‍ സുഊദ്. ഇഖ്‌വാനുകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ഭീഷണി ഒരു വശത്ത്. 1929കളില്‍ ലോക സാമ്പത്തിക മാന്ദ്യം മൂലം സൗദിയുടെ പ്രധാനവരുമാനമാര്‍ഗമായിരുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി. 1920കളുടെ അവസാനം 130000 ആയിരുന്ന തീര്‍ത്ഥാടകരുടെ എണ്ണം 1930 ആയപ്പോഴെയ്ക്കും 40,000 ആയി കുറഞ്ഞു.

നജദില്‍ നിന്നുള്ള ഈത്തപ്പഴം കയറ്റുമതിയും കുറഞ്ഞതോടെ അബ്ദുല്‍ അസീസ് ദാരിദ്ര്യത്തിന്റെപിടിയിലായി. 3000 പൗണ്ട് മാത്രമായിരുന്നു അന്ന് ആഴ്ചയില്‍ സൗദിയുടെ വരുമാനം. ഗതി കെട്ട അബ്ദുല്‍ അസീസ് മുന്നു ലക്ഷം പൗണ്ട് കടം മേടിച്ചു. ഖത്തറിലെയും ഒമാനിലെയു ഭരണാധികാരികളോട് പണത്തിനായി യാചിച്ചു. എന്റെ കുഞ്ഞുങ്ങള്‍ പട്ടിണിയിലാണ്. ആരെങ്കിലും എനിക്ക് പണം തരുമോ. പരിചയക്കാരോടെല്ലാം അബ്ദുല്‍ അസീസ് യാചിക്കുന്ന അക്കാലത്ത് അറബ് ലോകത്തെ ഇട്ടുമൂടാന്‍ തക്ക സമ്പത്ത് സൗദി അറേബ്യയുടെ ഭൂമിക്കടിയില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

****** *********

1931 ഫെബ്രുവരി 25ന് ജിദ്ദയിലെത്തിയ ക്രാണെയെ അബ്ദുല്‍ അസീസ് അറബ് ഉപചാരങ്ങളോടെ സ്വീകരിച്ചു. അബ്ദുല്‍അസിസ് നേരിട്ട് കാണുന്ന ആദ്യഅമേരിക്കക്കാരനായിരുന്നു ക്രാണെ. ദീര്‍ഘവീക്ഷണമുള്ള നാണം കുണുങ്ങിയായ മനുഷ്യനായിരുന്നു അബ്ദുല്‍ അസീസെന്ന് ക്രാണെ പിന്നീട് തന്റെ ഡയറിയില്‍ എഴുതി. കാലിഫോര്‍ണിയയില്‍ നിന്ന് കൊണ്ടുവന്ന ഈന്തപ്പഴമായിരുന്നു അബ്ദുല്‍ അസീസിന് ക്രാണെയുടെ സമ്മാനം. ഈന്തപ്പഴങ്ങളുടെ സമൃദ്ധിയില്‍ക്കഴിയുന്ന അബ്ദുല്‍അസീസ് അതുകണ്ട് ചിരിച്ചുവത്രെ.

രണ്ടു നാള്‍ ക്രാണെ അബ്ദുല്‍ അസീസിന്റെ അതിഥിയായിരുന്നു. കൂടിക്കാഴ്ച കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷം സാബിഖിന് കയ്‌റോയുടെ ഓഫീസിലേക്ക് 20 എഞ്ചിനീയര്‍മാരുടെ ലിസ്റ്റ് ക്രാണെ എത്തിച്ചു നല്‍കി. അതില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു നിര്‍ദ്ദേശം. ഇംഗ്ലീഷറിയാത്ത സാബിഖ് ലിസ്റ്റ് തലതിരിച്ചു പിടിച്ചാണത്രെ വായിക്കാന്‍ ശ്രമിച്ചത്.

എന്നിട്ട് അതിനു നടുവിലുള്ള ഒരു പേരില്‍ വിരല്‍ തൊട്ടു. കാള്‍സ് എസ് ടിറ്റ്‌ഷെല്ലിന്റെ പേരായിരുന്നു അത്. അബ്‌സീനിയയിലും യമനിലും ക്രാണെയ്ക്കു വേണ്ടി സര്‍വ്വേ നടത്തിയ മിടുക്കനായ എഞ്ചിനീയറായിരുന്നു ടിറ്റ്‌ഷെല്‍. അതേ വര്‍ഷം തന്നെ ഏപ്രിലിലെത്തിയ ടിറ്റ്‌ഷെല്‍ സര്‍വ്വേ ആരംഭിച്ചു.

ശൈത്യകാലം മുഴുവന്‍ കിഴക്കന്‍ പ്രവിശ്യയിലലഞ്ഞ ടിറ്റ്‌ഷെല്ലിന് പക്ഷേ എണ്ണയൊന്നു കണ്ടെത്താനായില്ല. എന്നാല്‍ 1931 ഒക്ടോബര്‍ 16ന് ദമാമിലെ കടലതിര്‍ത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് ബഹ്‌റയ്‌നില്‍ ടിറ്റ്‌ഷെല്‍ അടങ്ങുന്ന സംഘം എണ്ണ കണ്ടെത്തി. ജബല്‍ അദ്ദുഖാന്‍ നമ്പര്‍ 1 എന്ന ഗള്‍ഫിലെ ആദ്യ എണ്ണക്കിണര്‍ രൂപം കൊണ്ടു. ബഹ്‌റയ്‌നിലെയും സൗദിയിലെയും ഭൂഘടന തമ്മില്‍ വ്യത്യാസമൊന്നുമില്ല.

ബഹ്‌റയ്‌നില്‍ എണ്ണയുണ്ടെങ്കില്‍ താങ്കളുടെ മണ്ണിലും അതുണ്ടാകും. തിരികെ റിയാദിലേക്ക് മടങ്ങുമ്പോള്‍ ടിറ്റ്‌ഷെല്‍ അബ്ദുല്‍ അസീസിനോട് പറഞ്ഞു. അബ്ദുല്‍ അസീസ് മേജര്‍ ഫ്രാങ്ക് ഹോംസിന്റെ സഹായം തേടി. ഹോംസും ഇക്കാര്യത്തില്‍ നിസ്സഹായനായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം 1935ലാണ് സൗദിയില്‍ എണ്ണ കണ്ടെത്തുന്നത്. 1938 മാര്‍ച്ച് നാലിന് സൗദിയുടെ ആദ്യ വാണിജ്യ എണ്ണക്കിണറായ ദമാം7 കണ്ടെത്തി.

മത്സ്യവും മുത്തുകളും മാത്രം വരുമാനമുണ്ടായിരുന്ന ബഹ്‌റയ്‌ന്റെ വിധി ജബല്‍ അദ്ദുഖാന്‍ മാറ്റിയെഴുതി. മണിക്കൂറില്‍ 400 ബാരലായിരുന്നു തുടക്കത്തില്‍ ജബല്‍ അദ്ദുഖാനില്‍ നിന്ന് ലഭിച്ചിരുന്ന എണ്ണ. മരം കൊണ്ടുണ്ടാക്കിയ വീപ്പകളില്‍ കഴുതപ്പുറത്തായിരുന്നു എണ്ണ സംസ്‌കരണത്തിനായി എത്തിച്ചിരുന്നത്. ആധുനികതയിലേക്കുള്ള ബഹ്‌റയ്‌ന്റെ പ്രയാണം തുടങ്ങുന്നത് ആദ്യ എണ്ണക്കിണറിന്റെ പിറവിക്ക് ശേഷമാണ്. സൗദി അറേബ്യയ്ക്കും മുമ്പ് ഗള്‍ഫ് മേഖലയില്‍ സമ്പന്നതയിലേക്കെത്തിയത് ബഹ്‌റയ്‌നായിരുന്നു.

കുതിരവണ്ടികളും യാനങ്ങളും മാത്രമുണ്ടായിരുന്ന ബഹ്‌റയ്‌നില്‍ തിളങ്ങുന്ന കെട്ടിടങ്ങളുയര്‍ന്നു. നഗരത്തിന്റെ പ്രവേശനകവാടവും വാണിജ്യകേന്ദ്രവുമായിരുന്ന ബാബ് അല്‍ ബഹ്‌റയ്ന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിന്റെ പ്രമാണിത്തത്തിന് വഴിമാറി. ഇരുണ്ട തെരുവുകളില്‍ മിന്നുന്ന വഴിവിളക്കുകള്‍ പ്രത്യക്ഷപ്പെട്ടു. മനാമയില്‍ നിന്ന് റിഫയിലേക്ക് യാത്രക്കാരുമായി മുടന്തിനീങ്ങിയിരുന്ന മരബസ്സുകളെ കാറുകള്‍ ഇല്ലാതാക്കി. ഒരിക്കല്‍ പ്രതാപത്തിന്റെ അടയാളമായിരുന്ന മുത്തുവ്യവസായം ശോഷിച്ചു. മത്സ്യബന്ധന മേഖല തമിഴ്‌നാട്ടില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള മീന്‍പിടിത്തക്കാരും കയ്യടക്കി.

എണ്ണക്കിണറുകള്‍ ചുറ്റപ്പെട്ട സാഖിര്‍ മരുഭൂമിയുടെ ആസുരതയില്‍ ബഹ്‌റയ്ന്‍ പെട്രോളിയം കമ്പനിയുടെ മ്യൂസിയത്തിനടുത്ത് ജബല്‍ അദ്ദുഖാന് രാജകീയ സ്ഥാനമുണ്ട്. മരുഭൂമിയുടെ പിടികിട്ടാത്ത വന്യതയെ കീഴടക്കിയ നൊമാഡുകളുടെ അതിജീവന ശേഷിയായിരിക്കണം അറബ് ലോകത്തിന്റെ സമൃദ്ധിയുടെ അടിസ്ഥാന ശില. അല്ലായിരുന്നെങ്കില്‍ അറേബ്യയിലെ മാന്ത്രികനിധി വരണ്ടകുന്നുകള്‍ക്കടിയില്‍ മൂടിക്കിടക്കുമായിരുന്നു. മടങ്ങാനുള്ള സമയമായെന്ന് കൂടെയുള്ളയാരോ പറഞ്ഞു. ജബല്‍ അദ്ദുഖാനു മേല്‍ രാത്രിയുടെ നിഴല്‍ വീണു തുടങ്ങിയിരുന്നു. പൊടിക്കാറ്റ് അപ്പോഴും അടങ്ങിയിരുന്നില്ല.

————————————————
ഓഫ് പോസ്റ്റ്:വിവരങ്ങള്‍ക്ക് റോബര്‍ട്ട ലാസിയുടെ ദ കിങ്ഡം: അറേബ്യ ആന്‍ഡ് ഹൗസ് ഓഫ് സുഊദ് എന്ന പുസ്തകത്തോട് കടപ്പാട്.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!