fbpx Press "Enter" to skip to content

കഞ്ച്യൂറിങ്ങ് എന്ന ഹിറ്റ് സിനിമ കണ്ട അനബെല്ലിന്‍റെ കഥ

കഞ്ച്യൂറിങ്ങ് എന്ന ഹിറ്റ് സിനിമ കണ്ടവരെല്ലാം തന്നെ അനബെല്ലിനെ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. കഞ്ച്യൂറിങ്ങിന് ശേഷം സ്വന്തം കഥ പറഞ്ഞുകൊണ്ട് അനബെല്‍ മറ്റൊരു സിനിമയായി പ്രേക്ഷകരുടെ മുന്നിലെത്തുകയും ചെയ്തു.

വാറന്‍ ഫാമിലിയുടെ സംരക്ഷണത്തില്‍ കഴിയുന്ന അനബെല്ലിനെ അതിന്‍റെ കഥയുമായി ബന്ധമില്ലാത്ത കഞ്ച്യൂറിങ്ങ് സിനിമയില്‍ കാണിച്ചപ്പോള്‍ തന്നെ ആദ്യം ചില സംശയങ്ങള്‍ ഉയര്‍ന്ന് വന്നതാണ്, പിന്നെ അങ്ങിനെ ഒരു പാവ യഥാര്‍ഥത്തില്‍ ഉണ്ടെന്ന് കേട്ടതോടെ ആ സംശയം ഒരു ചെറിയ ഭയത്തിലേക്ക് വഴിമാറി. ചിത്രത്തില്‍, കഥയുമായി ബന്ധമില്ലെങ്കിലും ആവശ്യത്തിന് ഭീതി തരുന്ന സീനുകള്‍ അനബെല്‍ നമുക്ക് സമ്മാനിക്കുന്നുണ്ടല്ലോ.

അങ്ങിനെ അനബെല്‍ ഒരു സംശയമായി ഇരിക്കുമ്പോഴാണ് അവളുടെ കഥ പറയുന്ന ചിത്രം ഇറങ്ങുന്നത്. പക്ഷെ അനബെല്ലിനെ കുറിച്ച് അറിഞ്ഞതും മനസിലാക്കിയതുമായ കഥകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആ ചിത്രം. യഥാര്‍തത്തില്‍ ആ ചിത്രത്തേക്കാള്‍ സത്യത്തോട് അടുത്ത് നില്‍ക്കുന്ന കഥ കഞ്ച്യൂറിങ്ങില്‍ തന്നെയാണ് കാണിക്കുന്നത്. കൂടാതെ അനബെല്‍ ഈ രണ്ട് ചിത്രങ്ങളിലും കാണിക്കുന്ന പോലെ യഥാര്‍ത്ഥത്തില്‍ ഒരു പോര്‍സിലീന്‍ പാവയല്ല. തുണിയില്‍ തീര്‍ത്ത, റാഗെഡി ആന്‍ എന്ന് വിളിക്കുന്ന കുട്ടികളുടെ പുസ്തകങ്ങളിലെ നായികാ കഥാപാത്രമാണ് ശരിക്കും അനബെല്‍.

അനബെല്ലിനെകുറിച്ച് വാറന്‍ ഫാമിലി പറയുന്നതല്ലാത്ത ഒരു കഥ മറ്റെവിടെയും തന്നെ കാണാന്‍ സാധിച്ചിട്ടില്ല.

1970ലാണ് കഥ നടക്കുന്നത്. ഡോണ എന്ന നര്‍സിംഗ് വിദ്യാര്‍ഥിനിക്ക് അവളുടെ അമ്മ ഒരു പിറന്നാള്‍ സമ്മാനം വാങ്ങാനായി ഒരു ഹോബി ഷോപ്പിലേക്ക് പോയിരിക്കുകയാണ്, അവിടെവച്ച് അവര്‍ ഒരു തുണിയില്‍ തീര്‍ത്ത പാവയെ കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ തന്‍റെ മകള്‍ക്ക് ആ പാവയെ ഇഷ്ടമാകും എന്നവര്‍ക്ക് മനസിലായി. അങ്ങിനെ ഒരു collectors item ആയ, ആ സെക്കണ്ട് ഹാന്‍ഡ് പാവ ഡോണയുടെ കയ്യിലെത്തി.

ഡോണ അപ്പോള്‍ താമസിച്ചിരുന്നത് ആന്‍ജി എന്ന നര്‍സിന്‍റെ കൂടെ ഒരു 2 ബെഡ്റൂം ഫ്ലാറ്റിലായിരുന്നു, മിക്കപ്പോഴും ആന്‍ജിയുടെ കാമുകനായ ലൂ അവിടെ കാണും. പാവയെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ തന്നെ ലൂ അതിനെ കണ്ട് മുഖം തിരിച്ചു. കണ്ടിട്ട് എന്തോ വശപ്പിശക് തോന്നുന്നു എന്നാണ് ലൂ അന്ന് പറഞ്ഞത്. ഡോണ അതിനെ തമാശയായി തള്ളി, കൂടാതെ തന്‍റെ പ്രിയപ്പെട്ട അമ്മയുടെ പിറന്നാള്‍ സമ്മാനമല്ലേ. അതിന് ശേഷം ഡോണ പലപ്പോഴും പാവയും പിടിച്ചാണ് സോഫയിലും മറ്റും ഇരിക്കാറ്, സ്ഥിരമായി പാവ വെക്കാന്‍ ഒരു സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. അപ്പോഴാണ്‌ ഡോണ ശ്രദ്ധിക്കുന്നത്, തന്‍റെ പാവയെ പലപ്പോഴും താന്‍ വച്ചിടത്തായിരിക്കില്ല വീണ്ടും കാണുന്നത്. ജോലിക്ക് പോകുമ്പോള്‍ ഷെല്‍ഫിലോ സോഫയിലോ വച്ചിട്ട് പോകുന്ന പാവ, തിരികെ എത്തുമ്പോള്‍ ബെഡ്റൂമിലോ കസേരയുടെ മുകളിലോ കാണും. അതിലെ രസകരമായ കാര്യമെന്തെന്നാല്‍ പലപ്പോഴും ഡോണയും ആന്‍ജിയും പാവയെ ഒരു ചെറിയ ആട്ട്കസേരയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴെല്ലാം തുണിയുടെ ‘തനിസ്വഭാവം’ കാട്ടി പാവ ചെരിയുകയോ വീഴുകയോ ആണ് പതിവ്. പക്ഷെ പലതവണ അവര്‍ ജോലി കഴിഞ്ഞ് എത്തുമ്പോള്‍ പാവയെ അതേ കസേരയില്‍ ഒരു കുഴപ്പവും കൂടാതെ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. ലൂ ആണ് അതൊക്കെ ചെയ്യുന്നതെന്ന് ആദ്യം അവര്‍ കരുതിയെങ്കിലും താനല്ല അതൊക്കെ ചെയ്തതെന്ന് ലൂ കട്ടായം പറഞ്ഞു. കൂടാതെ ലൂ സ്ഥലത്തില്ലാത്ത സമയത്തും ഇങ്ങിനെ പാവ പലയിടങ്ങളിലായി കാണപ്പെട്ടു. സംഭവം സ്ഥിരമായപ്പോള്‍ അവര്‍ പാവയെ വെക്കുന്ന സ്ഥലം കൃത്യമായ ഓര്‍ക്കാനും, പരസ്പരം അവസാനം എവിടെയാണ് കണ്ടതെന്ന് പറയാനും തുടങ്ങിയിരുന്നു.

പിന്നെയാണ് അടുത്ത പ്രശ്നം തുടങ്ങുന്നത്. വീട്ടില്‍ പലയിടത്തായി പാവയുടെ കൂടെ, തുണ്ട് കടലാസില്‍, പെന്‍സിലില്‍ എഴുതിയ സന്ദേശങ്ങള്‍ കാണപ്പെട്ട് തുടങ്ങി, ചിലപ്പോള്‍ പാവയില്ലാതെയും കാണും. “Save Me” അല്ലെങ്കില്‍ “Help Us” എന്നൊക്കെയായിരുന്നു ആ പേപ്പറുകളില്‍ കാണുക, അതും ആ വീട്ടിലൊന്നും ഇല്ലാത്ത തരം പേപ്പറില്‍. പണ്ട് ബേക്കറിയില്‍ നിന്നും ബട്ടറും മറ്റും വാങ്ങുമ്പോള്‍ പൊതിഞ്ഞ് കിട്ടിയിരുന്ന തരം പേപ്പറായിരുന്നു അത്, പിന്നീട് വാക്സ് പേപ്പര്‍ പോപ്പുലര്‍ ആയപ്പോള്‍ പലരും ഇത് ഉപയോഗിക്കാതായി.

പിന്നെ പാവയെ മുറിയടച്ച് കട്ടിലിന്മേല്‍ കിടക്കുന്നത് കാണാനും, പൂട്ടിയിട്ട് പോകുന്ന വാതിലുകളും മറ്റും തുറന്നു കിടക്കുന്നതായി കാണാനും തുടങ്ങി. അതോടെ അവര്‍ ഉറപ്പിച്ചു, വീട്ടിനകത്തെക്ക് ആരോ അതിക്രമിച്ച് കടന്ന് ചെയ്യുന്നതാണ് ഇത്. “Save Lou” എന്നെഴുതിയ പേപ്പറുകളും അവിടന്ന് കിട്ടിയതായി പറയപ്പെടുന്നുണ്ട്. എല്ലാറ്റിലും ഒരു കൊച്ചു കുട്ടിയുടെ കയ്യക്ഷരമായിരുന്നു കണ്ടത്.

ഡോണയ്ക്കും ആന്‍ജിക്കും ഒരുമിച്ച് രാത്രി ആശുപത്രിയില്‍ നില്‍ക്കേണ്ടി വരുന്ന ദിവസങ്ങളില്‍ ഒക്കെ ലൂ വീട്ടില്‍ തനിച്ചായിരിക്കും. ലൂ നാട്ടില്‍ ഇല്ലാത്ത സമയം ആന്‍ജി നൈറ്റ് ഷിഫ്റ്റ്‌ എടുക്കുകയാണെങ്കില്‍ ഡോണയും വീട്ടില്‍ തനിച്ചായിരിക്കും കിടക്കുക. ഡോണയ്ക്ക് രാത്രിയില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല, പക്ഷെ ആന്‍ജി ഒരിക്കല്‍ ആരോ രാത്രിയില്‍ കസേരയില്‍ ആടുന്ന പോലെ ഒരു ശബ്ദം കേട്ടതായി പറഞ്ഞിരുന്നു. അപ്പോഴേക്കും ആ പാവ വീട്ടില്‍ വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു, പ്രശ്നങ്ങള്‍ക്ക് കടുപ്പമേറാന്‍ തുടങ്ങിയതും അപ്പോഴാണ്‌.

ഒരിക്കല്‍ ആന്‍ജിയുടെ മുറിയില്‍ രാത്രിയില്‍ തനിച്ച് കിടക്കുകയായിരുന്നു ലൂ. പെട്ടെന്ന് എന്തോ ഒന്ന് കാലില്‍ തൊടുന്നപോലെ തോന്നി, തന്‍റെ പുതപ്പ് മാറ്റി നോക്കിയപ്പോള്‍ ലൂ കണ്ടത്, കാലില്‍ന്‍റെ മേലെ ഇരിക്കുന്ന പാവയെയാണ്. പേടിച്ച് വിറച്ചുപോയ ലൂ’വിന് ഒന്നും ചെയ്യാനോ ഒച്ച വെക്കാനോ സാധിച്ചില്ല. പതുക്കെ പാവ തന്‍റെ ദേഹത്തേക്ക് കയറി വരുന്നത് ലൂ അരണ്ട വെളിച്ചത്തില്‍ കണ്ട് കൊണ്ട് കിടന്നു, തന്‍റെ നെഞ്ചിന്മേല്‍ എത്തിയ പാവ രണ്ട് കൈകളും കൊണ്ട് കഴുത്തില്‍ അമര്‍ത്താന്‍ തുടങ്ങിയതോടെ ലൂ’വിന് ബോധം നഷ്ടപ്പെട്ടു.

അതൊരു സ്വപ്നമാണെന്ന് തന്നെ വിശ്വസിച്ചാണ് ലൂ രാവിലെ എഴുന്നേറ്റത്, പക്ഷെ കഴുത്തിന് ഉണ്ടായിരുന്ന വേദന ലൂവിന്‍റെ ചിന്തകളെ മാറ്റി. ‘ആരോ അല്ലെങ്കില്‍ എന്തോ കഴുത്തില്‍ രണ്ടു വശങ്ങളിലായി അമര്‍ത്തിയതിന്‍റെയായിരിക്കും വേദന’ എന്ന് നര്‍സായ ആന്‍ജിയും പറഞ്ഞതോടെ ലൂ ഉറപ്പിച്ചു, നടന്നത് സ്വപ്നമേയല്ല. പാവ വന്ന് കഴുത്തിന് പിടിച്ചു എന്ന് വിശ്വസിക്കാന്‍ ആന്‍ജിക്കും ഡോണയ്ക്കും കഴിഞ്ഞിരുന്നില്ല. എന്നാലോ, ലൂ പറഞ്ഞത് അവര്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞതുമില്ല.

ലൂ’വിന് പാവയോടുള്ള വെറുപ്പ് കൂടി. പലപ്പോഴും അതിനെ മുന്നില്‍കണ്ടാല്‍ എടുത്ത് മാറ്റാനും തുടങ്ങി. അങ്ങിനെയിരിക്കെയാണ്‌ ഒരു ദിവസം രാത്രി വീട്ടിലെത്തിയ ഡോണ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്, പാവയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു, നെഞ്ചിലും മൂന്നാല് രക്ത തുള്ളികള്‍. പേടിച്ച് അരണ്ട ഡോണ ചില പരിചയക്കാരുടെ സഹായം തേടി. അങ്ങിനെയാണ് ചിലര്‍ ഡോണയോട് സിയാന്‍സ് (Séance) എന്നൊരു പരിപാടിയെ പറ്റി പറഞ്ഞത്.

കുറച്ചുപേര്‍ ചുറ്റും കൂടിയിരുന്ന് ആത്മാക്കളെ വിളിച്ചു വരുത്തുന്ന ഒരു ചടങ്ങാണ് സിയാന്‍സ്. കൂടിയിരിക്കുന്നവരില്‍ ഒരാളായിരിക്കും മീഡിയം, അവരിലൂടെയായിരിക്കും ആത്മാവ് സംസാരിക്കുക. അപ്പോള്‍ ആ വ്യക്തിക്ക് ആത്മാവിന്‍റെ ശബ്ദമായിരിക്കും. സിയാന്‍സിന് പല രൂപങ്ങള്‍ ഉണ്ട്, ഓജോ ബോര്‍ഡും മറ്റും സിയാന്‍സില്‍ പെട്ടതാണ്, ബോര്‍ഡായിരിക്കും അവിടെ മീഡിയം. ആദ്യം പറഞ്ഞ സംഭവത്തില്‍, പ്രത്യേകം കഴിവുകളുള്ളവരെയാണ് ‘മീഡിയം’ ആക്കി ഇരുത്തുക.

സിയാന്‍സിന്‍റെ പേരില്‍ പ്രശസ്തരായ തട്ടിപ്പുകാരും ഒട്ടും കുറവല്ല. പക്ഷെ സംഭവം കേട്ട് ചിരിക്കാന്‍ വരട്ടെ. സാക്ഷാന്‍ എബ്രഹാം ലിങ്കണ്‍ വരെ സിയാന്‍സില്‍ കൂടിയിട്ടുണ്ട്, അതും വൈറ്റ് ഹൗസില്‍ വച്ച്, രണ്ടു തവണ. മരിച്ചു പോയ മകനോട്‌ സംസാരിക്കാന്‍ ഭാര്യയാണ് സിയാന്‍സ് ഏര്‍പ്പെടുത്തിയത് (വൈറ്റ് ഹൗസ് ഇത് സ്ഥിരീകരിക്കുന്നില്ല).

അങ്ങിനെ ഡോണ സിയാന്‍സിന് തയ്യാറായി. വൈകാതെ ഒരു പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ മീഡിയം സംസാരിച്ച് തുടങ്ങി, പേര് അനബെല്‍. ആ ഫ്ലാറ്റ് നിന്നിരുന്ന സ്ഥലം പണ്ടൊരു പാടാമോ, പറമ്പോ ആയിരുന്നു. അവിടെ കളിച്ചു വളര്‍ന്ന കുട്ടിയാണ് അനബെല്‍, അവിടെവച്ച് തന്നെ മരണമടയുകയും ചെയ്തു. തനിക്ക് ഈ പാവയെ ഇഷ്ടമായെന്നും, ഇതിനകത്ത് തന്നെ ഇരുന്നോട്ടെ എന്നും ചോദിച്ചപ്പോള്‍ ആദ്യം ഭയന്നെങ്കിലും, പിന്നെ ഒരു പെണ്‍കുട്ടിയല്ലേ എന്ന് കരുതി ഒന്നും ചിന്തിക്കാതെ ഡോണ സമ്മതിച്ചു. സിയാന്‍സ് അങ്ങിനെ അവിടെ പിരിഞ്ഞു, പ്രശ്നങ്ങള്‍ തീര്‍ന്നു എന്ന് ഡോണയും കരുതി. ലൂ പക്ഷെ ആ തീരുമാനത്തെ ശക്തമായി എതിര്‍ത്തു.

തൊട്ടടുത്ത ദിവസം: ആന്‍ജിയുടെ കൂടെ സംസാരിച്ച് ഇരിക്കുകയായിരുന്നു ലൂ, പെട്ടെന്നാണ് ഡോണയുടെ മുറിയില്‍ നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടത്. മുറിയിലേക്ക് കയറിച്ചെന്ന ലൂ നോക്കുമ്പോള്‍ സാധനങ്ങള്‍ എല്ലാം അതേപടി കിടക്കുന്നുണ്ട്, മുറിയുടെ മൂലയിലായി അനബെല്ലും.

തന്നെ നോക്കി കിടക്കുന്ന അനബെല്ലിന്‍റെ നേര്‍ക്ക് നടന്ന ലൂ പെട്ടെന്ന് ഒരു സത്യം ഞെട്ടലോടെ മനസിലാക്കി, തന്‍റെ പിന്നില്‍ ആരോ നില്‍ക്കുന്നുണ്ട്. അത് ആന്‍ജി അല്ലെന്ന് ലൂ’വിന് നൂറ് ശതമാനം ഉറപ്പാണ്. തിരിഞ്ഞു നോക്കിയപ്പോള്‍ ആരെയും കാണുന്നില്ല, വീണ്ടും തിരിഞ്ഞപ്പോള്‍ അനബെല്‍ അവിടെ തന്നെയുണ്ട്. പെട്ടെന്ന് എന്തോ ഒരു ശക്തി ലൂ’വിനെ കുനിച്ച് നിര്‍ത്തി, നെഞ്ചില്‍ അസഹ്യമായ വേദനയും അനുഭവപ്പെട്ടു.

കരച്ചില്‍ കേട്ട് ഓടിവന്ന ആന്‍ജി നോക്കുമ്പോള്‍ നിലത്ത് കിടന്ന് പുളയുന്ന ലൂ, നെഞ്ചില്‍ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് മാന്തിയ പാടുകളും. ഏഴോളം നഖങ്ങളുടെ പാടുകള്‍ കൃത്യമായി നെഞ്ചില്‍ ഉണ്ടായിരുന്നു. അത്ഭുദം എന്ന് പറയട്ടെ, രണ്ട് ദിവസം കൊണ്ട് മുറിവും പാടുകളും മാഞ്ഞു. ഈ സംഭവത്തോടെയാണ് അനബെല്‍ അവര്‍ വിചാരിച്ച ആളല്ല എന്ന് ഡോണയ്ക്ക് മനസിലായത്, സഹായം തേടി അവര്‍ ഒരു വൈദികനെ സമീപിച്ചപ്പോള്‍ അദ്ദേഹമാണ് വാറന്‍ ഫാമിലിയെ കുറിച്ച് അവരോട് പറയുന്നത്.

വാറന്‍ ഫാമിലിയുടെ പരിശോധനയില്‍ അവര്‍ പറഞ്ഞത്, സിയാന്‍സിലൂടെ വെളിപ്പെട്ട അനബെല്ലിന്‍റെ കഥ ശുദ്ധ കളവാണെന്നാണ്‌.

ആ പാവയില്‍ കുടിയിരിക്കുന്നത് ഒരു കുട്ടിയുടെയോ, മനുഷ്യന്‍റെയോ ആത്മാവ് അല്ലെന്നും. കയറിക്കൂടി ജീവിക്കാനായി ഒരു മനുഷ്യശരീരം തേടി നടക്കുന്ന ഒരു ഡീമനോ മറ്റോ ആണെന്നുമാണ് വാറന്‍ ഫാമിലിയുടെ കണ്ടെത്തല്‍. ആ വീട് ഒരു വൈദികനെ കൊണ്ട് വെഞ്ചരിപ്പിച്ച് അനബെല്ലിനെ അവര്‍ തങ്ങളുടെ വീട്ടിലേക്ക് മാറ്റി, ശേഷം ഒരു മ്യൂസിയം ഉണ്ടാക്കിയപ്പോള്‍ അങ്ങോട്ടും. പക്ഷെ അനബെല്‍ അവിടെയും അടങ്ങിയിരുന്നില്ല.

ആദ്യമായി അനബെല്ലിനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങും വഴി വണ്ടിയുടെ സ്റ്റിയറിങ്ങും ബ്രേക്കും താറുമാറായ കാര്യം എഡ് വാറന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ വീടിനകത്ത് സൂക്ഷിച്ചിരുന്ന സമയത്തും അനബെല്‍ ഇടയ്ക്കിടെ സ്ഥാനം മാറി ഇരിക്കാറുണ്ടായിരുന്നു, ഒടുവില്‍ അതിനായി മാത്രം അവര്‍ ഒരു സ്പെഷല്‍ കൂടും പണിത് മേലെ ഒരു കുരിശും വച്ചു. മാസത്തില്‍ ഒരിക്കല്‍ ഒരു അച്ഛന്‍ വന്ന് ആ മുറിയില്‍ പ്രാര്‍ഥനകളും മറ്റും നടത്തിയിരുന്നു.

വാറന്‍ ഫാമിലി പറയുന്നത് പ്രകാരം അനബെല്‍ കാരണം ഒരാള്‍ക്ക് മരണവും, മറ്റു ചിലര്‍ക്ക് അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ മ്യൂസിയത്തിലെത്തിയ ഒരു യുവാവ് അനബെല്ലിന്‍റെ മുന്നില്‍ വച്ച് വെല്ലുവിളിക്കുകയും, കൂടിന്‍റെ ഗ്ലാസില്‍ തട്ടി ലൂ’വിനോട് ചെയ്തപോലെ തന്നോടും ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ എഡ് വാറന്‍ അയാളെയും കാമുകിയെയും പിടിച്ച് പുറത്താക്കി.

മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം അയാളും കാമുകിയും സഞ്ചരിച്ചിരുന്ന വണ്ടി ഒരു മരത്തില്‍ ഇടിച്ച് അയാള്‍ മരിക്കുകയും, ഒരു വര്‍ഷത്തോളം കാമുകി ആശുപത്രിയില്‍ കിടക്കുകയും ചെയ്തു. അനബെല്‍ ആണ് ഇതിനു പിന്നെല്ലാണ് എഡ് പറയുന്നത്. സമാനമായ മറ്റു ചില സംഭവങ്ങളും എഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ട്.
എഡ് വാറനും, ലൊറൈന്‍ വാറനും പറയുന്ന അനബെല്ലിന്‍റെ കഥയാണല്ലോ എല്ലാവര്‍ക്കും അറിയുന്നത്. അതായത് ഇവരല്ലാതെ അനബെല്ലിന്‍റെ ഉടമസ്ഥയായ ഡോണയുടെ ഭാഗത്ത് നിന്ന് ആരും അധികം കേട്ടിട്ടില്ല. ഡോണ എന്ന യുവതിക്ക് ഒരു ചര്‍ച്ചാവിഷയമായി മാറാന്‍ താല്പര്യമില്ലാ എന്നാണ് അതിനെകുറിച്ച് ചോദിക്കുമ്പോള്‍ മറുപടിയായി വാറന്‍ ഫാമിലി പറയുന്നത്.

കൂടാതെ അനബെല്‍ ഹിഗ്ഗിന്‍സ് എന്ന പെണ്‍കുട്ടിയുടെ കഥ മേലെ പറഞ്ഞത് പോലാണ് അവര്‍ പലയിടത്തായി പറഞ്ഞതെങ്കിലും, ഒരിക്കല്‍ മ്യൂസിയത്തില്‍ വച്ച് നടന്ന ഒരു വീഡിയോ ടൂറിനിടെ എഡ് വാറന്‍ പറഞ്ഞത്, അനബെല്‍ ഹിഗ്ഗിന്‍സ് ആ കെട്ടിടത്തിന് മുന്നില്‍വച്ച് ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയാണെന്നാണ്‌. പിന്നീട് അദ്ദേഹം എപ്പോഴെങ്കിലും അത് തിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ധാരാളം വിമര്‍ശകര്‍ ഉണ്ടായിരുന്നെങ്കിലും, ഏകദേശം പതിനായിരത്തോളം കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അവരെ ചോദ്യം ചെയ്യാന്‍ അധികമാരും മുന്നിട്ട് വന്നിട്ടില്ലാ എന്നതാണ് ഒരു പ്രധാന സത്യം. പലപ്പോഴും പ്രേതബാധയുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന സ്ഥലങ്ങള്‍ പരിശോധിച്ച്, പല അന്ധവിശ്വാസങ്ങളും പൊളിച്ചെഴുതി ആളുകളുടെ സംശയവും ഭീതിയും അകറ്റിയിരുന്നവരായത് കൊണ്ട് പല പത്രങ്ങളും അവരെ ക്രോസ് ചെയ്യാറുമില്ല.

അനബെല്ലിന്‍റെ കഥ സത്യമാണോ കള്ളമാണോ എന്നൊന്നും അറിയില്ല, പക്ഷെ മണ്‍റോയിലുള്ള Ed and Lorraine Warren’s Occult Museum സന്ദര്‍ശിക്കുന്നവരെയും കാത്ത് ദുരൂഹതകള്‍ നിറച്ച ആ പാവ ഇന്നും അവിടെ വിശ്രമിക്കുന്നുണ്ട്, കൂട്ടിന് ലൊറൈനും.
Gautham bodhi – king of kochi blog

Copyright ©2018 Apps4net - All Rights Reserved
error: Content is protected !!