fbpx Press "Enter" to skip to content

വ്യാജരേഖ ചമച്ച്‌ അവധി ആനൂകൂല്യം:സെന്‍കുമാറിനെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി അവധി ആനൂകുല്യം നേടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ.ബൈജുവാണ് കേസ് അന്വേഷിക്കുക.

ചികിത്സയുടെ പേരില്‍ എട്ടു മാസം അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ട് ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്ന് സി.പി.എം. നേതാവ് എ.ജെ സുക്കാര്‍ണോ നല്‍കിയ പരാതിയിലാണ് കേസ്. പരാതിയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി: ബിജിമോന്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

സംസ്ഥാന പൊലീസ്മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടര്‍ന്ന 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്നപേരില്‍ അവധിയിലായിരുന്നു. ഇക്കാലയളില്‍ അര്‍ദ്ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയതു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അര്‍ദ്ധവേതന അവധി പരിവര്‍ത്തിത അവധിയായി (കമ്മ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സര്‍ക്കാരിനു കത്തു നല്‍കി.

ഗവ.ആയുര്‍വേദകോളജിലെഡോ.വി.കെ.അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈരേഖകള്‍ വ്യാജമാണെന്നായിരുന്നു പരാതി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചികിത്സയിലായിരുന്നെന്ന് സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഡോക്ടറെ കാണാനെത്തിയെന്ന് അവകാശപ്പെടുന്ന ചില ദിവസങ്ങളില്‍ സെന്‍കുമാര്‍ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലായിരുന്നെന്ന് മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ പരിശോധിച്ചതില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തി.

ചികിത്സയിലായിരുന്ന എട്ട് മാസം രണ്ടു മരുന്നുകള്‍ മാത്രമാണ് ആശുപത്രിയില്‍ നിന്ന് നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. അനര്‍ഹമായി അധികവേതനം തട്ടിയെടുക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റുകള്‍ സത്യമെന്ന വ്യാജേന സമര്‍പ്പിച്ചു സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു,

ഒ.പി ടിക്കറ്റിലെ തീയതികളും സെന്‍കുമാറിനെ പരിശോധിച്ച തീയതികളും ഒന്നല്ല. ആയുര്‍വേദ കോളജ് രജിസ്റ്ററില്‍ ഇവ രേഖപ്പെടുത്തിയില്ല. ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ചയാണ് നല്‍കിയത്, മൂന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 2017 എന്നതു 2016 എന്നു തിരുത്തി തുടങ്ങിയവയാണ് ആരോപണങ്ങള്‍.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തി, മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നീ ആരോപണങ്ങളില്‍ സെന്‍കുമാര്‍ നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്.

കടപ്പാട്

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!