1885 ഒക്ടോബര്‍ 24ന് ‘ദിമിത്രി'(Dimitry)എന്ന പേരുള്ള ഒരു റഷ്യന്‍ കപ്പല്‍ ഇംഗ്ളണ്ടിലെ കടല്‍ത്തീരപട്ടണമായ വിറ്റ്ബേ (Whitby) യുടെ തീരത്തുള്ള നാര്‍വാ തുറമുഖത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയുണ്ടായി.

വിറ്റ്ബേ സന്ദര്‍ശനവേളയില്‍ അവിടെയുള്ള കോസ്റ്റ്ഗാര്‍ഡുമാരില്‍ നിന്നാണ് ‘ഡ്രാക്കുള’യുടെ സ്യഷ്ടാവായ ബ്രാം സ്റ്റോക്കര്‍ ഇതേക്കുറിച്ചറിഞ്ഞത്. പിന്നീട് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച സ്റ്റോക്കര്‍ അതിനെ അതേ പടി തന്‍റെ നോവലില്‍ ഉപയോഗിച്ചു.

ഇത് അല്‍പം വാര്‍ത്താപ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നതിനാല്‍ വിറ്റ്ബേയ്ക്ക് പുറത്തുള്ളവരും അതറിഞ്ഞിരുന്നു. അതുവഴി, ഡ്രാക്കുള യഥാര്‍ത്ഥത്തില്‍ ലണ്ടനിലെത്തിയിരുന്നോ എന്നുപോലും വായനക്കാരെക്കൊണ്ട് സംശയിപ്പിക്കാന്‍ ബ്രാം സ്റ്റോക്കര്‍ക്ക് കഴിഞ്ഞു.

ബള്‍ഗേറിയയിലെ വാര്‍നാ തുറമുഖത്തുനിന്നും വരുന്ന കപ്പലില്‍ ജീവിച്ചിരിക്കുന്നവരായി ആരുമില്ലായിരുന്നു. അതിന്‍റെ മുകള്‍ത്തട്ടില്‍നിന്ന് ഒരു കറുത്ത നായ കരയിലേക്ക് ചാടി ഓടിമറഞ്ഞു എന്ന പറയുന്നിടത്താണ് ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുളയെ പ്രതിഷ്ഠിക്കുന്നത്. ഈ സംഭവം ആര്‍ക്കും നിക്ഷേധിക്കാനാവാത്തതുപോലെ സംശയത്തിന്‍റെ ഒരു ചെറിയ മറയ്ക്കുപിന്നിലൂടെ ഡ്രാക്കുളയെ ലണ്ടനിലേക്ക് ഒളിച്ചുകടത്തുവാനും ബ്രാം സ്റ്റോക്കര്‍ക്ക് കഴിഞ്ഞു.

ഡെയ്ലി ടെലഗ്രാഫില്‍ വന്ന ഒരു വാര്‍ത്തയായാണ് ബ്രാം സ്റ്റോക്കര്‍ ഈ സംഭവത്തെ അവതരിപ്പിക്കുന്നത്. മിനാ മുറൈ എന്ന കഥാപാത്രം അത് വെട്ടിയെടുത്ത് തന്‍റെ ഓര്‍മ്മപ്പുസ്തകത്തില്‍ ഒട്ടിക്കുന്നതായാണ് ചിത്രീകരണം.

കപ്പലിന്‍റെ പേരില്‍ മാത്രമാണ് നോവലില്‍ മാറ്റം. ‘ദിമിത്രി’ എന്നത് ‘ഡിമീറ്റര്‍'(Demeter)എന്നാക്കി. (തന്‍റെ സുഹ്യത്തായ ആല്‍ഫ്രഡ് ടെന്നിസണ്‍ സമകാലീനമായി എഴുതിയ ഒരു കവിതാപുസ്തകത്തിന്‍റെ പേരായിരുന്നു Demeter and Other Poems.

1897-ലെ ആദ്യ പതിപ്പിനുശേഷം ഔട്ട് ഓഫ് പ്രിന്‍റ് ആകാത്ത പുസ്തകമാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. അതിന്‍റെ ആദ്യ എഡിഷന്‍ തന്നെ ഒരു ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.

അതുപോലെ ഹൊറര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് എന്നേയ്ക്കും പ്രിയങ്കരമായ കഥാപശ്ചാത്തലമാണ് ഡ്രാക്കുളയുടേത്.

എന്നാല്‍, 1993ല്‍ പുറത്തുവന്ന ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ‘ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള'(Bram Stoker’s Dracula)യാണ് കഥയോടും കഥാപാത്രത്തോടും ഒരു പോലെ നീതിപുലര്‍ത്തുന്നത്.

error: Content is protected !!