fbpx Press "Enter" to skip to content

പെട്രോള്‍ വില 71 രൂപ കവിഞ്ഞിട്ടും എന്തേ പ്രതിഷേധമില്ല ?

മുമ്പൊക്കെ ഇന്ധന വില വര്‍ധനവുണ്ടാകുമ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ഹര്‍ത്താലിനുമൊക്കെ രാജ്യം സാക്ഷ്യം വഹിക്കാറുണ്ട്. വിലക്കയറ്റം രൂക്ഷമാക്കാനും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലേക്ക് തള്ളിവിടാനും ഇന്ധനവില വര്‍ധനവ് കാരണമാകും എന്നതു കൊണ്ട് തന്നെയാണ് ഈ പ്രതിഷേധങ്ങളൊക്കെ ഉയര്‍ന്നതും.

എന്നാല്‍ ഇപ്പോള്‍ ഇന്ധനവിലയിലെ മാറ്റം ഉപഭോക്താക്കളോ സര്‍ക്കാര്‍, രാഷ്ട്രീയ നേതൃത്വമോ ശ്രദ്ധിക്കുന്നില്ല. അതല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. ദിനംപ്രതി ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള സംവിധാനം ജൂണ്‍ 16 ന് തുടങ്ങിയതു മുതല്‍ പെട്രോള്‍, ഡീസല്‍ വിലയിലെ മാറ്റങ്ങള്‍ സ്ഥിരം പമ്പില്‍ കയറുന്നവര്‍ മാത്രമായിരിക്കും ശ്രദ്ധിക്കുന്നുണ്ടാകുക. ഇന്നലത്തെ നിരക്കില്‍ നിന്ന് ഇന്ന് പത്തോ ഇരുപതോ പൈസ മാറ്റം വന്നാല്‍ അതൊട്ട് അറിയാറുമുണ്ടാകില്ല.

എന്നാല്‍ ദിവസവും പൈസ കണക്കില്‍ നിരക്കിലുണ്ടാകുന്ന ഈ മാറ്റം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രൂപയിലേക്ക് മാറുകയാണ് ചെയ്യുക. നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ മുമ്പ് 70 രൂപയായിരുന്ന പെട്രോള്‍ വില 71 രൂപക്ക് മുകളിലെത്തിയെന്നും കാണാം. എന്നാല്‍ ഉപഭോക്താക്കള്‍ ലിറ്റര്‍ എന്നതിന് പകരം 100 രൂപക്കും 500 രൂപക്കും എന്ന രീതിയില്‍ പെട്രോള്‍ വാങ്ങാന്‍ തുടങ്ങിയതോടെ ഈ വില മാറ്റം അവര്‍ക്കിടയില്‍ അത്രക്കൊന്നും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുമുണ്ടാകില്ല. ഇതിന്റെ തെളിവാണ് പെട്രോള്‍ വില 71 രൂപക്ക് മുകളിലെത്തിയിട്ടും ഒരാളും പ്രതിഷേധിക്കാനോ പ്രതികരിക്കാനോ തയാറാകാത്തത്.

രണ്ടാഴ്ചക്കിടെ പെട്രോളിന് വര്‍ധിച്ചത് നാല് രൂപയിലധികമാണ്. അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുമ്പോഴും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവാണ് കാണുന്നത്.  ആഗസ്റ്റ് ഒന്നിന് ശേഷം പെട്രോള്‍ വില ലിറ്ററിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപയിലധികവും വര്‍ധിച്ചു. 2014 ജൂണിൽ ബാരലിന് 101 ഡോളർ ആയിരുന്ന അസംസ്കൃത എണ്ണക്ക് 51-52 ഡോളറാണ് ഇപ്പോഴത്തെ വില. അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവിലയുടെ മറവിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എണ്ണ കമ്പനികള്‍.

മാസത്തില്‍ രണ്ട് തവണ വില പുനര്‍നിര്‍ണയിച്ചിരുന്ന കാലത്ത് ക്രൂഡോയില്‍ വില ഇടയ്ക്ക് കൂടിയാലും 15 ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. അസംസ്‍കൃത എണ്ണയുടെ വിലയും രൂപ- ഡോളര്‍ വിനിമയ നിരക്കും കണക്കാക്കിയാണ് ഇന്ധന വില ഇപ്പോള്‍ നിശ്ചയിക്കുന്നത്.

ആഗസ്ത് ഒന്നിന് ക്രൂഡോയില്‍ വില 51.24 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 68.66 രൂപ. അസംസ്കൃത എണ്ണ വില വില ആഗസ്ത് ഏഴിന് 51.04 ഡോളറായി വീണ്ടും കുറഞ്ഞു. എന്നാല്‍ പെട്രോള്‍ വില 69.96 രൂപയായി ഉയരുകയാണ് ചെയ്തത്. ആഗസ്ത് 15ന് അസംസ്‍കൃത എണ്ണ വില 49.41 ഡോളറായി കുറഞ്ഞു. പക്ഷേ പെട്രോള്‍  70.92 രൂപയായി ഉയര്‍ന്നു. ഇന്നിപ്പോള്‍ 71.14 രൂപയാണ് പെട്രോള്‍ വില. രാജ്യാന്തര വിപണിയിലെ അസംസ്‍കൃത എണ്ണ വില കുറയുകയും രൂപ – ഡോളര്‍ വിനിമയ നിരക്ക് മെച്ചപ്പെടുകയും ചെയ്തിട്ടും ഇന്ധനവില മാത്രം ഉയര്‍ത്തുകയാണ് എണ്ണ കമ്പനികള്‍.

വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള നയ രൂപീകരണം യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ചപ്പോള്‍ പ്രതിഷേധിച്ച ബിജെപി ഭരണത്തിലേറിയതോടെ മുഴുവന്‍ സ്വാതന്ത്ര്യവും കമ്പനികള്‍ക്ക് നല്‍കിയാണ് നയം വ്യക്തമാക്കിയത്.

ലോക വിപണിയിൽ എണ്ണ വിലകുറഞ്ഞാലും വില കുറയ്ക്കാത്ത എണ്ണ കമ്പനികളുടെ നിലപാടിനെയാണെന്നു ഭയപ്പെടേണ്ടതെന്ന വിദഗ്ധരുടെ വിലയിരുത്തലുകള്‍ ശരിവെക്കുന്ന തരത്തിലാണ് നിലവിലെ പ്രവണത.

ദിനംപ്രതിയുള്ള വില മാറ്റം തുടങ്ങിയപ്പോള്‍ ആദ്യ ദിവസങ്ങള്‍ വില കുറച്ച് നല്‍കി കമ്പനികള്‍ ഉപഭോക്താക്കളെ പ്രതീപ്പെടുത്തിയ ശേഷമാണ് പിന്നീടങ്ങോട്ട് തുടര്‍ച്ചയായി പൈസാ കണക്കില്‍ വില വര്‍ധിപ്പിച്ചു കൊണ്ടുവരുന്നത്. ഇത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കാതിരിക്കുകയും ഇതില്‍ ഇടപെടേണ്ട സര്‍ക്കാര്‍, രാഷ്ട്രീയ സംവിധാനങ്ങള്‍ മൌനം പാലിക്കുകയും ചെയ്യുന്നത് ഇനിയും തുടര്‍ന്നാല്‍ ഇന്ധനവില സെഞ്ച്വറിയില്‍ എത്താന്‍ അധിക മാസങ്ങളൊന്നും കാത്തിരിക്കേണ്ടി വരില്ല.

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!